ഒമാൻ സുൽത്താനേറ്റിൽ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വ്യക്തികളെ ചൂഷണം ചെയ്യുന്ന സംഘടിത ഭിക്ഷാടന ശൃംഖലകൾ പ്രവർത്തിക്കുന്നതായി റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. തെരുവുകളിലും പൊതുയിടങ്ങളിലും യാചന നടത്തുന്ന പലരും ഇത്തരം മാഫിയാ സംഘങ്ങളുടെ നിയന്ത്രണത്തിലും ചൂഷണത്തിലുമാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
യാചനയിൽ ഏർപ്പെടുന്നവരെയോ അല്ലെങ്കിൽ സംശയാസ്പദമായ രീതിയിൽ ആളുകളെ ഇതിനായി ഉപയോഗിക്കുന്നവരെയോ കാണുകയാണെങ്കിൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് പൊലീസ് പൗരന്മാരോടും പ്രവാസികളായ താമസക്കാരോടും അഭ്യർത്ഥിച്ചു.
ഒമാൻ ശിക്ഷാനിയമ പ്രകാരം പള്ളികൾ, തെരുവുകൾ, പൊതു-സ്വകാര്യ സ്ഥലങ്ങൾ, കടകൾ എന്നിവ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവും 100 ഒമാനി റിയാൽ പിഴയുമാണ് ശിക്ഷ ലഭിക്കുക.
വീടുകളുടെ സമീപത്തും തെരുവുകളിലും പാവപ്പെട്ടവരെ മുന്നിൽ നിർത്തി പിന്നിൽ നിന്ന് പണം തട്ടുകയാണ് ഇത്തരം ഭിക്ഷാടനസംഘടനകളുടെ ലക്ഷ്യം. ഇത്തരം മാഫിയകളുടെ ചൂഷണത്തിന് ഇരയാകുന്നവരെ സംരക്ഷിക്കുന്നതിനുമാണ് അധികൃതർ കർശന നടപടികളുമായി മുന്നോട്ട് പോകുന്നത്. അനാവശ്യമായി ധനസഹായം നൽകി ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുതെന്നും പകരം അധികൃതരെ വിവരമറിയിക്കണമെന്നും ഒമാൻ പൊലീസ് ഓർമ്മിപ്പിച്ചു.
Content Highlights: Oman Police has warned residents and visitors against giving money to beggars and urged them to report suspected begging networks to the authorities.