സലാലയില്‍ മഴ കനക്കുന്നു; പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഖരീഫ് ഫെസ്റ്റിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ കടുത്ത ചൂടിൽ വെന്തുരുകുമ്പോൾ സലാലയിൽ തണുത്ത അന്തരീക്ഷമാണുള്ളത്

ഒമാനിലെ സലാലയിൽ ഖരീഫ് ഫെസ്റ്റ് ആസ്വദിക്കാൻ സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. ഖരീഫ് ഫെസ്റ്റിവൽ ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമായി നിരവധി പേരാണ് പ്രകൃതി ഭംഗി ആസ്വദിക്കാനും ഉത്സവ പരിപാടികളിൽ പങ്കെടുക്കാനുമായി സലാലയിലേക്ക് എത്തുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സന്ദർശകരുടെ തിരക്ക് വർധിച്ചതായാണ് റിപ്പോർട്ട്. ഒമാന് പുറമേ യുഎഇ, ബഹ്‌റൈൻ, ഖത്തർ തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ നിന്നും നൂറുകണക്കിന് സന്ദർശകരാണ് സലാലയിലേക്ക് ഒഴുകി എത്തുന്നത്. ഖരീഫിന്റെ ആദ്യ ദിനങ്ങളിൽ മഴ ശക്തമായിരുന്നില്ലെങ്കിലും ദിവസങ്ങൾ പിന്നിട്ടതോടെ മഴ കനക്കുകയും സലാലയാകെ ഹരിതാഭമാകുകയും ചെയ്തു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ കടുത്ത ചൂടിൽ വെന്തുരുകുമ്പോൾ സലാലയിൽ തണുത്ത അന്തരീക്ഷമാണുള്ളത്. ഇതാണ് മേഖലയിലുള്ളവരെ ഇങ്ങോട്ട് ആകർഷിക്കുന്നത്തിനുള്ള പ്രധാന കാരണമാകുന്നത്.

ഒമാനിലെ സ്വദേശി സ്‌കൂളുകൾ വേനൽ അവധിക്കായി അടച്ചതും തിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ വാരാന്ത്യ അവധിദിനങ്ങളിൽ ആണ് സലാലയിൽ എത്തുന്നത്. വിവിധ പ്രവാചകന്മാരുടെയും മത പണ്ഡിതന്മാരുടെയും ഖബറിടങ്ങൾ സ്ഥിതി ചെയുന്ന സ്ഥലം കൂടിയാണ് സലാല. അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങൾ സന്ദർശിക്കാനും ആളുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്വദേശികൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കുടുംബസമേതം എത്തുകയും ദിവസം മുഴുവൻ അവിടെ കഴിച്ചുകൂട്ടുകയും ചെയുന്ന രീതിയാണ് തുടരുന്നത്. അതോടൊപ്പം സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒട്ടേറെ സൗകര്യങ്ങളുമുണ്ട്. കനത്ത മൂടൽമഞ്ഞ് ഉള്ളതിനാൽ വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസും വലിയ മുൻകരുതൽ ആണ് എടുത്തിട്ടുള്ളത്. പൊടിക്കാറ്റ് ശക്തമായ ആദം-ഹൈമ റോഡിൽ പൊടിക്കാറ്റിനെ തുടർന്ന് അപകടങ്ങളും പതിവായിരിക്കുന്നതിനാൽ ഈ റോഡിൽ വാഹനം ഓടിക്കുന്നവർ ജാഗ്രതെ പാലിക്കണെമെന്ന് റോയൽ ഒമാൻ പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlight: Heavy rainfall in Salalah has increased the excitement around the Khareef Festival, attracting more visitors to Oman's popular monsoon destination

To advertise here,contact us