യൂറോപ്യൻ രാജ്യങ്ങളിൽ ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രമുഖ റിക്രൂട്ടിംഗ് ഏജൻസി ഉടമയെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരായ 25-ഓളം പ്രവാസികൾ നൽകിയ പരാതിയെ തുടർന്നാണ് തലസ്ഥാന ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷൻ അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും ഏജൻസി നൽകിയ പരസ്യങ്ങളിൽ ആകൃഷ്ടരായാണ് ഇരയായ പ്രവാസികൾ കമ്പനിയെ സമീപിച്ചത്.
വ്യക്തികളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിനും അനുയോജ്യമായ ജോലി നേടിത്തരാമെന്നും യൂറോപ്പിലേക്കുള്ള വിസ നടപടികൾ വേഗത്തിലാക്കി നൽകുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓരോരുത്തരിൽ നിന്നും 2,000 മുതൽ 2,500 കുവൈറ്റ് ദിനാർ വരെ (ഏകദേശം 5.5 ലക്ഷം മുതൽ 7 ലക്ഷം ഇന്ത്യൻ രൂപ വരെ) ഏജൻസി ഈടാക്കിയിരുന്നു. കൃത്യമായ കരാറുകളുണ്ടാക്കിയ ശേഷമാണ് പണം കൈപ്പറ്റിയത്.
മാസങ്ങൾ പിന്നിട്ടിട്ടും വിസയോ ജോലിയോ ലഭിക്കാതായതോടെയാണ് പ്രവാസികൾ തട്ടിപ്പ് തിരിച്ചറിഞ്ഞത്. പണം തിരികെ ആവശ്യപ്പെട്ടവരെ ഭീഷണിപ്പെടുത്താനും ഏജൻസി ഉടമ ശ്രമിച്ചു. വിസ നടപടികൾക്കായി തുക ചെലവഴിച്ചെന്നും പണം തിരികെ നൽകാനാകില്ലെന്നുമുള്ള നിലപാടാണ് ഏജൻസി സ്വീകരിച്ചത്. തുടർന്നാണ് വഞ്ചിക്കപ്പെട്ട പ്രവാസികൾ പോലീസിനെ സമീപിച്ച് പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Content Highlights: A prominent agency owner has been arrested in Kuwait over allegations of a major fraud involving fake job offers in European countries. The accused allegedly collected large amounts of money from people seeking overseas employment, according to reports.