കുവൈറ്റിലെ ഇന്ത്യൻ എംബസി നേരിട്ട് നൽകിവരുന്ന പരിമിതമായ അടിയന്തര കോൺസുലർ സേവനങ്ങൾ ജൂലൈ ഒമ്പതാം തീയതി വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. അതിനുശേഷമുള്ള സേവനങ്ങൾ ഏത് രീതിയിലായിരിക്കുമെന്ന് പിന്നീട് വ്യക്തമാക്കുമെന്ന് എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. കോൺസുലാർ സേവനങ്ങൾക്കായി കരാർ നേടിയ കമ്പനിയുടെ പ്രവർത്തനം നിയമക്കുരുക്കിൽ അകപ്പെട്ടതോടെയാണ് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കായി എംബസി ഇത്തരമൊരു താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയത്.
ഈ മാസം ഒന്നാം തീയതി മുതൽ അടിയന്തര കോൺസുലർ സേവനങ്ങൾ മാത്രമാണ് ഇന്ത്യൻ എംബസി നേരിട്ട് നൽകുന്നത്. സേവനങ്ങൾ ആവശ്യമുള്ള അപേക്ഷകർ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ എംബസിയിലെ കോൺസുലർ വിഭാഗത്തെ നേരിട്ട് സമീപിക്കേണ്ടതാണ്. അടിയന്തര സാഹചര്യമാണെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകൾ ഹാജരാക്കുന്നവർക്ക് മാത്രമേ നിലവിൽ ഈ സേവനങ്ങൾ ലഭ്യമാകൂ എന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
തത്കാൽ പാസ്പോർട്ട്, എൻആർഐ സർട്ടിഫിക്കറ്റ്, സിവിൽ ഐഡിയുടെ കാലാവധി അവസാനിക്കാറായവർക്കുള്ള ഹ്രസ്വകാല പാസ്പോർട്ട് പുതുക്കൽ, എമർജൻസി സർട്ടിഫിക്കറ്റ്, ഇ-വിസ എന്നിവ മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ള അടിയന്തര സേവനങ്ങൾ. എന്നാൽ സാധാരണ രീതിയിലുള്ള പാസ്പോർട്ട് അപേക്ഷകൾ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ, റെഗുലർ വിസ അപേക്ഷകൾ എന്നിവ ഈ ദിവസങ്ങളിൽ എംബസി നേരിട്ട് സ്വീകരിക്കില്ല.
ജൂലൈ ഒന്ന് മുതൽ കുവൈറ്റിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്ത് നൽകുന്നതിനുള്ള കരാർ 'ബിഎൽഎസ് ഇന്റർനാഷണലിന്' പകരം 'ഡീയു ഗ്ലോബൽ ഡിജിറ്റൽ' എന്ന കമ്പനിക്കാണ് ലഭിച്ചിരുന്നത്. എന്നാൽ ഈ ടെൻഡർ പ്രക്രിയയിൽ പരാജയപ്പെട്ട മറ്റ് രണ്ട് കമ്പനികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതോടെ വിഷയം കടുത്ത നിയമപോരാട്ടത്തിലേക്ക് വഴിമാറുകയായിരുന്നു. കേസിൽ വാദം പൂർത്തിയായതിനെ തുടർന്ന് കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. കോടതിയുടെ അന്തിമ വിധി വരുന്നത് വരെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യൻ എംബസി ജൂലൈ ഒമ്പത് വരെ സേവനങ്ങൾ നേരിട്ട് നൽകാൻ തീരുമാനിച്ചത്.
Content Highlights: The Indian Embassy in Kuwait has announced that limited consular services will continue as legal issues involving the contracted service provider remain unresolved. Applicants are advised to follow official updates regarding the restoration of full services.