പൗരത്വ പരിശോധന കര്‍ശനമാക്കി കുവൈത്ത്; ഒമ്പത് പേരുടെ പൗരത്വം റദ്ദാക്കി

കുവൈത്ത് നിയമപ്രകാരം ഒരാള്‍ മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടിയാല്‍ അവരുടെ കുവൈത്ത് പൗരത്വം സ്വയമേവ ഇല്ലാതാകും.

കുവൈത്തില്‍ പൗരത്വ പരിശോധന കര്‍ശനമാക്കി ആഭ്യന്തര മന്ത്രാലയം. പൗരത്വ നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയ ഒമ്പത് പേരുടെ പൗരത്വം കൂടി കുവൈത്ത് സര്‍ക്കാര്‍ റദ്ദാക്കി. 1959-ലെ കുവൈത്ത് ദേശീയ പൗരത്വ നിയമത്തിലെ പതിനൊന്നാം വകുപ്പ് പ്രകാരമാണ് നടപടി. സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ചതാണ് ഈ വ്യക്തികള്‍ക്ക് തിരിച്ചടിയായത്.

കുവൈത്ത് നിയമപ്രകാരം ഒരാള്‍ മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടിയാല്‍ അവരുടെ കുവൈത്ത് പൗരത്വം സ്വയമേവ ഇല്ലാതാകും. ഇത്തരത്തില്‍ പൗരത്വം നഷ്ടപ്പെടുന്ന വ്യക്തികളുടെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും വിദേശ പൗരത്വം ലഭിക്കുന്നുണ്ടെങ്കില്‍ അവരുടെയും കുവൈത്ത് ദേശീയത റദ്ദാക്കപ്പെടും. എന്നാല്‍ പൗരത്വം നഷ്ടപ്പെട്ട വ്യക്തിയുടെ കുവൈത്ത് സ്വദേശിയായ ഭാര്യ വിദേശ പൗരത്വം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ അവരുടെ പൗരത്വം നിലനില്‍ക്കുന്നതാണ്.

വ്യാജ രേഖകള്‍ വഴിയോ ഇരട്ട പൗരത്വം വഴിയോ കുവൈത്ത് ദേശീയത കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വലിയ പരിശോധനകളാണ് രാജ്യത്ത് നടക്കുന്നത്.

Content Highlights: Kuwait has tightened citizenship checks as part of a broader move to enforce national security and legal compliance. As a result of the enhanced scrutiny, the citizenship of nine individuals has been revoked.

To advertise here,contact us