മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്ധന സർചാർജ് വർദ്ധിപ്പിച്ച് ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവും പ്രവർത്തനച്ചെലവ് ഉയർന്നതുമാണ് നിരക്ക് കൂട്ടാൻ കമ്പനികളെ പ്രേരിപ്പിച്ചത്. പുതിയ തീരുമാനപ്രകാരം ടിക്കറ്റൊന്നിന് 55 ഡോളർ (ഏകദേശം 200 യുഎഇ ദിർഹം/ 4,600-ലധികം ഇന്ത്യൻ രൂപ) വീതമാണ് ഇന്ധന സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്. യുഎഇ അടക്കമുള്ള പ്രമുഖ ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന കമ്പനികളുടെ നിരക്കുവർദ്ധന പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള ഊർജ്ജ വിപണിയിലെ അനിശ്ചിതത്വങ്ങളുമാണ് വിമാന ഇന്ധനവില ക്രമാതീതമായി ഉയരാൻ കാരണമായതെന്ന് കമ്പനികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ യുദ്ധസമാന സാഹചര്യങ്ങൾ ആരംഭിച്ചതിന് ശേഷം വിമാന ഇന്ധനവിലയിൽ 70 ശതമാനം വരെ വർദ്ധനവാണുണ്ടായത്. വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിൽ വലിയൊരു ഭാഗം ഇന്ധനത്തിനായി മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യത്തിൽ, അധിക സാമ്പത്തിക ഭാരം ഭാഗികമായി നികത്താനാണ് ഇത്തരമൊരു നടപടിയെന്ന് കമ്പനികൾ അറിയിച്ചു.
ഇന്ന് മുതൽ നടത്തുന്ന യാത്രകൾക്ക് പുതുക്കിയ സർചാർജ് ബാധകമായിരിക്കും. എയർ ഇന്ത്യ എക്സ്പ്രസിൽ ഒക്ടോബർ ഒമ്പത് അർദ്ധരാത്രി മുതലും എയർ ഇന്ത്യയിൽ ഇന്ത്യൻ സമയം രാവിലെ 11 മണി മുതലുമാണ് പുതിയ നിരക്ക് നിലവിൽ വന്നത്. പോകുന്ന വഴികൾക്കും റൂട്ട് കാറ്റഗറികൾക്കും അനുസരിച്ച് സർചാർജിൽ മാറ്റങ്ങളുണ്ടാകും. നേരത്തെ ഇന്ത്യയിലെ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോയും മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ 55 ഡോളർ സർചാർജ് വർധിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തി സർചാർജിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർലൈനുകൾ വ്യക്തമാക്കി.
Content Highlights: Air India, Air India Express and IndiGo have increased fuel surcharges on international routes to the Gulf, raising travel costs for expatriates amid rising aviation fuel prices.