സ്കൂള്‍ വിദ്യാർത്ഥികള്‍ ക്ലാസിലേക്ക് മരുന്ന് കൊണ്ടുവരുന്നതിന് കർശന വിലക്കുമായി യുഎഇ: ഇളവ് ഇവർക്ക് മാത്രം

പുതിയ നിർദേശം എല്ലാ എമിറേറ്റുകളിലുമുള്ള സ്കൂളുകൾക്കും ബാധകമാണ്

അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികൾ ക്ലാസിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നതിനും കൈവശം വയ്ക്കുന്നതിനും കർശന വിലക്ക്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (Ministry of Education) പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കുട്ടികൾ സ്വയം മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് ഈ നടപടി. സ്കൂൾ മാനേജ്മെന്റുകൾ പുറത്തിറക്കിയ സർക്കുലറുകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മരുന്നുകളുടെ തെറ്റായ അളവ്, കാലാവധി കഴിഞ്ഞ മരുന്നുകളുടെ ഉപയോഗം, കുട്ടികൾ തമ്മിലുള്ള മരുന്ന് പങ്കിടൽ തുടങ്ങിയവയാണ് പ്രധാന ആശങ്കകൾ.

പുതിയ നിർദേശം എല്ലാ എമിറേറ്റുകളിലുമുള്ള സ്കൂളുകൾക്കും ബാധകമാണ്. വിദ്യാർത്ഥികളുടെ ബാഗിലോ ക്ലാസിലോ മരുന്നുകൾ കണ്ടെത്തിയാൽ അത് പിടിച്ചെടുക്കുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യും. എന്നാൽ, വിട്ടുമാറാത്ത രോഗങ്ങൾ (chronic conditions) ഉള്ള കുട്ടികൾക്ക് ഇളവുണ്ട്. അസ്ത്മ, ഡയബറ്റിസ്, അലർജി തുടങ്ങിയവയ്ക്ക് സ്ഥിരമായി മരുന്ന് ആവശ്യമുള്ളവർക്ക്, ചികിത്സിക്കുന്ന ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടി (prescription) സഹിതം മരുന്നുകൾ സ്കൂൾ ക്ലിനിക്കിലോ നഴ്സിനേയോ ഏൽപ്പിക്കാം. ഓരോ മരുന്നിനും പ്രത്യേക അനുമതി ആവശ്യമാണ്, കൂടാതെ രക്ഷിതാക്കളുടെ സമ്മതപത്രവും സമർപ്പിക്കണം. ഇത്തരം മരുന്നുകൾ സ്കൂൾ സ്റ്റാഫിന്റെ മേൽനോട്ടത്തിൽ മാത്രമേ നൽകൂ.

സ്കൂളുകളുടെ അഭിപ്രായം പരിഗണിച്ചാണ് മന്ത്രാലയം ഈ നയം നടപ്പാക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ, മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം മൂലം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തെറ്റായ ഡോസേജ് കാരണം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്, മറ്റ് കുട്ടികൾ അബദ്ധത്തിൽ മരുന്ന് കഴിക്കുന്നത് തുടങ്ങിയവ സംഭവങ്ങള്‍ ആവർത്തിച്ചു. പുതിയ നയം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷിതാക്കളുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. സ്കൂളുകൾ ഇതിനായി പ്രത്യേക ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുണ്ട്, കൂടാതെ അടിയന്തര സാഹചര്യങ്ങൾക്കായി മെഡിക്കൽ സ്റ്റാഫ് ലഭ്യമാണ്.

കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ മുൻകൂട്ടി അറിയിക്കുകയും ആവശ്യമെങ്കിൽ മരുന്നുകൾ സ്കൂളിൽ ഏൽപ്പിക്കുകയും ചെയ്യണമെന്നും രക്ഷിതാക്കളോട് സ്കൂൾ അധികൃതർ ആവശ്യപ്പെടുന്നു. യുഎഇയിലെ വിദ്യാഭ്യാസ മേഖലയിലെ ഈ മാറ്റം, കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയുള്ള ഗവൺമെന്റിന്റെ വിശാലമായ പരിഷ്കാരങ്ങളുടെ ഭാഗമാണ്. നിയമം ലംഘിക്കുന്നത് ഗുരുതരമായി കാണുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: UAE has enforced a strict rule banning school students from bringing medicines to class to ensure safety and proper supervision

To advertise here,contact us