ദോഹയിലെ ആക്രമണത്തിന് ശേഷവും ഭീഷണി തുടരുന്ന ഇസ്രയേലിന്റെ നടപടിയില് കടുത്ത അതൃപ്തിയുമായി ജിസിസി രാഷ്ട്രങ്ങള്. തുടര് നടപടികള് ചര്ച്ച ചെയ്യാന് അടിയന്തര അറബ് ഇസ്ലാമിക് ഉച്ചകോടി ഉടന് ഖത്തറില് ചേരും. ഖത്തറില് ഇസ്രയേല് നടത്തിയ ആക്രമണത്തിനെതിരെ ഒന്നിച്ച് മറുപടി നല്കാന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് അബ്ദുല്റഹ്മാന് ബിന് ജാസിം അല്താനി പ്രതികരിച്ചു. അതിനിടെ ഇസ്രയേല് ആക്രമണത്തില് കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ ശവസംസ്കാര പ്രാര്ത്ഥനയില് ഖത്തര് അമീറും പങ്കെടുത്തു.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയില് നടത്തിയ ആക്രമണത്തിന് ശേഷവും ഇസ്രയേല് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി വിളിച്ച് ചേര്ത്തിരിക്കുന്നത്. വരുന്ന ഞായര്, തിങ്കള് ദിവസങ്ങളിലായിരിക്കും ഉച്ചകോടി ചേരുക. ഇസ്രയേല് ആക്രമണത്തോട് ഏതു രീതിയില് പ്രതികരിക്കണമെന്ന നിര്ണായക തീരുമാനം ഉച്ചകോടിയില് ഉണ്ടാകും.
ഇസ്രയേലിന് പ്രാദേശികതലത്തില് ഒന്നിച്ച് തിരിച്ചടി നല്കണമെന്നാണ് ഖത്തര് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന് അബ്ദുല്റഹ്മാന് ബിന് ജാസിം അല്താനി പറഞ്ഞു. ഖത്തറിനു നേരെയുള്ള ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയാണ്. നെതന്യാഹുവിനെ നിയമത്തിനു മുന്നില് കൊണ്ടുവരണം. രാജ്യാന്തര ക്രിമിനല് കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് നെതന്യാഹുവെന്നും അല് താനി കൂട്ടിച്ചേർത്തു.
ഇസ്രയേലിനെതിരെ യുഎന് രക്ഷാസമിതിക്കും ഖത്തര് ഭരണകൂടം കത്ത് അയച്ചിട്ടുണ്ട്. അതിനിടെ ഹമാസ് നേതാക്കളെ വധിക്കാനുള്ള ശ്രമം തുടരുമെന്ന് യുഎസിലെ ഇസ്രയേല് അംബാസര് യെഹില് ലൈത്തറിന്റെ പ്രഖ്യാപനം മേഖലയില് ആശങ്കക്ക് കാരണമായിട്ടുണ്ട്.
ഖത്തറിന് ശക്തമായ പിന്തുണയാണ് അറബ് രാജ്യങ്ങള് നല്ക്കുന്നത്. ഖത്തറിന്റെ ഏത് നടപടികള്ക്കും സൗദിയുടെ പൂര്ണ്ണ പിന്തുണയുണ്ടാകുമെന്നും സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന് വ്യക്തമാക്കി. മേഖലയുടെ സുരക്ഷയും സ്ഥിരതയും തകര്ക്കാന് ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ നിയമവിരുദ്ധ പ്രവര്ത്തനങ്ങള് തടയാന് അറബ്, ഇസ്ലാമിക, അന്താരാഷ്ട്ര മേഖലയുടെ കൂട്ടായ പ്രവര്ത്തനങ്ങള് ആവശ്യമാണെന്ന് സൗദി കീരീടാവകാശി അഭിപ്രായപ്പെട്ടു.
Content Highlights: GCC countries express deep dissatisfaction with Israel's continued threats after Doha attack