ബഹ്റൈനിൽ വേനൽക്കാല ഉച്ചജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് 12 മുതൽ നാല് മണി വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി അനുവദിക്കില്ല. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിരീക്ഷണമുണ്ടാകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷ നടപടികളും ഉണ്ടാകും.
ബഹ്റൈനിൽ അന്തരീക്ഷ താപം ഉയർന്നതിനെത്തുടർന്നാണ് പുറം ജോലി ചെയ്യുന്നതിന് ഉച്ചസമയത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നാളെ മുതൽ ആഗസ്റ്റ് 31 വരെ നിയന്ത്രണം തുടരും. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാല് മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിയമം മൂലം വിലക്കിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
കഠിനമായ ചൂടും ഈർപ്പവും മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, സൂര്യാഘാതം, തൊഴിലിട അപകടങ്ങൾ എന്നിവ ഒഴിവാക്കി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർക്കും സൂപ്പർവൈസർമാർക്കും പ്രത്യേക പരിശീലന പരിപാടികളും ബോധവത്കരണ ക്യാമ്പെയ്നുകളും സംഘടിപ്പിക്കും.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 17873921-ൽ ഫോൺ വഴിയോ വാട്സ്ആപ്പ് വഴിയോ പരാതി അറിയിക്കാം. എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാല് വരെയാണ് പരാതി സ്വീകരിക്കുക. നിരോധനം ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ബഹ്റൈൻ ദിനാർ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ലംഘനത്തിൽ ഉൾപ്പെട്ട തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ശിക്ഷ വർദ്ധിപ്പിക്കുമെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ഇരട്ട ശിക്ഷ നേരിടേണ്ടിവരുമെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: The Bahrain Labour Ministry has announced the implementation of the annual summer midday work ban starting tomorrow. Authorities will conduct inspections to ensure employers comply with the regulations designed to safeguard workers from heat-related risks during peak daytime temperatures.