'നിങ്ങള്‍ ഇപ്പോള്‍ വായിച്ച വേദ പുസ്തകത്തിലെ ദുഷ്ടനും അധര്‍മിയും ശത്രുവും ഞാന്‍ തന്നെയാ… പേര് നടേശന്' ഈ ഡയലോഗിനെയും ഇത് പറഞ്ഞ ആളെയും പരിചയപ്പെടുത്താന്‍ പ്രത്യേകം മുഖവരയുടെ ഒന്നും ആവശ്യമില്ല. നടന് കലാഭവന്‍ മണി, സിനിമ ഛോട്ടാ മുംബൈ. ഛോട്ടാ മുംബൈ എന്ന ചിത്രം റീറിലീസ് ചെയ്യുമ്പോള്‍ തലയുടെയും പിള്ളേരുടെയും തിരിച്ചു വരവ് മാത്രമാണോ മലയാളികളെ ഹരം കൊള്ളിക്കുന്നത്, ഒരിക്കലുമല്ല, കലാഭവന്‍ മണിയുടെ നടേശന് എന്ന വില്ലനെ കൂടി ആഘോഷിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ട്. നടേശനില്ലാതെ ഛോട്ടാ മുംബൈ പൂര്‍ണമാകില്ല. കലാഭവന്‍ മണി ഫാന്‍സിന്റെ കൂടെ ഒത്തുകൂടല്‍ ആയിരിക്കും ഛോട്ടാ മുംബൈയുടെ റീറിലീസ്.
തലയുടെയും സിനിമയിലെ മറ്റു നടന്മാരുടേയുമെല്ലാം ഡയലോഗുകള്‍ മനഃപാഠമായ മലയാളികള്‍ക്ക് നടേശന്റെ വിരട്ടലുകളും കാണാപാഠമാണ്. 'തന്റെ മരണം കണ്ട് മനസ് ഒന്ന് പിടച്ച് നില്ക്കുമ്പോള് തന്റെ മകനെയും ഞാന്‍ കൊല്ലും. ഇത് രണ്ട് കുപ്പി കള്ളിന്റെ പുറത്ത് കൊച്ചിയിലെ ലോക്കല്‍ ഗുണ്ടകള്‍ പറയുന്ന വാക്കല്ല, കൊല്ലും എന്ന് പറഞ്ഞാല്‍ നടേശന് കൊന്നിരിക്കും…' വളരെ ക്ലാസ് ആയിട്ടുള്ള വിരട്ടല്‍. മാസിന് ഒരു കോട്ടവും തട്ടാതെ, എന്നാല്‍ അലറിവിളിക്കാതെ, വളരെ കൂള്‍ ആയി അയാള്‍ അത് പറഞ്ഞുപോകുമ്പോള്‍, ആര്‍ക്കായാലും ഒരു പേടി തോന്നും. എന്നാല്‍ അതിനൊപ്പം തന്നെ അമ്പോ എന്തൊരു സ്വാഗും സ്റ്റൈലുമാണ് കലാഭവന്‍ മണിയ്ക്ക് എന്നും തോന്നിപ്പോകും. വയലന്സിന്റെയോ ക്രൂരതയുടെയോ അതിപ്രസരമില്ലാതെ നോട്ടം കൊണ്ടും സംസാരരീതികൊണ്ടും കലാഭവന്‍ മണിയുടെ നടേശന് മലയാള സിനിമ കണ്ട മികച്ച വില്ലന്മാരുടെ കൂട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ തലയ്ക്ക് നല്കിയ ഇന്‍ട്രൊഡക്ഷന്‍ പോലെ തന്നെ ഒരു മികച്ച ഇന്‍ട്രൊ നടേശനും ചിത്രത്തില്‍ ഉണ്ടായിരുന്നു. പോലീസ് യൂണിഫോമില്‍ വിലസുന്ന ക്രിമിനല്‍ നേതാവ്, കൊച്ചിയിലെ ഗുണ്ടാ ഗ്യാങ്ങുകള്‍ക്ക് തലവന്‍, എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരുപാടായിരുന്നു നടേശന് എന്ന കഥാപാത്രത്തിന്. പ്രതികാരം വീട്ടാനിറങ്ങുന്നതും നായകനെ വലിഞ്ഞുമുറുക്കുന്നതും, ക്ലൈമാക്സിലെ ഫൈറ്റുമടക്കം ടെംപ്ലേറ്റ് വില്ലന്‍ രീതികളെല്ലാം ഈ ചിത്രത്തിലും ഉണ്ടായിരുന്നു. എന്നാല്‍ കലാഭവന്‍ മണി നടേശനായി അവതരിച്ചപ്പോള്‍ അതിലെല്ലാം ഇതുവരെ കാണാത്ത ഒരു പുതുമ വന്നു.
അതിനൊപ്പം തന്നെ അന്‍വര്‍ റഷീദ് സ്റ്റൈല്‍ നിമിഷങ്ങളിലും കലാഭവന്‍ മണി കസറി. കൂടപ്പിറപ്പിന്റെ മരണത്തിന് മുന്നില്‍ നിന്ന് പതറുന്ന ചേട്ടന്റെ വേദന അതിലൊന്നായിരുന്നു. കോമഡി മൂഡില്‍ പോകുന്ന സിനിമയുടെ ഒഴുക്കിനെ ഡിസ്റ്റര്‍ബ് ചെയ്യുന്ന പ്രകടനമായിരുന്നില്ല മണിയുടേത് എന്നും എടുത്തു പറയണം. ആ താളത്തിനൊത്തും എന്നാല്‍ തന്റെ കഥാപാത്രത്തിന് ചേരുംവിധവും ഏത് മീറ്റര്‍ എവിടെ പിടിക്കണമെന്ന് മണിയ്ക്ക് കൃത്യമായി അറിയാമായിരുന്നു.
ഛോട്ടാ മുംബൈ അല്ലായിരുന്നു വില്ലനായ കലാഭവന്‍ മണിയുടെ ആദ്യ തട്ടകം. രാജന് പി ദേവിനു ശേഷം കേരളത്തില്‍ നിന്നു തമിഴ്സിനിമ കണ്ടെടുത്ത കരുത്തനായ വില്ലനായിരുന്നു കലാഭവന്‍ മണി. കലാഭവന്‍ മണിയുടെ രൂപവും ഭാവവും ശരീരഭാഷയും മറ്റും തമിഴ് പ്രേക്ഷകരെ പെട്ടെന്നാകര്ഷിക്കുന്നതായി. ചരണ്‍ സംവിധാനം ചെയ്ത ജെമിനി എന്ന ചിത്രമാണ് കലാഭവന്‍ മണിയെ തമിഴകത്ത് ജനപ്രിയനാക്കിയത്. അതുവരെ തമിഴ് സിനിമ കണ്ടിരുന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ പ്രകടനമാണ് ജെമിനിയില്‍ മണി കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ തമിഴ് സിനിമാ ലോകത്ത് 'സ്റ്റൈലിഷ് വില്ലന്‍' എന്ന പേരും മണിക്ക് ലഭിച്ചു. ശേഷം അന്‍പതോളം ചിത്രങ്ങളില്‍ മണി തമിഴില്‍ തകര്‍ത്തു.
അതിനിടെ മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ക്യാരക്ടര്‍ വേഷങ്ങളിലും കലാഭവന്‍ മണി അരങ്ങ് വാണു. അക്കൂട്ടത്തില്‍ ഇന്നും കാണികള്‍ ഏറെ വിലമതിക്കുന്ന പെര്‍ഫോമന്‍സായിരുന്നു ഛോട്ടാ മുംബൈയിലെ നടേശന്.
മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ വര്‍ഷങ്ങള്‍ക്കിപ്പുറം തിയേറ്ററില്‍ എത്തുമ്പോള്‍ ഉറപ്പായും തിരക്ക് ഉണ്ടാക്കും, എന്നാല്‍ ആ ഒഴുക്കിന്റ പകുതി നടേശനും അവകാശപ്പെടാന്‍ ഉള്ളതാവും. തല ആഘോഷിക്കപ്പെടുന്നത് പോലെ തന്നെ നടേശനും ആഘോഷിക്കപ്പെടുന്ന നാളുകളാണ് വരാനിരിക്കുന്നത്.
Content Highlights: Kalabhavan Mani fans can also celebrate Chottaa Mumbai re release