വേണു നാഗവള്ളി സംവിധാനം ചെയ്ത ക്യാംപസ് പശ്ചാത്തലത്തിലുള്ള ഒരു സിനിമ റിലീസ് ചെയ്തു. മോഹൻലാൽ, ജഗതി ശ്രീകുമാർ, നെടുമുടി വേണു, മണിയൻപിള്ള രാജു തുടങ്ങിയവർ അഭിനയിച്ച സർവകലാശാല. പ്രണയവും സൗഹൃദവുമെല്ലാം പറഞ്ഞ ആ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ അന്ന് തിയേറ്ററിൽ നിന്ന് പോരുമ്പോൾ ഒപ്പം ഒരു സാധനം കൂടെ കൊണ്ടുപോന്നു… ആ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. പിന്നീട് വർഷങ്ങൾക്കിപ്പുറം, തലമുറകൾക്കിപ്പുറം ആ മഹാനടനെ ഓരോ മലയാളിയും തങ്ങളുടെ സ്നേഹം ചേർത്ത് വിളിക്കുന്ന പേര്, ലാലേട്ടൻ…
ഒരു സിനിമയിലൂടെയാണ് മോഹൻലാലിന് 'ലാലേട്ടൻ' എന്ന പേര് ലഭിച്ചതെങ്കിലും, ലാലേട്ടാ… എന്ന് മലയാളികളെ കൊണ്ട് ഇന്നും മോഹൻലാൽ വിളിപ്പിക്കുന്നത് അയാൾ ചെയ്ത കഥാപാത്രങ്ങളുടെ വൈവിധ്യങ്ങളിലൂടെയാണ്. അച്ഛനായും മകനായും സഹോദരനായും കാമുകനായും ഭർത്താവായും അതിനുമപ്പുറം മലയാളികൾ ആരാധിക്കുന്ന സൂപ്പർ നായകനായും ഒക്കെ അയാൾ ഓരോ മലയാളിയുടെയും കുടുംബാംഗമായി മാറുകയായിരുന്നു.
കിരീടം എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രമായ സേതുമാധവനെ നോക്കിയാൽ അയാൾ ഏതൊരു മലയാളി മകന്റെയും പ്രതിനിധിയാണ്. അച്ഛന്റെ സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ചിറകിലിൽ കഴിഞ്ഞ മകൻ. ആ പ്രതീക്ഷകൾ ഒരു തെരുവിൽ സേതുമാധവന് നഷ്ടപ്പെടുകയാണ്. ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന സേതുവിനോട് അയാളുടെ അച്ഛൻ 'നിന്റെ അച്ഛനാടാ പറയുന്നേ കത്തി താഴെ ഇടെടാ..' എന്ന് പറയുന്ന നിമിഷമുണ്ട്. അവിടെ മറ്റാർക്കും പറ്റാത്ത വിധം മോഹൻലാൽ എന്ന പ്രതിഭ പകർന്നാടുമ്പോൾ സേതുമാധവൻ എന്ന മകന്റെ ജീവിതം ഏതൊരു മലയാളിയുടെയും മനസ്സിലെ വിങ്ങലായി മാറുന്നു.
തൊഴിലിയില്ലായ്മ മൂലം, ദാരിദ്ര്യം മൂലം സ്വന്തം അമ്മ മറ്റൊരു വീട്ടിലെ അടുക്കളപ്പണി ചെയ്യുന്നത് നിസ്സാഹയനായി നോക്കി കാണുന്ന നാടോടിക്കാറ്റിലെ ദാസനും അച്ഛന് വേണ്ടി ജീവിച്ച്, ഒടുവിൽ അച്ഛന്റെ വിയോഗത്തിനപ്പുറം ഒറ്റയ്ക്കായി പോകുന്ന രസതന്ത്രത്തിലെ പ്രേമചന്ദ്രനുമെല്ലാം അത്തരം മക്കൾ തന്നെയാണ്. 'ആനി മോനേ സ്നേഹിക്കുന്നതുപോലെ മാഗിയ്ക്ക് എന്നേ സ്നേഹിക്കാന് പറ്റുമോ?' എന്ന്സുകുമാരിയോട് ചോദിക്കുമ്പോൾ മോഹൻലാലിന്റെ രാജീവ് മേനോനിലും ആരോരുമില്ലാത്ത ഒരു മകനെ കാണാൻ കഴിയും.
മാസ് പരിവേഷം കൊണ്ട് ആഘോഷിക്കപ്പെടുന്ന ആടുതോമ എന്ന ചെകുത്താനും പൂവള്ളി ഇന്ദുചൂഡനും ആ മാസ് പരിവേഷങ്ങൾക്കപ്പുറം സ്നേഹം നിറഞ്ഞ ബാല്യം നിഷേധിക്കപ്പെട്ട മക്കൾ കൂടിയാണ്. പിൻഗാമിയിലേക്ക് വന്നാൽ കണ്ണിൽ എരിയുന്ന പകയുമായി 'He was my great father.. And I am his great great great son' എന്ന് വില്ലനോട് പറയുന്ന, തന്റെ പ്രതികാരം തീർക്കുന്ന ക്യാപ്റ്റൻ വിജയ് മേനോൻ എന്ന മകനായാണ് മോഹൻലാൽ എത്തിയത്. ഇവരിൽ നിന്ന് വ്യത്യസ്തമായി 'നന്നാവാൻ ലേഹ്യം വല്ലതുമുണ്ടെകി വാങ്ങി താ' എന്ന് അപ്പന്റെ മുഖത്ത് നോക്കി പറഞ്ഞ വാസ്കോ എന്ന മകനായും മോഹൻലാൽ മാറിയിട്ടുണ്ട്.
ഇതേ മോഹൻലാൽ പിതാവിന്റെ വേഷത്തിലെത്തിയപ്പോഴോ, അവിടെയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ പിറന്നു. സൂര്യഗായത്രിയിൽ തന്റെ മകന്റെ മരണത്തിനു കാരണക്കാരായ നാലു വിദ്യാർത്ഥികളെ തേടിപ്പിടിച്ച് അവരുടെ ജീവൻ ഇല്ലാതാക്കാൻ തുനിയുന്ന, പിന്നീട് അവരിൽ സ്വന്തം മകനെ കാണുന്ന ബാലസുബ്രഹ്മണ്യമായിരുന്നു മോഹൻലാൽ എങ്കിൽ അതിൽ നിന്ന് തീർത്തും വിഭിന്നമായ മക്കളെക്കാൾ മണ്ണിനെ സ്നേഹിച്ച പിതാവായിനെയായിരുന്നു ഉടയോനിൽ നമ്മൾ കണ്ടത്. പകൽ നക്ഷത്രങ്ങളിൽ മകന് ആദ്യ തുള്ളി മദ്യം നൽകുന്ന പിതാവായിരുന്നു അയാൾ. പവിത്രത്തിലേക്ക് വന്നാൽ അവിടെ അയാൾ ചേട്ടന്റ സ്നേഹവും അച്ഛന്റെ വാത്സല്യവും നിറഞ്ഞ ചേട്ടച്ഛനാണ്.
തന്മാത്ര എന്ന സിനിമയിലേക്ക് വന്നാൽ അവിടെ മോഹൻലാൽ അവതരിപ്പിച്ച രമേശൻ നായർ, മകനെ കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുന്ന ഒരു മധ്യവർഗ്ഗ മലയാളി പിതാവാണ്. ചിത്രത്തിൽ ഉടനീളം മകനോടുള്ള അയാളുടെ സ്നേഹവും മകനെക്കുറിച്ചുള്ള സ്വപ്നങ്ങളും മോഹൻലാൽ മനോഹരമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. പിന്നീട് രമേശൻ നായർ മറവിയുടെ പിടിയിലേക്ക് നീങ്ങുമ്പോഴും പല രംഗങ്ങളിലും മകനെക്കുറിച്ച് വ്യാകുലപ്പെടുന്ന അയാളിലെ പിതാവിനെയും മോഹൻലാൽ എന്ന നടൻ മനോഹരമായി കാട്ടുന്നുണ്ട്. ദൃശ്യം, തുടരും എന്നീ സിനിമകളിൽ മോഹൻലാലിന്റെ രണ്ടു അച്ഛൻ കഥാപാത്രങ്ങൾ തങ്ങളുടെ മക്കൾക്ക് വേണ്ടി.. കുടുംബത്തിന് വേണ്ടി പോരാടിയപ്പോൾ മലയാള സിനിമയിൽ പിറന്നത് ചരിത്രം.
ഈ പറഞ്ഞ മോഹൻലാൽ കഥാപാത്രങ്ങളിൽ തന്നെ ആത്മാർത്ഥതയുള്ള സുഹൃത്തിന്റെയും കുടുംബത്തെ സ്നേഹിക്കുന്ന സഹോദരന്റെയും മുഖം നമുക്ക് കാണാൻ കഴിയും. നാടോടിക്കാറ്റ് എന്ന സിനിമ തന്നെ നോക്കിയാൽ മതി. ഉന്തുവണ്ടിയിൽ പച്ചക്കറികളുമായി നടക്കുന്ന ദാസൻ കുറച്ച് നാളുകൾക്ക് ശേഷം വിജയനെ കാണുന്ന രംഗമുണ്ട്. പിണക്കമെല്ലാം തീർത്ത് വിജയൻ 'നിന്റെ ജോലി നടക്കട്ടെ ഞാൻ റൂമിൽ കാണും' എന്നും പറഞ്ഞ് പോകുമ്പോൾ ദാസൻ തന്റെ പോക്കറ്റിൽ നിന്ന് പണം അയാൾക്ക് നൽകുന്നു. ആ നിമിഷം മാത്രം മതി ദാസൻ എന്ന സുഹൃത്തിനെ മനസിലാക്കാൻ.
മോഹൻലാൽ എന്ന നടന്റെ കാമുക ഭാവങ്ങളെക്കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ. അയാളുടെ പ്രണയം നിറഞ്ഞ നോട്ടവും ചിരിയും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. മലയാളിയുടെ പ്രണയ സങ്കല്പങ്ങളിൽ എപ്പോഴും ഒരു മോഹൻലാൽ ടച്ച് ഉണ്ടാകുമെന്ന് വേണമെങ്കിൽ പറയാം. എന്നാൽ അതിനുമപ്പുറം കാമുക ഭാവങ്ങൾക്ക് മോഹൻലാൽ തന്റേതായ പല വേർഷനുകൾ നൽകിയിട്ടുണ്ട്. വന്ദനത്തിൽ 'എങ്കിൽ എന്നോട് പറ I LOVE YOU എന്ന്' ഇങ്ങനെ പറയുന്ന എനർജിറ്റിക്കായ കാമുകനാണ് അയാൾ എങ്കിൽ കിലുക്കത്തിൽ അയാൾക്ക് കാമുകിക്ക് താരാട്ട് പാട്ട് പാടികൊടുക്കുന്ന കരുതലിന്റെ ഭാവമാണ്.
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിൽ 'വരൂ പ്രിയേ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം അതികാലത്തെഴുന്നേറ്റു മുന്തിരിതോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തുപൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം. അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും' എന്ന് സോളമൻ പറയുമ്പോൾ ആരിലും പ്രണയമുണ്ടാകും. 'വഴക്ക് പറയാൻ, ശാസിക്കാൻ, നേർവഴിക്ക് നടത്താൻ, ഇതിനൊക്കെ ഒരാളുണ്ടാവുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്' എന്ന് നാടോടിക്കാറ്റിൽ പറയുന്ന അത്രത്തോളം സ്വാഭാവികമായി പ്രണയം വിരിയുന്ന നിമിഷങ്ങൾ മലയാളത്തിൽ വിരളമാണെന്ന് പറയാം.
അങ്ങനെ പല കുടുംബങ്ങൾക്കും മകനായി, ആരാധകർക്ക് ഏട്ടനായി ഏവർക്കും സ്വന്തം കുടുംബത്തിലെ ഒരു അംഗമായാണ് മോഹൻലാൽ വർഷങ്ങളോളമായി മലയാള സിനിമയിൽ, സിനിമാപ്രേമികളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത്. ആ സ്നേഹം കൊണ്ട് തന്നെയാണ് ഒരു മോഹൻലാൽ സിനിമയ്ക്ക് മോശം പ്രതികരണം വരുമ്പോൾ അവർ അതിനെ ഏറെ വിമർശിക്കുന്നത്. അതുകൊണ്ടാണ് ഒരു മോഹൻലാൽ സിനിമയ്ക്ക് നല്ല പ്രതികരണം വരുമ്പോൾ അവർ അതിനെ ഒരു ആഘോഷമാക്കി മാറ്റുന്നതും. തുടരും സിനിമയുടെ ക്ലൈമാക്സിൽ എഴുതി കാണിച്ചത് പോലെ മോഹൻലാൽ തുടരും… പ്രേക്ഷകരും.
Content Highlights: How Mohanlal became a favorite of Malayali audiences