പരാജയപ്പെട്ട ഫുട്ബോൾ താരം, പക്ഷേ മികച്ച പരിശീലകൻ; ജോസ് മൗറീഞ്ഞോയ്ക്ക് പിറന്നാൾ

ചെല്സിയുടെ ഫുട്ബോള് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് മൗറീഞ്ഞോയെ കരുതപ്പെടുന്നത്.

ജോസ് മൗറീഞ്ഞോയെ ഒരു പരിശീലകനായി ഫുട്ബോള് ലോകമെങ്ങും അറിയാം. അയാളുടെ പരിശീലന കാലയളവ് ആരംഭിച്ചിട്ട് ഇപ്പോള് 24 വര്ഷം പിന്നിട്ടു. പക്ഷേ ഒരു ഫുട്ബോള് താരമായി അധികമാരും മൗറീഞ്ഞോയെ അറിയില്ല. മൗറീഞ്ഞോ ഏത് പൊസിഷനില് കളിച്ച താരമെന്ന് ചോദിച്ചപ്പോള് അത് ഗൂഗിളില് നോക്കു എന്നാണ് സഹപരിശീലകനായ യര്ഗന് ക്ലോപ്പിന്റെ മറുപടി.

മുമ്പ് പോര്ച്ചുഗല് ഗോള് കീപ്പറായിരുന്ന ഫെലിക്സ് മൗറീഞ്ഞോയുടെ മകനാണ് ജോസ് മൗറീഞ്ഞോ. ഫെലിക്സിന്റെ കരിയര് 20 വര്ഷം നീണ്ടുനിന്നു. എന്നാല് മകന് ജോസ് മൗറീഞ്ഞോയുടെ കരിയര് അധികം നീണ്ടില്ല. മൗറീഞ്ഞോ ഒരിക്കലും പോര്ച്ചുഗീസ് ടീമില് കളിച്ചിട്ടില്ല. രണ്ടാം ഡിവിഷന് ക്ലബ് ഫുട്ബോള് മാത്രമാണ് അയാള് കളിച്ചിട്ടുള്ളത്. മധ്യനിരയിലായിരുന്നു മൗറീഞ്ഞോയുടെ സ്ഥാനം. തന്റെ ഫുട്ബോള് കരിയറിനെക്കുറിച്ച് ചോദിക്കുമ്പോള് താന് ബുദ്ധിമാനായ വ്യക്തിയെന്നാണ് മൗറീഞ്ഞോയുടെ മറുപടി. കാരണം താന് ഫുട്ബോളില് ഒന്നുമാകില്ലെന്ന് തനിക്ക് അറിയാമെന്നും മൗറീഞ്ഞോ പറയും.

1980 മുതല് 87 വരെ മാത്രമായിരുന്നു മൗറീഞ്ഞോയുടെ ഫുട്ബോള് കരിയര്. പിന്നാലെ കുറച്ചുകാലം കായിക അദ്ധ്യാപകനായി. 1992ല് പോര്ച്ചുഗീസ് ക്ലബ് സ്പോര്ട്ടിങ്ങ് സി പി പരിശീലകന് ബോബി റോബ്സണിന്റെ സഹായിയായി. റോബ്സണ് പോര്ട്ടോയിലേക്കും പിന്നീട് ബാഴ്സലോണയിലേക്കും മാറിയപ്പോള് മൗറീഞ്ഞോയും കൂടെയുണ്ടായിരുന്നു.

ബാഴ്സയില് റോബ്സന്റെ ഭാഷാ പരിഭാഷകനായിരുന്നു മൗറീഞ്ഞോ. ബാഴ്സയിലെ ലോകോത്തര താരങ്ങള്ക്കൊപ്പം പ്രവര്ത്തിക്കാന് മൗറീഞ്ഞോയ്ക്ക് അവസരം ലഭിച്ചു. അങ്ങനെ 2000ത്തില് തന്റെ 37-ാം വയസില് പോര്ച്ചുഗീസ് ക്ലബ് ബെന്ഫീകയുടെ മാനേജരായി മൗറീഞ്ഞോ എത്തി. പക്ഷേ ഒമ്പത് മത്സരങ്ങളില് മാത്രമായിരുന്നു മൗറീഞ്ഞോ ബെന്ഫീകയില് ഉണ്ടായിരുന്നത്. 2002ല് എഫ് സി പോര്ട്ടോയുടെ പരിശീലകനായി. ഇക്കാലയളവില് ചാമ്പ്യന്സ് ലീഗും യുവേഫ യൂറോപ്പ ലീഗും സ്വന്തമാക്കാന് മൗറീഞ്ഞോയ്ക്ക് കഴിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള് പരിശീലകനായുള്ള മാറ്റത്തിന്റെ തുടക്കകാലഘട്ടം മാത്രമായിരുന്നു അത്.

2004ല് മൗറീഞ്ഞോ ഇംഗ്ലീഷ് ക്ലബ് ചെല്സിയുടെ പരിശീലക സ്ഥാനത്തെത്തി. ചെല്സിയുടെ ഫുട്ബോള് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് മൗറീഞ്ഞോയെ കരുതപ്പെടുന്നത്. 2004-05, 2005-06 സീസണില് ചെല്സിയെ ഇംഗ്ലീഷ് പ്രീമിയര് ലീഗ് ചാമ്പ്യന്മാരാക്കി. എന്നാല് തൊട്ടടുത്ത വര്ഷത്തെ മോശം പ്രകടനം മൗറീഞ്ഞോയുടെ സ്ഥാനം തെറുപ്പിച്ചു. 2015ലും സമാന സാഹചര്യമായിരുന്നു സംഭവിച്ചത്. 2014-15 സീസണില് ചെല്സി പ്രീമിയര് ലീഗ് ചാമ്പ്യന്മാരായി. എന്നാല് തൊട്ടടുത്ത സീസണില് മോശം പ്രകടനം നടത്തി. പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായി.

റയല് മാഡ്രിഡിനൊപ്പം ലാ ലീഗ വിജയിക്കാന് മൗറീഞ്ഞോയ്ക്ക് കഴിഞ്ഞു. മാഞ്ചസ്റ്റര് യുണൈറ്റഡിന് ലീഗ് കപ്പും യൂറോപ്പ ലീഗും നേടിക്കൊടുത്തു. ടോട്ടനത്തില് മാത്രമാണ് മൗറീഞ്ഞോയ്ക്ക് കിരീടമില്ലാത്തത്. 2021ല് ലീഗ് കപ്പ് ഫൈനലില് ടോട്ടനത്തെ എത്തിച്ചു. ഇത് തന്റെ പരിശീലക കാലയളവിലെ അര്ദ്ധ കിരീട നേട്ടമെന്നാണ് മൗറീഞ്ഞോ വിശേഷിപ്പിക്കുന്നത്.

മൗറീഞ്ഞോ ഒരു മികച്ച പരിശീലകനാണെന്നതില് സംശയമില്ല. എന്നാല് ക്ലബിന്റെ മോശം സമയത്ത് തിരിച്ചുവരവ് സാധ്യമാക്കുന്നില്ല. തന്റെ പദ്ധതികള്ക്കൊത്ത് കാര്യങ്ങള് നടക്കാതെ വരുമ്പോള് അയാള് അസ്വസ്ഥനാകുന്നു. ഈ സീസണില് എ എസ് റോമയ്ക്കൊപ്പം ആദ്യ ആറ് മത്സരങ്ങളില് അഞ്ച് പോയിന്റ മാത്രമാണ് മൗറീഞ്ഞോയ്ക്ക് നേടാനായത്. എന്നാല് ആ സമയത്ത് ക്ലബ് വിടണമെന്ന അധികൃതരുടെ അഭ്യര്ത്ഥ മൗറീഞ്ഞോ നിരസിച്ചു. പലപ്പോഴും ക്ലബിനെക്കാളും മത്സരത്തേക്കാളും താനാണ് വലുതെന്ന് മൗറീഞ്ഞോ ചിന്തിച്ചു. പരാജയങ്ങളില് നിന്ന് പഠിക്കാന് മൗറീഞ്ഞോ ശ്രമിച്ചതുമില്ല.

To advertise here,contact us