ഇറ്റാലിയന്‍ ക്ലബ് എ എസ് റോമ പരിശീലക സ്ഥാനത്ത് നിന്നും ജോസ് മൗറീഞ്ഞോയെ പുറത്താക്കിയിരിക്കുകയാണ്. പോര്‍ച്ചുഗീസ് മുന്‍ താരം മൗറീഞ്ഞോയക്ക് ഇത് പുതിയ കാര്യമല്ല. ഓരോ തവണയും മൗറീഞ്ഞോ പുതിയ ക്ലബുകളുടെ ഭാഗമാകുമ്പോഴും ഫുട്ബോള്‍ ലോകത്തിന് ഒരു ചിന്തയാണുള്ളത്. എത്രകാലം മൗറീഞ്ഞോ ഈ ക്ലബില്‍ ഉണ്ടാകും?
2022ല്‍ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗില്‍ ചാമ്പ്യന്മാരായതും 2023ല്‍ യൂറോപ്പ ലീഗില്‍ ഫൈനലിസ്റ്റുകളായതുമാണ് റോമയ്ക്കൊപ്പമുള്ള മൗറീഞ്ഞോയുടെ പരിശീലക കരിയറിലെ മികച്ച നേട്ടങ്ങള്‍. എന്നാല്‍ സീരി എയില്‍ ആദ്യ നാല് ടീമുകളില്‍ ഒന്നാകുന്നതുകൊണ്ട് എ എസ് റോമയുടെ അധികൃതര്‍ തൃപ്തരാകുന്നില്ല. സീരി എ കിരീടമോ ചാമ്പ്യന്‍സ് ലീഗ് കിരീടമോ വേണമെന്നാണ് റോമ മാനേജ്മെന്റിന്റെ വാദം. ക്ലബിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത പരിശീലകനെ ഒഴിവാക്കുകയാണ് അവര്‍ക്ക് മുന്നിലുള്ള ഏക പരിഹാര മാര്‍ഗം.
2021-22 സീസണിലാണ് മൗറീഞ്ഞോ ഇറ്റാലിയന്‍ ക്ലബ് എ എസ് റോമയുടെ ഭാഗമായത്. തുടര്‍ച്ചയായി രണ്ട് വര്‍ഷം ആറാം സ്ഥാനമായിരുന്നു റോമയുടേത്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ ഒമ്പതാം സ്ഥാനത്താണ് എ എസ് റോമ. വിജയത്തിനായി ഇറ്റാലിയന്‍ ക്ലബ് പ്രയാസപ്പെടുകയാണ്.
ഓരോ മത്സരത്തില്‍ പരാജയപ്പെടുമ്പോഴും തെറ്റുകള്‍ കണ്ടെത്താന്‍ മൗറീഞ്ഞോ ശ്രമിച്ചിരുന്നില്ല. ലാസിയോയ്ക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം റോമ ആരാധാകര്‍ മികച്ച പിന്തുണ നല്‍കിയെന്ന് മാത്രമാണ് മൗറീഞ്ഞോ പറഞ്ഞത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റ് മാത്രമാണ് റോമ നേടിയത്. എന്നാല്‍ ക്ലബ് തോല്‍വി നേരിടുമ്പോള്‍ മാനേജരായ മൗറീഞ്ഞോ നിശ്ബദത പാലിക്കുകയാണ് ചെയ്തത്.
ഇത് ആറാം തവണയാണ് മൗറീഞ്ഞോ ഒരു ക്ലബിന്റെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താകുന്നത്. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയില്‍ നിന്നും രണ്ട് തവണ മൗറീഞ്ഞോ പുറത്തായി. റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്ട്സപര് എന്നിവര്‍ ഓരോ തവണയും മൗറീഞ്ഞോയെ പുറത്താക്കി.
ചെല്‍സിയുടെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് മൗറീഞ്ഞോയെ കരുതപ്പെടുന്നത്. 2004-05, 2005-06 സീസണില്‍ ചെല്‍സിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കി. എന്നാല്‍ തൊട്ടടുത്ത വര്‍ഷത്തെ മോശം പ്രകടനം മൗറീഞ്ഞോയുടെ സ്ഥാനം തെറുപ്പിച്ചു. 2015ലും സമാന സാഹചര്യമായിരുന്നു സംഭവിച്ചത്. 2014-15 സീസണില്‍ ചെല്‍സി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി. എന്നാല്‍ തൊട്ടടുത്ത സീസണില്‍ മോശം പ്രകടനം നടത്തി.
റയല്‍ മാഡ്രിഡിനൊപ്പം ലാ ലീഗ വിജയിക്കാന്‍ കഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലീഗ് കപ്പും യൂറോപ്പ ലീഗും നേടിക്കൊടുക്കാന്‍ കഴിഞ്ഞു. ടോട്ടനത്തില്‍ മാത്രമാണ് മൗറീഞ്ഞോയ്ക്ക് കിരീടമില്ലാത്തത്. 2021ല്‍ ലീഗ് കപ്പ് ഫൈനലില്‍ ടോട്ടനത്തെ എത്തിച്ചു. ഇത് തന്റെ പരിശീലക കാലയളവിലെ അര്‍ദ്ധ കിരീട നേട്ടമെന്നാണ് മൗറീഞ്ഞോ വിശേഷിപ്പിക്കുന്നത്.
മൗറീഞ്ഞോ ഒരു മികച്ച പരിശീലകനാണെന്നതില് സംശയമില്ല. എന്നാല്‍ ക്ലബിന്റെ മോശം സമയത്ത് തിരിച്ചുവരവ് സാധ്യമാക്കുന്നില്ല. തന്റെ പദ്ധതികള്ക്കൊത്ത് കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ അയാള്‍ അസ്വസ്ഥനാകുന്നു. ഈ സീസണില്‍ ആദ്യ ആറ് മത്സരങ്ങളില്‍ അഞ്ച് പോയിന്റ മാത്രമാണ് മൗറീഞ്ഞോയുടെ ക്ലബിന് നേടാനായത്. എന്നാല്‍ ആ സമയത്ത് ക്ലബ് വിടണമെന്ന അധികൃതരുടെ അഭ്യര്‍ത്ഥ മൗറീഞ്ഞോ നിരസിച്ചു. പലപ്പോഴും ക്ലബിനെക്കാളും മത്സരത്തേക്കാളും താനാണ് വലുതെന്ന് മൗറീഞ്ഞോ ചിന്തിച്ചു. പരാജയങ്ങളില്‍ നിന്ന് പഠിക്കാന്‍ മൗറീഞ്ഞോ ശ്രമിച്ചതുമില്ല.