'അപ്പന്‍ ചെയ്ന്‍ സ്മോക്കര്‍ ആയിരുന്നു, 'തീവണ്ടി' സിനിമ വേണ്ടന്ന് വച്ചതാണ്'; കുഞ്ചാക്കോ ബോബന്‍

സിഗരറ്റ് വലിയുടെ ഭവിഷത്തുകള്‍ നേരിട്ട് കണ്ടിട്ടുള്ളയാളാണെന്നും താരം പറഞ്ഞു

FaceBook

പുകവലിക്കാത്തതിന്റെയും മദ്യപിക്കാത്തതിന്റെയും കാരണം വ്യക്തമാക്കി കുഞ്ചാക്കോ ബോബന്‍. തന്റെ അപ്പന്‍ സ്ഥിരമായി പുകവലിക്കുന്ന ഒരാളായിരിന്നുവെന്നും അതിന്റെ ഭവിഷത്ത് നേരിട്ട് കണ്ടിട്ടുള്ളയാളായതു കൊണ്ടാണ് ഇതൊന്നും ഉപയോഗിക്കാത്തതെന്നും താരം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

'ഞാന്‍ അതിന്റെ ഭവിഷത്തുകള്‍ നേരിട്ട് കണ്ട് അറിഞ്ഞിട്ടുള്ള ആളാണ്. എന്റെ അപ്പന്‍ ചെയ്ന്‍ സ്മോക്കര്‍ ആയിരുന്നു. അതിന്റെ ഏറ്റവും മോശമായ അവസ്ഥ നേരിട്ട് കണ്ട് അനുഭവിച്ചിട്ടുണ്ട്. അതുമൊരു ഘടകം ആണ്. പിന്നെ, ഞാന്‍ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്. പക്ഷെ അതിന്റെ രസം എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല.

സിനിമയ്ക്ക് വേണ്ടി ചെയ്യുമ്പോള്‍ പുക ലെങ്സിലേക്ക് വലിച്ചെടുത്താല്‍ ഞാനൊരു അഞ്ച് മിനുറ്റ് തല കറങ്ങി നില്‍ക്കും. എനിക്ക് പറ്റത്തില്ല. അഞ്ച് മിനുറ്റേ എന്ന് പറഞ്ഞ് ഞാന്‍ എവിടെയെങ്കിലും താങ്ങി നില്‍ക്കും. എനിക്ക് പറ്റില്ല, തല കറങ്ങും. വെറുതെ ഊതി കളിക്കുകയേയുള്ളൂ. വളരെ ഇന്റന്‍സായി അകത്തേക്ക് എടുത്ത് പുറത്തേക്ക് വിടണമെങ്കില്‍ ആ ഷോട്ട് കറക്ടായിരിക്കണം. ഇല്ലെങ്കില്‍ പത്ത് മിനുറ്റ് കഴിഞ്ഞേ ആ ഷോട്ട് എടുക്കാന്‍ പറ്റുള്ളൂ.

ശരിക്കും തീവണ്ടി എന്ന സിനിമയുടെ കഥ എന്നോട് പറഞ്ഞിരുന്നതാണ്. പക്ഷെ അതില്‍ തുടര്‍ച്ചയായി സിഗരറ്റ് വലിക്കണം. ഫേക്ക് ചെയ്യാന്‍ പാടാണ്. ശരിക്കും ഉള്ളിലേക്ക് എടുത്ത് ചെയ്യണമായിരുന്നു. സഹോദരാ എനിക്ക് പറ്റില്ല, നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. ഈ പരിപാടി തുടങ്ങിക്കഴിഞ്ഞാല്‍ സിനിമ തീരാന്‍ ചിലപ്പോള്‍ ഒരു വര്‍ഷം എടുക്കുമെന്ന് ഞാന്‍ പറഞ്ഞു. പിന്നെ മദ്യത്തിന്റെ മണം തന്നെ എനിക്ക് പ്രശ്നമാണ്. അതുകൊണ്ട് തൊട്ടിട്ടേയില്ല.

എനിക്ക് ഹൈ സ്പോര്‍ട്സും മ്യൂസിക്കും ഡ്രൈവിങും പ്രകൃതിയിലേക്ക് ഇറങ്ങുന്നതും സിനിമകളുമാണ്. വേറെ രീതിയില്‍ ഞാന്‍ ഹൈ കണ്ടെത്തുന്നുണ്ട്. ആളുകള്‍ക്കും നമുക്കും ആരോഗ്യത്തിനും മനസിനും ദോഷമില്ലാത്ത രീതിയിലുള്ള ഹൈ എനിക്ക് കിട്ടുന്നുണ്ട്- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlights: Kunchacko Boban explains why he does not smoke or drink

To advertise here,contact us