ഡാർക്ക് മൂഡ്, സ്‌റ്റൈലിഷ് ഫ്രെയിംസ്, എൽജെപി മാജിക്ക് വീണ്ടും; ശ്രദ്ധനേടി ഇന്ദ്രജിത്തിന്റെ'നായകൻ'ട്രെയിലർ

ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നായകന്‍. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ട്രെയിലര്‍ പക്കാ ഡാര്‍ക്ക് മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. മനോജ് പരമഹംസയുടെ സ്‌റ്റൈലിഷ് ഫ്രെയിംസ്, പ്രശാന്ത് പിള്ളയുടെ കൊട്ടി കയയുന്ന മ്യൂസിക്, എല്‍.ജെ.പി മാജിക്ക് എന്നിവ വീണ്ടും ബിഗ് സ്‌ക്രീനില്‍ 4K ദൃശ്യമികവില്‍ ഒക്ടോബര്‍ 30ന് ആസ്വദിക്കാം. 2010ല്‍ റിലീസ് ചെയ്ത ചിത്രം പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററിലേക്ക് എത്താന്‍ പോകുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാന്‍ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ അവതരിപ്പിച്ചത്. പി.എസ് റഫീക്കിന്റെ രചനയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവന്‍, ലാലു അലക്സ്, കലാശാല ബാബു, ചെമ്പന്‍ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനില്‍ മുരളി, സാലു കെ ജോര്‍ജ്ജ്, ശിവജ്, കിരണ്‍രാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബിക മോഹന്‍ എന്നിവരും നായകനില്‍ ഒന്നിച്ചു. ഇല്യുമിനാറ്റോ ഫിലിംസിന്റെ ബാനറില്‍ അനൂപ് ജോണ്‍സണ്‍ കരേടന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

റിലീസ് വേളയില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ദേവദൂതന്‍, ഛോട്ടാ മുംബൈ, കിരീടം എന്നീ സിനിമകളുടെ റീറിലീസ് വിജയത്തിന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകന്‍ 4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയമായ സംഗീതവും നോണ്‍-ഇന്‍ട്രൂസീവ് സ്‌കോറും സിനിമയെപ്പോലെ തന്നെ ഏറെ വേറിട്ട ഒന്നായിരുന്നു പ്രേക്ഷകന്.

എഡിറ്റര്‍: മനോജ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ആര്‍ട്ട്: സാലു കെ ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനില്‍ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനില്‍ റഹ്‌മാന്‍, ക്രിയേറ്റീവ് വിഷനറി ഹെഡ്ഡ്: ബോണി അസനാര്‍, പ്രോജക്ട് ഡിസൈനര്‍: അഭിമന്യു കൃഷ്ണന്‍, കളറിസ്റ്റ്: ഷാന്‍ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ് & സപ്ത റെക്കോര്‍ഡ്‌സ്, അറ്റ്‌മോസ് മിക്‌സിംഗ്: ഹരിനാരായണന്‍, മാര്‍ക്കറ്റിംഗ് ഹെഡ്: ജിബിന്‍ ജോയ്, റെസ്റ്റൊറേഷന്‍: അരുണ്‍ സി.എസ്, മാര്‍ക്കറ്റിംഗ് & ഡിസ്ട്രിബ്യൂഷന്‍: ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ്, സ്റ്റില്‍സ്: കാഞ്ചന്‍, ഡിസൈന്‍സ്: അര്‍ജുന്‍ @ ഹൈ സ്റ്റുഡിയോസ്, സൂരജ് സൂരന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: -The makers have released the trailer for Indrajith's film 'Nayakan'

To advertise here,contact us