അര ലക്ഷത്തിലേറെ കാഴ്ചക്കാരുമായി 'ബഗ്'

ഹരിദേവ് പി എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ബഗ്' മികച്ച പ്രതികരണങ്ങളോടെ യൂട്യൂബില്‍ മുന്നേറുന്നു

രണ്ട് ദിവസം അര ലക്ഷത്തിലേറെ കാഴ്ചക്കാര്‍, കണ്ടവര്‍ പറയുന്നു അറിഞ്ഞിരിക്കണം ഈ ബഗ്. ഹരിദേവ് പി എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ബഗ്' മികച്ച പ്രതികരണങ്ങളോടെ യൂട്യൂബില്‍ മുന്നേറുന്നു. മാറിയ കാലത്തെ കുട്ടികളിലെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് അവതരണം. സംവിധായകന്‍ ജിയോ ബേബി, പ്രിയ ശ്രീജിത്ത്, വിശ്രുത് സുമേഷ്, ബാനുമതി പയ്യന്നൂര്‍, സ്വാതി ശ്രീജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവരുടെ മികച്ച പ്രകടനവും കാഴ്ചക്കാരെ പിടിച്ചിരുത്തുന്നു. ഇതുവരെ 13 ചലച്ചിത്ര മേളകളിലായി 24 പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്.

ടിമില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിദ് ആലിക്കലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിനീഷ് മണിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചന്തു മേപ്പയ്യൂര്‍ (ക്യാമറ), അശ്വിന്‍ രാമചന്ദ്രന്‍ (എഡിറ്റര്‍), അജിത് പട്ടാമ്പി (കല), മഹേഷ് ബാലാജി (മേക്കപ്പ്), അരുണ്‍ പ്രസാദ് (സൗണ്ട് ഡിസൈന്‍) തുടങ്ങിയവരാണ് അണിയറയില്‍. സൈന മൂവിസിന്റെ യൂട്യൂബ് ചാനലില്‍ സ്ട്രീം ചെയ്യുന്ന ചിത്രം സംവിധായകനും നടനുമായ ബേസില്‍ ജോസഫാണ് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്.

Content Highlights: 'Bug' has garnered over 50,000 views. Written and directed by Haridev P, the short film 'Bug' is gaining momentum on YouTube, receiving an excellent response.

To advertise here,contact us