കീർത്തി സുരേഷ് - രാധിക ആപ്‌തെ ടീമിൻ്റെ "അക്ക" ട്രെയ്‌ലർ പുറത്ത്; സീരീസ് സ്ട്രീമിംഗ് തീയതി പുറത്ത്

1980കളുടെ പശ്ചാത്തലത്തിലുള്ള പെർണുരു എന്ന സാങ്കൽപ്പിക രാജ്യമാണ് ‘അക്ക’യുടെ കഥാപരിസരം

കീർത്തി സുരേഷും രാധിക ആപ്‌തെയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ധർമരാജ് ഷെട്ടിയാണ് സീരീസ് രചിച്ച് സംവിധാനം ചെയ്തത്. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആർഎഫ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന സീരീസ് ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിലൂടെ ആഗോളതലത്തിൽ സ്ട്രീമിങ് ആരംഭിക്കും. അധികാരവും പാരമ്പര്യവും പ്രതികാരവും നിറഞ്ഞ ഒരു ഗ്യാങ്സ്റ്റർ ലോകത്തിന്റെ പശ്ചാത്തലത്തിൽ, വ്യത്യസ്തമായ ലക്ഷ്യങ്ങളും വിശ്വാസങ്ങളുമുള്ള രണ്ട് കരുത്തുറ്റ സ്ത്രീകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ട്രെയ്‌ലർ മുന്നോട്ടുവയ്ക്കുന്നത്.

1980കളുടെ പശ്ചാത്തലത്തിലുള്ള പെർണുരു എന്ന സാങ്കൽപ്പിക രാജ്യമാണ് ‘അക്ക’യുടെ കഥാപരിസരം. തലമുറകളായി സ്ത്രീകൾ അധികാരം കൈയാളുകയും തങ്ങളുടെ പാരമ്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന ഈ രാജ്യത്ത്, പുറത്തുനിന്നെത്തുന്ന ഒരാളുടെ ഇടപെടൽ നിലവിലുള്ള അധികാരക്രമത്തെ വെല്ലുവിളിക്കുന്നതോടെ സംഘർഷങ്ങൾ രൂക്ഷമാകുന്നു. വിശ്വാസങ്ങളും കൂറും കുടുംബബന്ധങ്ങളും പഴയ വൈരങ്ങളും പരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ, പെർണുരുവിന്റെ ഭാവി തന്നെ നിർണയിക്കുന്ന ഏറ്റുമുട്ടലുകളിലേക്കാണ് കഥ നീങ്ങുന്നത്.

കീർത്തി സുരേഷ് ഭവാനിയായും രാധിക ആപ്‌തെ രുദ്രയായും എത്തുന്നു. സ്വന്തം അധികാരവും പാരമ്പര്യവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറുള്ള സ്ത്രീയാണ് ഭവാനി. നിലവിലുള്ള വ്യവസ്ഥയെ ചോദ്യം ചെയ്യുകയും സ്വന്തം ലക്ഷ്യങ്ങൾക്കായി നിലകൊള്ളുകയും ചെയ്യുന്ന രുദ്രയാകട്ടെ, പെർണുരുവിലെ അധികാരസമവാക്യങ്ങൾക്ക് വെല്ലുവിളിയാകുന്നു. ഇരുവരുടെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളും വ്യക്തിപരമായ താൽപര്യങ്ങളും തമ്മിലുള്ള സംഘർഷമാണ് സീരീസിന്റെ പ്രധാന ആകർഷണം. തൻവി ആസ്മി, മഹേഷ് മഞ്ജരേക്കർ, അൻഷുമാൻ പുഷ്കർ, മോണിക്ക പൻവാർ എന്നിവരും പ്രധാന താരനിരയിലുണ്ട്.

സീരീസിനെക്കുറിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യ സീരീസ് ഹെഡ് താന്യ ബാമി, ധർമരാജ് ഷെട്ടി, കീർത്തി സുരേഷ്, രാധിക ആപ്‌തെ എന്നിവരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. സ്ത്രീകൾ കഥയിലെ കഥാപാത്രങ്ങൾ മാത്രമല്ല, അധികാരത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്ന വ്യത്യസ്തമായ ലോകമാണ് പെർണുരുവിലൂടെ അവതരിപ്പിക്കുന്നതെന്ന് താന്യ ബാമി പറഞ്ഞു. ഗ്യാങ്സ്റ്റർ വിഭാഗത്തിന് തനതായ നിയമങ്ങളും പശ്ചാത്തലവുമുള്ള ഒരു ലോകം സൃഷ്ടിക്കാനും, സാധാരണയായി ഇത്തരം കഥകളുടെ കേന്ദ്രത്തിൽ വരാത്ത കഥാപാത്രങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും വലിയൊരു കഥ പറയാനുമുള്ള അവസരമാണ് ‘അക്ക’യെന്ന് സംവിധായകൻ ധർമരാജ് ഷെട്ടി വ്യക്തമാക്കി. തന്റെ പാരമ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന സ്ത്രീയാണ് ഭവാനിയെന്നും, അധികാരത്തിനും ശക്തിക്കും പിന്നിൽ എളുപ്പമല്ലാത്ത തീരുമാനങ്ങൾ അവളെ കാത്തിരിക്കുന്നുണ്ടെന്നും കീർത്തി സുരേഷ് പ്രതികരിച്ചു. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം നിർവചിക്കപ്പെടാൻ തയ്യാറാകാത്ത, സ്വന്തം ലക്ഷ്യങ്ങൾക്കായി നിലവിലുള്ള വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന കഥാപാത്രമാണ് രുദ്രയെന്ന് രാധിക ആപ്‌തെ പറഞ്ഞു. ഭവാനിയും രുദ്രയും തമ്മിലുള്ള ഏറ്റുമുട്ടൽ അധികാരത്തിനായുള്ള പോരാട്ടം മാത്രമല്ലെന്നും, കഥാപാത്രങ്ങളുടെ വിശ്വാസങ്ങളും കൂറും വ്യക്തിപരമായ താൽപര്യങ്ങളും കൂടിച്ചേരുന്ന സംഘർഷമാണെന്നും താരങ്ങൾ അഭിപ്രായപ്പെട്ടു.

ഗ്യാങ്സ്റ്റർ കഥകളെ വ്യത്യസ്തമായൊരു ലോകത്തിലൂടെ അവതരിപ്പിക്കാനാണ് ‘അക്ക’യിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ധർമരാജ് ഷെട്ടി വ്യക്തമാക്കുന്നു. സ്ത്രീകൾ അധികാരകേന്ദ്രങ്ങളായി നിലകൊള്ളുന്ന പെർണുരുവിന്റെ പശ്ചാത്തലത്തിൽ, അധികാരം, പാരമ്പര്യം, വൈരാഗ്യം എന്നിവയ്ക്കൊപ്പം കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്കും പ്രാധാന്യം നൽകിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഭവാനിയുടെയും രുദ്രയുടെയും ഏറ്റുമുട്ടലിന് പിന്നിലെ വ്യക്തിപരമായ കാരണങ്ങളും അവരുടെ വിശ്വാസങ്ങളും തീരുമാനങ്ങളും കഥയിൽ നിർണായകമാകും. നെറ്റ്ഫ്ലിക്സും വൈആർഎഫ് എന്റർടെയ്ൻമെന്റും ഒന്നിക്കുന്ന പുതിയ സീരീസ് എന്ന നിലയിലും ‘അക്ക’ ശ്രദ്ധ നേടുന്നു.സംവിധാനം, തിരക്കഥ: ധർമരാജ് ഷെട്ടി,നിർമ്മാണം: വൈആർഎഫ് എന്റർടെയ്ൻമെന്റ്എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ആദിത്യ ചോപ്ര, യോഗേന്ദ്ര മൊഗ്രെ, അക്ഷയ് വിധാനി, പിആർഒ : ശബരി.

Content Highlights: Keerthy Suresh radhika apte starrer akka trailer out

To advertise here,contact us