1 വർഷമാണ് ‘പ്രേമലു 2’വിനു വേണ്ടി കളഞ്ഞത്, ആ നഷ്ടം നികത്തിയത് 'ബെത്‌ലഹേം' വിജയത്തിലൂടെ; ഗിരീഷ് എഡി

'പ്രേമലു 2'വിന് പിന്നാലെ പോയി സമയം നഷ്ടമായി; 'ബെത്‌ലഹേം' വിജയത്തിന് പിന്നിലെ കഥ പറഞ്ഞ് ഗിരീഷ് എഡി

നിവിൻ പോളി നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിൽ മിമിത ബൈജു ആണ് നായിക വേഷത്തിൽ എത്തിയത്. വന്‍ വിജയമായി മാറിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ വിജയത്തിന് പിന്നിലെ പ്രതിസന്ധികളെയും വിശേഷങ്ങളെയും കുറിച്ച് സംവിധായകൻ ഗിരീഷ് എഡി. 'പ്രേമലു 2' സിനിമയ്ക്കായി മാറ്റിവെച്ച ഒരു വർഷം നഷ്ടപ്പെട്ടതും, തുടർന്നാണ് 'ബെത്‌ലഹേം' യാഥാർത്ഥ്യമായതെന്നും ഗിരീഷ് പറയുന്നു.

'ഒരു വർഷം കഴിഞ്ഞ ശേഷമാണ് ഈ സിനിമ തുടങ്ങുന്നത്. അത്രയും നാൾ ‘പ്രേമലു 2’വിന്റെ വർക്കുകളിലായിരുന്നു. അപ്രതീക്ഷിതമായി അത് ഒഴിവാക്കേണ്ടിവന്നു, അത് ഞങ്ങളെ ഭയങ്കരമായി ബാധിച്ചൊരു പ്രശ്നമായിരുന്നു. ഞങ്ങളുടെ ഒരു വർഷമാണ് അത് മൂലം നഷ്ടമായത്. അത്രയും സമയം കളയേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. സമയത്താണ് ‘ബെത്‌ലഹേം’ ചെയ്യാമെന്ത ചിന്ത വരുന്നത്. അതിനു മുമ്പേ തന്നെ ഈ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.

പക്ഷേ ‘പ്രേമലു’ വലിയ ഹിറ്റായിരുന്നതുകൊണ്ട്, ‘പ്രേമലു 2’ എന്ന ഐഡിയ വന്ന് അതിന്റെ പിന്നാലെ പോയതാണ്.

ആ സമയത്ത് കുറച്ച് പാടായിരുന്നു. ആ സമയത്ത് എന്റെ കൂടെ നിന്നത് ഭാവന സ്റ്റുഡിയോസും കൂടെ എഴുതുന്ന കിരൺ ജോസിയും ഡയറക്‌ഷൻ ടീമുമാണ്. അവരെല്ലാം നല്ല പിന്തുണ തന്നതുകൊണ്ടാണ് വളരെ പെട്ടെന്ന് ‘ബെത്‌ലഹേമി’ന്റെ തിരക്കഥ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞത്.

‘പ്രേമലു 2’ സംഭവിച്ചിരുന്നെങ്കിൽ കഴിഞ്ഞ വിഷുവിനാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. അതിൽ നിന്നും മൂന്നാല് മാസം കഴിഞ്ഞാണ് ‘ബെത്‌ലഹേം’ റിലീസ് ചെയ്യുന്നത്. അത്ര സമയമൊന്നും നഷ്ടമായിട്ടില്ല, കാരണം അത്രയും വേഗത്തിൽ ഈ സിനിമയുടെ വർക്ക് ചെയ്തതുകൊണ്ടാണ്. അപ്പോഴും ഞങ്ങൾ വിചാരിച്ചില്ല, ഇത് ഇത്ര വലിയ വിജയമാകുമെന്നോ ഇൻഡസ്ട്രി ഹിറ്റ് ആകുമെന്നോ. ഇത് വ്യക്തിപരമായ വിജയമായി കാണുന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി; ഗിരീഷിന്റെ വാക്കുകൾ.

ഓ​ഗസ്റ്റ് 21ന് തിയറ്ററിൽ എത്തിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ തേരോട്ടം നടത്തിയിരുന്നു. 300 കോടി കളക്ഷൻ ഇതിനകം ചിത്രം പിന്നിട്ടു കഴിഞ്ഞു. പ്രമുഖ ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 330.13 കോടി രൂപയാണ് ഇതുവരെ ബെത്‌ലഹേം കുടുംബ യൂണിറ്റ് നേടിയിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നു.

Content Highlights: Director Girish AD has opened up about the story behind the success of Bethlehem, reflecting on the time spent pursuing Premalu 2. His remarks offer insight into the filmmaking journey and the circumstances surrounding the project.

To advertise here,contact us