സമീപകാലത്തായി ഒരുപാട് വിമർശനങ്ങൾ നേരിടുന്ന സംവിധായകനാണ് വെട്രിമാരൻ. അനൗണ്‍സ് ചെയ്ത സിനിമകള്‍ പറഞ്ഞ സമയത്ത് തീര്‍ക്കാത്തതാണ് വിമര്‍ശനത്തിന് ഒരു കാരണം. ഇപ്പോഴിതാ വെട്രിമാരന്റെ പുതിയ ചിത്രമായ അരസനിൽ നിന്നും വിജയ് സേതുപതി പിന്മാറാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
ഷൂട്ടിനിടയ്ക്ക് സ്ക്രിപ്റ്റ് തിരുത്തുകയും ഷെഡ്യൂളുകള്‍ നീണ്ടുപോവുകയും ചെയ്യുന്നത് പലരെയും നിരാശപ്പെടുത്തുന്നുണ്ട്. ഒറ്റ സിനിമയായി പ്ലാന്‍ ചെയ്ത വിടുതലൈ രണ്ട് ഭാഗത്തിലേക്ക് നീട്ടുകയും മൂന്ന് വര്‍ഷത്തോളം സമയമെടുത്തതെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഏറ്റവുമൊടുവില്‍ അനൗണ്‍സ് ചെയ്ത അരസന്റെ സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വട ചെന്നൈ യൂണിവേഴ്സില് കഥ പറയുന്ന അരസനില്‍ സിലമ്പരസനാണ് നായകന്. അനൗണ്‍സ്മെന്റ് മുതല്‍ പലരുടെയും ലിസ്റ്റില്‍ ഇടംപിടിച്ച അരസന്റെ ഷൂട്ട് അനിശ്ചിതമായി നീളുകയാണ്. വിജയ് സേതുപതി നല്കിയ ഡേറ്റ് മര്യാദക്ക് ഉപയോഗിക്കുന്നില്ലെന്നും അരസന് കാരണം മറ്റ് പ്രൊജക്ടുകള്‍ വൈകുകയാണന്നുമുള്ള കാരണം കൊണ്ടാണ് താരം പിന്മാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ അരസന്റെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തെക്കുറിച്ച് കഴിഞ്ഞയാഴ്ചയും ചില അഭ്യൂഹങ്ങള്‍ കേട്ടിരുന്നു.
ഒരു വര്‍ഷത്തോളമായി അരസനല്ലാതെ മറ്റൊരു സിനിമയും ചെയ്യാതിരിക്കുന്ന സിലമ്പരസനും ഇതോടെ മറ്റ് പ്രൊജക്ടുകള്‍ ചെയ്യാനാകാതെ നില്‍ക്കുകയാണ്. വട ചെന്നൈ 2 അനൗണ്സ്മെന്റില് മാത്രം ഒതുങ്ങി നില്‍ക്കുന്നതെല്ലാം ഇപ്പോഴും പല ഗ്രൂപ്പുകളിലും ചര്‍ച്ച വിഷയമാണ്. വാടിവാസല്‍ ഉപേക്ഷിച്ചത് സൂര്യ ചെയ്ത നല്ല കാര്യമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlights: Vijay sethupathi backing off from vetrimarans movie starring silambarasan