മേള തുടങ്ങട്ടെ…; കറുപ്പണിഞ്ഞ് ടഫ് ലുക്കിൽ മമ്മൂക്ക, നിതീഷ് സഹദേവ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ സിനിമയുടെ പേര് ‘മേള’ എന്നായിരുന്നു

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്‌ഷൻ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. പിറന്നാൾ ദിനമായ ഇന്ന് രാത്രി 12 മണിക്ക് പോസ്റ്റർ പങ്കുവെക്കുകയായിരുന്നു. ‘മേള’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ടഫ് ലൂക്കിലുള്ള പോസ്റ്ററാണ് പ്രേക്ഷകർക്ക് ലഭിച്ചത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ സിനിമയുടെ പേര് ‘മേള’ എന്നായിരുന്നു. കെ.ജി .ജോര്‍ജിന്റെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

സര്‍ക്കസ് കമ്പനി ഉടമയായ ഗ്യാങ്സ്റ്ററായാകും മമ്മൂട്ടി ‘മേള’യില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് സൂചന. ഫസ്റ്റ് ലുക്കിനപ്പുറം ചര്‍ച്ചയാകുന്നത് ചിത്രത്തിന്റെ ടൈറ്റിലാണ്. 46 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ‘മേള’യുമായി മമ്മൂട്ടി എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും ചിത്രത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഒരുപാട് നാളുകൾക്കുശേഷം വരുന്ന ഔട്ട് ആൻ ഔട്ട് മമ്മൂട്ടി മാസ് കമേഴ്സ്യൽ ചിത്രമാകും ഈ ‘മേള’.

വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ താരനിര, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും. കളംകാവല്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഫാലിമി എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴില്‍ തലൈവര്‍ തമ്പി തലൈമയില്‍ എന്നൊരു സൂപ്പര്‍ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തില്‍ ഒരുക്കുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും വലിയ ആവേശം സമ്മാനിക്കുന്നുണ്ട്. പിആര്‍ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Mammootty Starrer new movie mela poster out

To advertise here,contact us