

നടി അനശ്വര രാജന്റെ സഹോദരിയായതിൽ തനിക്ക് ഏറെ സന്തോഷവും അഭിമാനവും മാത്രമാണുള്ളതെന്ന് തുറന്ന് പറഞ്ഞ ഐശ്വര്യ രാജൻ. അനശ്വരയുടെ ചേച്ചി എന്ന പേരിൽ അറിയപ്പെടുന്നതിൽ തനിക്ക് യാതൊരുവിധ ഐഡന്റിറ്റി പ്രശ്നങ്ങളുമില്ലെന്ന് ഓസ്ട്രേലിയയിൽ നിന്ന് പങ്കുവെച്ച പുതിയ വീഡിയോയിലൂടെ ഐശ്വര്യ പറയുന്നു. കല്യാണം എന്താണെന്ന് പോലും അറിയാത്തൊരു പ്രായത്തില്‍ കല്യാണം കഴിച്ച് പോകേണ്ടിയിരുന്ന തന്നെ രക്ഷിച്ചത് അനിയത്തി ആണെന്നും തന്നോട് ജീവിതത്തില്‍ ആദ്യമായി, നിനക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കോ എന്ന് പറഞ്ഞത് അനശ്വരയാണെന്നും ഐശ്വര്യ പറയുന്നു.
'ഞാനിത് ഇങ്ങനൊരു അവസരത്തില്‍ പറയണം എന്ന് കരുതിയതല്ല. എപ്പോഴൊക്കയോ ഇത് പറയാന്‍ ആഗ്രഹിച്ചതാണ്. അവളുടെ സഹോദരി എന്നതില്‍ ഞാന്‍ വളരെ നന്ദിയുള്ളവളാണ്. ആഘോഷിച്ചാണ് ആ ടാഗ് ഞാന്‍ കൊണ്ടു നടക്കുന്നത്. അനശ്വര രാജന്റെ ചേച്ചി എന്ന് നിങ്ങളാരെങ്കിലും വന്ന് പറയുമ്പോഴോ, എവിടെയെങ്കിലും പരാമര്‍ശിക്കുമ്പോഴോ, എനിക്ക് യാതൊരു വിധത്തിലുമുള്ള ഐഡന്റിറ്റി പ്രശ്നങ്ങളുമില്ല.
കാരണം അങ്ങനെ ഒരു അനശ്വര എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നിങ്ങളോ, നിങ്ങളോട് ഇത് പറയാന്‍ ഞാനോ ചിലപ്പോള്‍ ഉണ്ടാകുമായിരുന്നില്ല. അങ്ങനൊരു അനശ്വര എന്നെ രക്ഷിച്ചില്ലായിരുന്നുവെങ്കില്‍ കല്യാണം എന്താണെന്ന് പോലും അറിയാത്തൊരു പ്രായത്തില്‍ കല്യാണം കഴിച്ച്, ജീവിതം സ്റ്റക്കായി നിന്ന് പോയേനെ. കല്യാണം മോശം ആണെന്നല്ല. കല്യാണം എന്താണ് എങ്ങനെയാണ് എന്നൊക്കെ അറിഞ്ഞിട്ട് വേണം കഴിക്കാന്‍. പക്ഷെ അതൊന്നും അറിയാത്ത സമയത്താണ് ഞാന്‍ കല്യാണത്തെക്കുറിച്ച് പ്ലാന്‍ ചെയ്തത്, അങ്ങനെ കല്യാണമൊക്കെ കഴിച്ച്, നടുവേദനയൊക്കെയായി, കുട്ടിയേയും കൊണ്ടു നടക്കുന്ന ഞാന്‍ ആയിരുന്നേനെ.
ജീവിതത്തില്‍ എന്നെ എല്ലാ തരത്തിലും രക്ഷിച്ച ആളാണ് എന്റെ അനശ്വര. അതിനാല്‍ അവളുടെ സഹോദരിയെന്നത് എനിക്ക് എപ്പോഴും സന്തോഷമാണ്. ജീവിതത്തില്‍ ആദ്യമായി നിങ്ങളോട് ഇഷ്ടമുള്ളതെല്ലാം വാങ്ങിച്ചോളൂവെന്ന് പറഞ്ഞതിനെക്കുറിച്ചുള്ളൊരു പോസ്റ്റിന് താഴെ, എന്റെ സഹോദരി എന്ന് ഞാന്‍ കമന്റ് ചെയ്തിരുന്നു. അതിന് താഴെ കുറേപ്പേര് വന്ന് ഓ സിനിമ നടിയായ ശേഷം എന്നൊക്കെ കമന്റ് ചെയ്തിരുന്നു.
നമുക്ക് വേണ്ടപ്പെട്ടവരോട് ഇഷ്ടമുള്ളത് വാങ്ങിച്ചോ എന്ന് പറയണമെങ്കില്‍ സാമ്പത്തികമായി സെറ്റില്‍ഡ് ആയാല്‍ മതി. അതിന് സിനിമയില്‍ അഭിനയിക്കണമെന്നില്ല. പക്ഷെ എത്ര പേര്, എത്ര സഹോദരങ്ങള്‍ പറഞ്ഞിട്ടുണ്ട്? എന്റെ സഹോദരി എന്നോട് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒമാനില്‍ പോയപ്പോള്‍ ഒരു മാളില്‍ പോയിരുന്നു. അപ്പോള്‍ അവള് എന്നോട് പറഞ്ഞിട്ടുണ്ട്, അച്ചു നിനക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിച്ചോ, നമ്മള് അതിനാണ് വന്നതെന്ന്. എന്നോട് ആദ്യമായി ഒരാള്‍ അങ്ങനെ പറഞ്ഞത് എന്റെ സഹോദരിയാണ്. എനിക്ക് അതിനാല്‍ യാതൊരു കുഴപ്പവുമില്ല. ഞാന്‍ വളരെ സന്തോഷത്തോടെയാണത് കൊണ്ടു നടക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇവിടെ നിന്ന് സംസാരിക്കുന്നത്. അതു കൊണ്ടാണ് എന്റെ മുന്നില്‍ ഇങ്ങനൊരു വ്യു ഉള്ളത്; ഐശ്വര്യ പറഞ്ഞു.
Content Highlights: Aishwarya Rajan has expressed pride in being recognised as Anashwara Rajan's elder sister. She also spoke about their bond and her perspective on being associated with the popular Malayalam actress.