'DQ അന്ന് പറഞ്ഞു എടാ ഞാൻ ഇപ്പോൾ മലയാളത്തിലേക്ക് ഇല്ലെന്ന്..പിന്നീട് കഥ കേട്ടപ്പോൾ Ok പറഞ്ഞു' | Nahas Hidhayath

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഐ ആം ഗെയിം എത്തുന്നത്

ദുൽഖർ സൽമാനെ നായകനായി പുറത്തിറങ്ങുന്ന പുതിയ ചിത്രം ഐ ആം ഗെയിം വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ നഹാസ് ഹിദായത്ത്. RDX എന്ന സിനിമയ്ക്ക് ശേഷം താൻ ദുൽഖറിനെ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നും അപ്പോൾ അദ്ദേഹം മലയാളത്തിലേക്ക് ഇപ്പോൾ ഇല്ലെന്ന് പറഞ്ഞെന്നും നഹാസ് പറഞ്ഞു. പിന്നീട് കഥ കേട്ട ശേഷം അദ്ദേഹം സിനിമ നിർമിക്കാമെന്നും നഹാസ് പറഞ്ഞു. ഐ ആം ഗെയിം സിനിമയുടെ മ്യൂസിക് ലോഞ്ചിലാണ് നഹാസ് ഇക്കാര്യം പറഞ്ഞത്.

'ഞാൻ നിരന്തരം ഈ സിനിമയ്ക്ക് വേണ്ടി ദുൽഖറിനെ ബന്ധപ്പെടുന്നുണ്ടായിരുന്നു…അവിടേക്ക് എത്താൻ എനിക്ക് RDX വേണ്ടി വന്നു. പിന്നീട് ഞാൻ ദുൽഖറിന്റെ അടുത്തെത്തി ഈ കഥയുടെ വൺ ലൈൻ കേൾക്കാൻ പറഞ്ഞു. അപ്പോൾ ഇക്ക പറഞ്ഞു എടാ ഞാൻ ഇപ്പോൾ മലയാളത്തിലേക്ക് നോക്കുന്നില്ലെന്ന്…കാരണം തമിഴിലും തെലുങ്കിലുമായി നല്ല തിരക്ക് ആയിരുന്നു. എന്നിട്ടും ഞാൻ കഥ കേൾക്കാമോ എന്ന് ചോദിച്ച് നിർബന്ധിച്ചു. അങ്ങനെ കഥ കേട്ട ശേഷം ഇക്ക എനിക്ക് കൈ തന്നു…കൂടാതെ ഈ സിനിമ നിർമ്മിക്കാമെന്നും ദുൽഖർ പറഞ്ഞു'.

'ലോക സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ ഞാൻ പറഞ്ഞിരുന്നു അത് വലിയ ഹിറ്റ് ആവുകയാണെങ്കിൽ ഐ ആം ഗെയിമിന് നല്ല ബഡ്ജറ്റ് തരാമെന്ന് നിർമാതാക്കൾ പറഞ്ഞിരുന്നുവെന്ന് അതുപോലെ തന്നെ സംഭവിച്ചു. ലോക വലിയ ഹിറ്റ് ആയി…അതുകൊണ്ട് എനിക്ക് I M Game പോലൊരു വലിയ സിനിമ ചെയ്യാൻ കഴിഞ്ഞു', നഹാസ് പറഞ്ഞു.

അതേസമയം, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഐ ആം ഗെയിം എത്തുന്നത്. വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം നഹാസ് ആണ് സംവിധാനം ചെയ്യുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്. സെപ്റ്റംബർ മൂന്നിന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്.

Content Highlights: Director Nahas says about Dulquer Salman onboard in im game movie

To advertise here,contact us