'സിനിമാ പരിപാടി വിടാൻ പറഞ്ഞു, മമിത കരയാൻ ആയി' ഓഡിഷന് വന്നപ്പോള്‍ ഉണ്ടായ ഓർമ പങ്കിട്ട് ഗിരീഷ് എ ഡി

സൂപ്പര്‍ ശരണ്യയില്‍ നിന്നും മമിത പ്രേമലുവിലേക്കെത്തിയപ്പോള്‍ ഒരുപാട് ചേഞ്ചായി. അവിടെ നിന്ന് ബെത്‌ലഹേമിലേക്ക് വന്നപ്പോള്‍ അതിനെക്കാളും അടിപൊളിയായി

നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. 2022ല്‍ ഗിരീഷ് എ ഡി ഒരുക്കിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ ഓഡിഷന് വന്നപ്പോൾ പറഞ്ഞ ഒരു കാര്യം തെറ്റിദ്ധരിച്ച് മമിത കരയാൻ ആയ സംഭവം വെളിപ്പെടുത്തുകയാണ് ഗിരീഷ് എ ഡി. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയില്‍ ആണ് പ്രതികരണം.

‘സൂപ്പര്‍ ശരണ്യ ഓഡിഷന്റെ സമയത്ത് ഞാന്‍ ഒരു സംഭവം പറഞ്ഞപ്പോള്‍ അത് വേറെ എന്തോ ആയി തെറ്റിദ്ധരിച്ച് പുള്ളിക്കാരി കരയാനെല്ലാം ആയി. ഒരു സിനിമാ പരിപാടി വിട് എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതായത് സിനിമയില്‍ നോര്‍മലി അഭിനയിക്കുന്ന പോലെയുള്ള സംഭവം വിടാനാണ് പറഞ്ഞത്. പക്ഷേ മമിത വിചാരിച്ചത് സിനിമയെന്ന പരിപാടിയേ വിട്ട് പോകാനാണ് ഞാന്‍ പറഞ്ഞത് എന്നാണ്. സൂപ്പര്‍ ശരണ്യയില്‍ നിന്നും മമിത പ്രേമലുവിലേക്കെത്തിയപ്പോള്‍ ഒരുപാട് ചേഞ്ചായി. അവിടെ നിന്ന് ബെത്‌ലഹേമിലേക്ക് വന്നപ്പോള്‍ അതിനെക്കാളും അടിപൊളിയായി,’ ഗിരീഷ് പറഞ്ഞു.

ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയര്‍ന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പര്‍ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Content Highlights: Director Gireesh A.D. has opened up about Mamitha Baiju’s audition for Super Sharanya, recalling the circumstances that made the actress emotional and brought her to tears. The revelation offers an interesting glimpse into the casting process behind the 2022 Malayalam coming-of-age film, which featured Mamitha as Sona.

To advertise here,contact us