കാത്തിരിപ്പിന് വിരാമം!'ടോക്‌സിക്' റിലീസിന് ഇനി ഒരാഴ്ച; അഡ്വാന്‍സ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കും

'ടോക്‌സിക്:എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും

റിലീസിന് ഇനി ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ, യഷ് നായകനായ 'ടോക്‌സിക്' സിനിമ ആഗോള റിലീസിനായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് അറിയിച്ചു.

ചുവപ്പ് പശ്ചാത്തലത്തില്‍ തീവ്രമായ ഭാവത്തില്‍ യഷിനെ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റര്‍. ചിത്രത്തിന്റെ പ്രമോഷന്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുതിയ പോസ്റ്റര്‍ പ്രേക്ഷകരിലെ പ്രതീക്ഷയും ആവേശവും വര്‍ധിപ്പിക്കുകയാണ്.

അടുത്തിടെ പുറത്തിറങ്ങിയ 'ടോക്‌സിക്' ട്രെയിലറിന് പിന്നാലെയാണ് അഡ്വാന്‍സ് ബുക്കിങ് സംബന്ധിച്ച പ്രഖ്യാപനം. യഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ലോകത്തിലേക്കുള്ള കൂടുതല്‍ കാഴ്ചകള്‍ ട്രെയിലര്‍ സമ്മാനിച്ചിരുന്നു. നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും ട്രെയിലര്‍ പരിചയപ്പെടുത്തുന്നു.

കുറ്റകൃത്യങ്ങളുടെയും അധികാരത്തിന്റെയും സങ്കീര്‍ണമായ ബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ലോകവും കഥാപരിസരവും ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ അവതരണശൈലിയിലൂടെ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

വെങ്കട്ട് കെ.നാരായണയും യഷും ചേര്‍ന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സ്, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ടോക്‌സിക്കില്‍ യഷിനൊപ്പം നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Content Highlights: Advance booking for 'Toxic' will begin on August 21. It will be released in theaters worldwide on August 26

To advertise here,contact us