'അവർ തമ്മിൽ അഗാധമായ പ്രണയമായിരുന്നു'; അഭിഷേക് ബച്ചനും കരീഷ്മയും പിരിയാനുള്ള കാരണം വ്യക്തമാക്കി സുനീൽ ദർശൻ

ഈ ബന്ധം വേണ്ടെന്നുവെക്കുന്ന സമയത്ത് കരിഷ്മയുടെ വീട്ടില്‍ താനുമുണ്ടായിരിന്നുവെന്നും സുനീല്‍ ദര്‍ശന്‍

ബോളിവുഡ് ആഘോഷമാക്കിയ പ്രണയമായിരുന്നു കരിഷ്മ കപൂറിന്റെയും അഭിഷേക് ബച്ചന്റെയും. ആ പ്രണയബന്ധം വേര്‍പിരിഞ്ഞതും ആരാധകരെ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇവരും തമ്മില്‍ പിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവും സംവിധായകനുമായ സുനീല്‍ ദര്‍ശന്‍. ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

'വിവാഹം വേണ്ടെന്ന തീരുമാനമെടുക്കുന്ന സമയത്ത് താനും കരിഷ്മയുടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് സുനീല്‍ ദര്‍ശന്‍ പറഞ്ഞു. 'ഏക് റിഷ്തായുടെ ചിത്രീകരണത്തിനും മുന്‍പേ തന്നെ ഇവരുടെ പ്രണയം ആരംഭിച്ചി പിന്നീട് അത് വളര്‍ന്നു. ഹാ മേംനേ ഭി പ്യാര്‍ കിയാ' എന്ന ചിത്രത്തിന്റെ ആലോചന നടക്കുന്ന സമയത്ത് വിവാഹം തീരുമാനിച്ചു. അമിതാഭ് ബച്ചന്റെ മകനും രാജ് കപൂറിന്റെ പേരക്കുട്ടിയും ചേരുമ്പോള്‍ അതൊരു മനോഹരമായ കൂട്ടുകെട്ടായിരുന്നു.

ഈ ബന്ധം വേണ്ടെന്നുവെക്കുന്ന സമയത്ത് അവിചാരിതമായി കരിഷ്മയുടെ വീട്ടില്‍ ഞാനുമുണ്ടായിരുന്നു. ആ വിവാഹം മുടങ്ങിയത് നിര്‍ഭാഗ്യകരമാണ്. പിന്നീട് പുതുവത്സരാഘോഷത്തിനായി കരിഷ്മ ബാങ്കോക്കിലേക്ക് പോയി, പെട്ടെന്നാണ് സഞ്ജയ് കപൂറിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടത്. ആ തീരുമാനം എനിക്ക് ഒരിക്കലും മനസ്സിലായില്ല.

ആളുകള്‍ കരിഷ്മയുടെ അമ്മ ബബിതയെയോ, അഭിഷേകിന്റെ അമ്മ ജയാ ബച്ചനെയോ, കരിഷ്മയെയോ അഭിഷേകിനെയോ ഒക്കെ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ ഇതെല്ലാം വിധിക്ക് വിട്ടുകൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ തമ്മില്‍ വളരെ ഗാഢമായ ബന്ധമായിരുന്നു. പ്രണയം ഓരോ ആളുകളിലും ഓരോ രീതിയിലാണ് അനുഭവപ്പെടുന്നത്. അവര്‍ക്കിടയില്‍ നിരന്തരം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു' സുനീല്‍ ദര്‍ശന്‍ പറഞ്ഞു.

അമിതാഭ് ബച്ചന്റെ 60-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെയാണ് കരിഷ്മയും അഭിഷേകും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. 2002- ല്‍ വിവാഹനിശ്ചയം നടന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീട് കരിഷ്മ വ്യവസായിയായിരുന്ന സഞ്ജയ് കപൂറിനെയും അഭിഷേക് ബച്ചന്‍ നടി ഐശ്വര്യാ റായിയെയും വിവാഹം കഴിച്ചു.

Content Highlights: Sunil Darshan has revealed the reason behind the breakup of Abhishek Bachchan and Karisma. He stated that he was present at Karisma's home when the decision was made to call off the relationship.

To advertise here,contact us