നടൻ സൽമാൻ ഖാന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം നടൻ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവിടെനിന്നുള്ള ചിത്രങ്ങളിൽ അല്പം ക്ഷീണിതനായിട്ടാണ് നടനെ കാണപ്പെട്ടത്. ഇതിന് പിന്നാലെ ആണ് നടൻ എന്തോ മാരകമായ അസുഖത്തിന്റെ പിടിയിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയെന്നോണം ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.
തന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. 'നിങ്ങളുടെ ആരോഗ്യം എങ്ങനെയുണ്ട് ?' എന്നാണ് സൽമാൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ പുതിയ ഡാറ്റാ കളക്ഷൻ ആൻഡ് വെരിഫിക്കേഷൻ സപ്പോർട്ട് സെന്റർ (ഐടി സെർവർ റൂം) ഉദ്ഘാടന ചടങ്ങിലായിരുന്നു സൽമാൻ ഖാൻ പങ്കെടുത്തത്. 'മാതൃഭൂമി' ആണ് സൽമാന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. 'ബാറ്റിൽ ഓഫ് ഗാൽവാൻ' എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്.
2020 ജൂണിൽ ഗാൽവാൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Aap logon ki tabiyat kaisi hai ? pic.twitter.com/sFWklGKo8K
ചിത്രാംഗദ സിംഗ്, അഭിലാഷ് ചൗധരി തുടങ്ങിയവരും ഈ സൽമാൻ ഖാൻ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.നേരത്തെ പുറത്തുവന്ന സിനിമയുടെ ടീസറിന് നിറയെ ട്രോളുകൾ ലഭിച്ചിരുന്നു. പ്രധാനമായും സൽമാൻ ഖാൻ്റെ ഡയലോഗ് ഡെലിവറിക്കും ടീസറിലെ പ്രകടനത്തിനുമാണ് ട്രോളുകൾ ഉയരുന്നത്. ഇത്രയും നാളായിട്ടും നടന്റെ ഡയലോഗ് ഡെലിവറിയിൽ മാറ്റമൊന്നും ഇല്ലെന്നും അതേ പതിഞ്ഞ താളത്തിലാണ് പറയുന്നതെന്നും വിമർശനങ്ങൾ ഉണ്ട്. മഞ്ഞുമൂടിയ മലനിരകളും ഒഴുകുന്ന നദിയും ഉൾപ്പെടുന്ന താഴ്വരയുടെ ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന്, ആയിരക്കണക്ക് എതിരാളികളെ മരക്കഷ്ണങ്ങളും കല്ലുകളുമായി നേരിടാൻ ഒരുങ്ങി നിൽക്കുന്ന സൈന്യത്തെയും ടീസറിൽ കാണാം. അതിനൊപ്പം ചിത്രത്തിലെ മറ്റു അഭിനേതാക്കൾക്കും ട്രോളുകൾ ലഭിക്കുന്നുണ്ട്.
Content Highlights: Viral images of Salman Khan triggered speculation among fans on social media. The actor has now responded, addressing the discussions surrounding the photographs.