ഇത്തവണ വില്ലന്മാർ കുറേ ഉണ്ടല്ലോ! ഒപ്പം ഹൾക്കും; പ്രതീക്ഷയുണർത്തി സ്‌പൈഡർമാൻ പുതിയ ട്രെയ്‌ലർ

ഇത്തവണ സ്പൈഡർമാന് ഒപ്പം പണിഷർ, ഹൾക്ക് എന്നീ കഥാപാത്രങ്ങളും സിനിമയിൽ എത്തുന്നുണ്ട്

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ലോകമെമ്പാടും ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള സിനിമകൾ അല്ല മാർവെൽ സ്റ്റുഡിയോസ് പുറത്തിറക്കുന്നതെങ്കിലും അവർ ശക്തമായി തിരിച്ചുവരുമെന്നാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്. മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്‌പൈഡർമാൻ ചിത്രം സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ. ഇപ്പോഴിതാ സിനിമയുടെ പുതിയ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്.

പതിവ് പോലെ ഒരു പക്കാ ആക്ഷൻ സിനിമയാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഇത്തവണ സ്പൈഡർമാന് ഒപ്പം പണിഷർ, ഹൾക്ക് എന്നീ കഥാപാത്രങ്ങളും സിനിമയിൽ എത്തുന്നുണ്ട്. ഒപ്പം മറ്റു ചില സർപ്രൈസുകളും ട്രെയ്‌ലർ ഒളിപ്പിച്ചുവെക്കുന്നുണ്ട്. സിനിമയുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്. ചിത്രം ആഗോള റിലീസിനും ഒരു ദിവസം മുൻപ് ഇന്ത്യയിൽ പ്രദർശനത്തിന് എത്തും എന്ന് നിർമാതാക്കളായ സോണി പിക്ചേഴ്സ് നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 31 ആണ് സിനിമയുടെ ആഗോള റിലീസ്. ഇന്ത്യയിൽ ചിത്രം ജൂലൈ 30 ന് റിലീസിനെത്തും. ഇന്ത്യയിൽ നിന്ന് ആദ്യ ദിനം വലിയ കളക്ഷൻ തന്നെ സിനിമ നേടുമെന്നാണ് പ്രതീക്ഷ. മാർവൽ സിനിമാറ്റിക് യൂണിേവഴ്സിലെ 38ാം സിനിമയും എംസിയു സ്പൈഡർമാൻ സീരിസിലെ നാലാമത്തെ സിനിമയുമാണിത്. 2021ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ: നോ വേ ഹോം സിനിമയുടെ തുടര്‍ച്ചയായാണ് ബ്രാൻഡ് ന്യൂ ഡേ എത്തുന്നത്. സ്ട്രെയിഞ്ചർ തിങ്സ് താരം സാഡി സിങ്കും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സംവിധാനം. ടോം ഹോളണ്ട്, സെൻഡായ, ജേക്കബ് ബതലൻ, ജോൺ ബേൺന്തൽ, മൈക്കൽ മാൻഡോ, മാർക്ക് റുഫല്ലോ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇതിന് പുറമെ അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേയും മാർവെൽ ആരാധകർ കാത്തിരിക്കുന്ന സിനിമയാണ്. അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേയിലൂടെ ഡോക്ടർ ഡൂം എന്ന കഥാപാത്രമായി റോബർട്ട് ഡൗണി തിരിച്ചെത്തുന്നു എന്ന വാർത്ത അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒപ്പം ക്രിസ് ഇവൻസും മാർവെലിലേക്ക് തിരിച്ചെത്തുന്നു എന്നും വാർത്തകൾ വന്നിരുന്നു. ഇവരെക്കൂടാതെ പഴയതും പുതിയതുമായ നിരവധി കാസ്റ്റാണ് ഡൂംസ്‌ ഡേയിലേക്ക് എത്തുന്നത്. ചിത്രം 2026 ഡിസംബറിൽ തിയേറ്ററുകളിൽ എത്തും. 2D, 3D ഐമാക്സ് സ്‌ക്രീനുകളിലായി ചിത്രം പുറത്തിറങ്ങും.

Content Highlights:The latest trailer of Spider-Man has created a wave of excitement among fans, revealing the presence of multiple villains and a surprise appearance of Hulk. The action-packed teaser has raised expectations for the film’s storyline and expanded universe connections.

To advertise here,contact us