വീണ്ടും ഒരു സുഷിൻ ശ്യാം മാജിക്! മനസുനിറച്ച് ബാലനിലെ ആദ്യ ഗാനം

സുഷിൻ ശ്യാം ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നിള രാജ് ആണ്

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ. ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ്.

സുഷിൻ ശ്യാം ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നിള രാജ് ആണ്. 'താക്കോൽ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് അൻവർ അലി ആണ്. മഞ്ഞുമ്മൽ ബോയ്സ് പോലെ അല്ല ഈ സിനിമയിലെ പശ്ചാത്തല സംഗീതമെന്നും ചെയ്യുമ്പോൾ കൺഫ്യൂഷൻ ഉണ്ടായിരുന്നതായും സുഷിൻ നേരത്തെ പറഞ്ഞിരുന്നു. ‘ബാലൻ എന്ന ചിത്രത്തിന് വേണ്ടി മ്യൂസിക് ചെയ്യുമ്പോൾ തുടക്കത്തിൽ കുറച്ച് കൺഫ്യൂസിങ് ആയിരുന്നു. കാരണം, പലതരം ഇമോഷൻസ് സംസാരിക്കുന്ന ഒരു ചിത്രമാണിത്. സിനിമയ്ക്ക് എങ്ങനെയുള്ള ഇമോഷൻ ആണ് നൽകേണ്ടത് എന്ന കാര്യത്തിൽ ചെറിയൊരു ബുദ്ധിമുട്ടുണ്ടായിരുന്നു. വളരെ റിയൽ ആയ ഇമോഷൻ വേണോ അതോ ഉള്ളിലുള്ള അണ്ടർലൈൻ ഇമോഷൻ വേണോ എന്ന് കണ്ടുപിടിക്കുക വെല്ലുവിളി. എന്നാൽ പ്രേക്ഷകർക്ക് സിനിമ കാണുമ്പോൾ അത് കൃത്യമായി മനസ്സിലാകും. വാക്കുകളാൽ അത് പറഞ്ഞുതരാൻ അറിയില്ലെങ്കിലും ഞാൻ സിനിമയിൽ അത് ഭംഗിയായി ചെയ്തുവെച്ചിട്ടുണ്ട്. വളരെ ഇന്ട്രെസ്റ്റിങ്ങ് ആണത്.

മഞ്ഞുമ്മൽ ബോയ്സി’ലെ പോലെ അല്ല ഈ സിനിമയിലെ പശ്ചാത്തല സംഗീതം. ഇതിൽ കഥാപാത്രങ്ങളുടെ തൊട്ടടുത്ത് നിൽക്കുന്ന തരത്തിലുള്ള മ്യൂസിക് ആണ് ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞുമ്മലിൽ വലിയൊരു ഓർക്കസ്ട്രയാണ് ഉപയോഗിച്ചതെങ്കിൽ, ഇവിടെ ഒരു ചെറിയ മുറിയിലിരുന്ന് വായിക്കുന്ന തരത്തിലുള്ള സ്ട്രിങ് ഇൻസ്ട്രമെന്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സിനിമയിൽ ഇമോഷണൽ സീനുകൾ വരുമ്പോൾ ഞാൻ വീണ വായിക്കാറുണ്ട്. ഞാൻ ചെയ്യുന്ന മ്യൂസിക് ആദ്യം എന്നോട് തന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോ എന്ന് നോക്കാറുണ്ട്. അതിന് ശേഷമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്,' സുഷിൻ പറഞ്ഞു.

കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് 'ബാലന്‍ ദി ബോയ്' അവതരിപ്പിക്കുന്നത്. കെ. വി. എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം, പാന്‍ ഇന്ത്യന്‍ റിലീസായി 2026 ജൂണ്‍ 19 ന് മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Content Highlights:The first track from the film Balan, composed by Sushin Shyam, has been released and is being widely appreciated by listeners. The song is noted for its fresh sound and emotional depth, further strengthening expectations around the film’s music album.

To advertise here,contact us