തമിഴ് സിനിമയ്ക്ക് വേണ്ടി അനിരുദ്ധ് എന്ന് പേര് മാറ്റി, പക്ഷേ ആ പേര് വിളിക്കുമ്പോൾ ഞാൻ വിളി കേൾക്കില്ല; സൈജു

നാട്ടുകാർക്ക് എന്നെ സൈജു കുറുപ്പായിട്ടാണ് അറിയാവുന്നത്. എങ്കിലും വ്യക്തിപരമായി എനിക്ക് ‘അനിരുദ്ധ്’ എന്ന പേര് ഒരുപാട് ഇഷ്ടമായിരുന്നു

'മയൂഖം' എന്ന സിനിമയിലൂടെ തുടങ്ങി നായകനായും വില്ലനായും സ്വഭാവ നടനായുമൊക്കെ ഒട്ടേറെ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് സൈജു കുറുപ്പ്. മലയാളത്തിലും തമിഴിലുമായി ഇരുന്നൂറോളം സിനിമകളിൽ സൈജു അഭിനയിച്ചിട്ടുണ്ട്. നടന്റേതായി പുറത്തിറങ്ങിയ ഭരതനാട്യം തിയേറ്ററിൽ നിന്ന് 50 കോടി നേടിയിരുന്നു. ഇപ്പോഴിതാ തമിഴ് സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ പേര് മാറ്റിയതിനെക്കുറിച്ച് പറയുകയാണ് സൈജു.

സൈജു കുറുപ്പ് മാറ്റി അനിരുദ്ധ് എന്നാക്കിയെന്നും എന്നാൽ ആ പേര് താൻ തന്നെ മറന്നു പോയെന്നും സൈജു പറഞ്ഞു. ആരെങ്കിലും അനിരുദ്ധ് എന്ന് വിളിച്ചാൽ തിരിഞ്ഞു നോക്കില്ലെന്നും ആ പേര് ഉൾകൊള്ളാൻ സമയമെടുത്തുവെന്നും സൈജു പറഞ്ഞു. പക്ഷേ വ്യക്തിപരമായി തനിക്ക് ആ പേര് വളരെ ഇഷ്ടമായിരുന്നുവെന്നും സൈജു കൂട്ടിച്ചേർത്തു. ഷെഫ് നളന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഞാൻ ഒരു തമിഴ് സിനിമയ്ക്ക് വേണ്ടിയാണ് പേര് മാറ്റിയത്. അവിടെയുള്ളവരോടൊക്കെ എന്റെ പേര് അനിരുദ്ധ് എന്നാണ് പറഞ്ഞിരുന്നത്. അവർ ആ പേര് വിളിക്കുമായിരുന്നു, പക്ഷേ ഞാൻ വിളി കേൾക്കില്ലായിരുന്നു. കാരണം എന്നെയാണ് അവർ വിളിക്കുന്നതെന്ന് എനിക്ക് പെട്ടെന്ന് മനസിലാവില്ലായിരുന്നു.

എന്റെ പേര് അനിരുദ്ധ് ആണെന്ന് ഞാൻ പോലും ഉള്ളുകൊണ്ട് അംഗീകരിച്ചിട്ടുണ്ടായിരുന്നില്ല. പിന്നെങ്ങനെയാണ് മറ്റുള്ളവർ ആ പേര് വിളിക്കുക? നാട്ടുകാർക്ക് എന്നെ സൈജു കുറുപ്പായിട്ടാണ് അറിയാവുന്നത്. എങ്കിലും വ്യക്തിപരമായി എനിക്ക് ‘അനിരുദ്ധ്’ എന്ന പേര് ഒരുപാട് ഇഷ്ടമായിരുന്നു.’ സൈജു കുറുപ്പ് പറയുന്നു.

Content Highlights: Saiju Kurup has revealed that he used the name Anirudh during his association with Tamil cinema. The actor shared the circumstances behind the name change and reflected on his experiences in the industry during that phase of his career.

To advertise here,contact us