സുകന്യക്ക് നേരെയുള്ള വീരപ്പന്റെ അവിഹിത ആരോപണം;നടിക്ക് സൺടിവി 10ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി

മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ മകനുമായി സുകന്യക്ക് ബന്ധമുണ്ടെന്നായിരുന്നു വീരപ്പന്റെ ആരോപണം

വര്‍ഷങ്ങള്‍ക്കു മുമ്പ് സംപ്രേക്ഷണം ചെയ്ത വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തെന്നിന്ത്യന്‍ താരം സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി. ഇതിനെതിരെ സുകന്യ നല്‍കിയ മാനനഷ്ടക്കേസില്‍ 2015 ല്‍ വിചാരണ കോടതി അനുകൂല ഉത്തരവിറക്കിയിരുന്നു. അതിനെതിരെ സണ്‍ടിവി നെറ്റ്‌വർക്ക് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ കുമരേഷ് വിധി പ്രഖ്യാപിച്ചത്.

നക്കീരന്‍ എഡിറ്റര്‍ ആര്‍ ആര്‍ ഗോപാല്‍ വീരപ്പനുമായി നടത്തിയ അഭിമുഖം 1996 ഏപ്രില്‍ 17 ന് 'നേരുക്കുനേര്‍' എന്ന പരിപാടിയായി സണ്‍‌ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്നു. ആ അഭിമുഖത്തില്‍ വീരപ്പന്‍ സുകന്യക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ മകനുമായി അവിഹിത ബന്ധമുണ്ടെന്നായിരുന്നു വീരപ്പന്‍ ആരോപിച്ചത്. ഇത് വ്യാജവും അപകീര്‍ത്തികരവുമായ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുകന്യ കേസ് കൊടുത്തത്.

അതുമാത്രമല്ല ആ ബന്ധത്തിന്റെ വീഡിയോ പകര്‍ത്തി 1996-ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് അത് രാഷ്ട്രീയ വിലപേശലിനായി ഉപയോഗിച്ചുവെന്ന വീരപ്പന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതിയിലുണ്ടായിരുന്നു. ഈ വ്യാജ ആരോപണം തന്റെ സല്‍പ്പേരിനെയും തൊഴിലിനെയും വ്യക്തിജീവിതത്തെയും ബാധിച്ചതായും മാനസികാഘാതമുണ്ടാക്കിയതായും ചൂണ്ടിക്കാട്ടി സുകന്യ കോടതിയെ സമീപിക്കുകയായിരുന്നു.

നക്കീരന്റെ അഭിമുഖം സംപ്രേഷണം ചെയ്യുകമാത്രമാണ് ചെയ്തതെന്നും അഭിമുഖം തങ്ങളുടെതല്ലെന്നും സണ്‍ ടിവി വാദിച്ചു. എന്നാല്‍ പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുന്‍പ് അത് എഡിറ്റ് ചെയ്യാനുള്ള അധികാരം സണ്‍ടിവിക്ക് ഉണ്ടെന്നും അത് എന്തുകൊണ്ട് ചെയ്തില്ലെന്നും കോടതി ചോദിച്ചു. എഡിറ്റോറിയല്‍ നിയന്ത്രണമുള്ളതിനാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി പറഞ്ഞു.

സുകന്യക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള 2015 ലെ വിചാരണ കോടതി വിധിയാണ് മദ്രാസ് ഹൈക്കോടതി ശരിവെച്ചത്. അതിനു പുറമെ അഭിമുഖത്തിലെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനും കോടതി സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Veerappan's illegal allegations against Sukanya Court orders Sun TV to pay Rs 10 lakh to the actress

To advertise here,contact us