പെദ്ധി എന്ന ചിത്രത്തിൽ ജാൻവി കപൂർ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ ചിത്രീകരിച്ച രീതിക്കെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി അണിയറ പ്രവർത്തകർ. ചിത്രത്തെ ജാൻവി കപൂറിന്റെ രംഗങ്ങളിൽ മാറ്റം വരുത്തുമെന്നും ചില സീനുകൾ ഒഴിവാക്കുമെന്നും ബുച്ചി ബാബു സന അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം.
ജാൻവിയുടെ ശരീരത്തെ വിൽപനചരക്ക് പോലെ അവതരിപ്പിച്ചെന്നും ക്യാമറ ആംഗിളുകളെല്ലാം തന്നെ സ്ത്രീശരീരത്തെ ഒബ്ജെക്ടിഫൈ ചെയ്യുന്നവയാണെന്നുമാണ് ചിത്രത്തിന് എതിരെ ഉയർന്ന വിമർശനം. സിനിമയിലൂടെ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിമർശനങ്ങൾ ഉൾക്കൊള്ളുന്നു എന്നുമാണ് സംവിധായകന്റെ പ്രതികരണം.
'സിനിമ പ്രേക്ഷകരെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും അവരുമായി കണക്ട് ചെയ്യുകയും ചെയ്യുന്നതാകണം എന്നാണ് ഞാൻ കരുതുന്നത്. ആരെയും അപമാനിക്കാനോ ബുദ്ധിമുട്ടിക്കാനോ സിനിമ കാരണമാകരുത് എന്നും വിശ്വസിക്കുന്നത്. നിങ്ങൾ സിനിമയിലെ ചില രംഗങ്ങളെ കുറിച്ച് ഉന്നയിച്ച അഭിപ്രായങ്ങളെല്ലാം ഞങ്ങൾ കേട്ടു. അവയെല്ലാം അർഹിക്കുന്ന ഗൗരവത്തോടെയാണ് ഞങ്ങൾ കണക്കാക്കുന്നത്.
ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും സ്ത്രീകളോട് വലിയ ബഹുമാനം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. സ്ത്രീകഥാപാത്രങ്ങളെ ഒബ്ജെക്ടിഫൈ ചെയ്യാൻ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. അങ്ങനെ തോന്നിയെങ്കിൽ ഞങ്ങൾ മാപ്പ് ചോദിക്കുന്നു. അതുകൊണ്ട് തന്നെ വിമർശനമുന്നയിക്കപ്പെട്ട സീനുകളിൽ മാറ്റം വരുത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്,' ബുച്ചി ബാബു സന പറഞ്ഞു.
Content Highlight: Peddi movie director says he will change Janhvi Kapoor Kapoor's scene after huge backlash. The team apologises too.