മെയ് 21ന് ദൃശ്യം 3 റിലീസ് ചെയ്തപ്പോൾ മോഹൻലാലും സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം ചേർന്ന് എറണാകുളത്തുള്ള കവിതാ തിയേറ്ററിൽ ചിത്രത്തിന്റെ ആദ്യ ഷോ കാണാനെത്തിയിരുന്നു. അവിടെ നിന്നുള്ള വിവിധ വീഡിയോകൾ സോഷ്യൽ മീഡിയയിലെല്ലാം അന്ന് വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു.
അക്കൂട്ടത്തിൽ ഒന്നായിരുന്നു ദൃശ്യം 3 സിനിമ കഴിഞ്ഞപ്പോൾ കണ്ണുനിറഞ്ഞു പോയ എസ്തറും മോഹൻലാലും. എസ്തർ കരയുന്നത് വീഡിയോയിൽ വ്യക്തമായിരുന്നെങ്കിലും മോഹൻലാൽ കണ്ണുനീർ തുടയ്ക്കുന്നത് പോലെയായിരുന്നു ഉണ്ടായിരുന്നത്. മോഹൻലാൽ കരയുന്നു എന്ന് നിലയിലായിരുന്നു അത് ഫാൻ പേജുകളിലടക്കം പ്രചരിച്ചത്. കണ്ണുനീർ തുടച്ചതല്ല, മോഹൻലാൽ അന്ന് വിയർപ്പ് ഒപ്പിയതാണ് എന്ന് അന്ന് ചിലർ ചൂണ്ടിക്കാണിച്ചിരുന്നു.
ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് എസ്തർ. ഷോസ്കേപ് ജേണൽ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ്തർ ഇക്കാര്യം വ്യക്തമാക്കിയത്. താൻ കരഞ്ഞതിനെ ട്രോളിയവർക്കുള്ള മറുപടിയും എസ്തർ അഭിമുഖത്തിൽ നൽകുന്നുണ്ട്.
'ലാൽ അങ്കിളിന്റെ പെർഫോമൻസ് നമ്മൾ എത്രയോ പേരേ കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമയിൽ വളരെ ഇൻവോൾവ്ഡാകുമ്പോൾ അദ്ദേഹത്തിന്റെ പെർഫോമൻസ് കാണുമ്പോൾ കരച്ചിൽ വരുന്നത് സ്വാഭാവികമാണ്. പിന്നെ ഈ നമ്മൾ ചെയ്ത സിനിമ ആളുകൾ സ്വീകരിക്കുന്നു എന്നറിയുമ്പോൾ സന്തോഷം കൊണ്ടും കണ്ണ് നിറയാറുണ്ടല്ലോ. അതും അന്ന് ഞാൻ കരഞ്ഞതിന് കാരണമായിരുന്നു.
ലാൽ അങ്കിൾ കരഞ്ഞു എന്ന രീതിയിൽ ആ വിഷ്വലുകളെ കുറിച്ച് വന്നിരുന്നു. അത് അങ്ങനെയല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. അങ്കിൾ വിയർപ്പ് തുടച്ചതാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. സത്യാവസ്ഥ അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടി വരും. കാരണം അതുവരെ എന്നോട് പല തമാശകളും പറഞ്ഞിരിക്കുകയായിരുന്നു.
നോക്കൂ മീനാ ഇവളുടെ കണ്ണൊക്കെ നിറഞ്ഞു എന്ന് അദ്ദേഹം ഇങ്ങനെ തമാശയായി പറയുകയായിരുന്നു. ലാൽ അങ്കിൾ വളരെ ലൗഡായ ആളല്ല. അദ്ദേഹം ആളുകൾ എങ്ങനെയാണ് പടം കാണുന്നതെന്നും സ്വീകരിക്കുതെന്നും നോക്കുകയായിരുന്നു. അതിനെ അബ്സോർബ് ചെയ്യുകയായിരുന്നു എന്ന് പറയാം,' എസ്തർ പറഞ്ഞു.
ദൃശ്യം ഫ്രാഞ്ചൈസിയിൽ ഏവർക്കും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് എസ്തർ അനിൽ അവതരിപ്പിക്കുന്ന അനു. ദൃശ്യം 3യിലും വലിയ പ്രാധാന്യത്തോടെയാണ് എസ്തറിന്റെ കഥാപാത്രം എത്തിയത്. അനു പറയുന്ന പല ഡയലോഗുകളും സിനിമയിൽ നിർണായകമായിരുന്നു. പുതിയ തലമുറയുടെ ചിന്താരീതികളെയാണ് അനുവിന്റെ കഥാപാത്രം തുറന്നു കാണിക്കുന്നത് എന്ന് സംവിധായകൻ ജീത്തു ജോസഫ് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Content Highlights : Esther Anil talks about Mohanlal crying viral video in Drishyam 3 FDFS show in Kavitha Theatre