സാമന്തയും നാഗ ചൈതന്യയും വിവാഹമോചിതരായത് പിന്നാലെ സോഷ്യൽ മീഡിയയിൽ നാഗചൈതന്യയ്ക്ക് നേരെയുള്ള സൈബർ അറ്റാക്ക് ഉയർന്നിരുന്നു. തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായാണ് നടൻ ഇപ്പോൾ. മുൻഭാര്യ സാമന്ത റൂത്ത് പ്രഭുവിനെ നാഗചൈതന്യ ചതിച്ചുവെന്നും അവരുടെ കരിയർ നശിപ്പിച്ചു എന്നും സൂചിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകൾ തന്റെ അന്തസ്സിനെ ബാധിക്കുന്നുവെന്ന്കാണിച്ചാണ് നാഗചൈതന്യ പരാതി നൽകിയിരിക്കുന്നത്.
പേരും ചിത്രവും അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്നും നടൻ ഹർജിയിൽ പറയുന്നു. അനധികൃത മെർച്ചൻഡൈസ് ലിസ്റ്റിംഗുകൾ, എഐ ഉപയോഗിച്ച് നിർമിച്ച ഉള്ളടക്കങ്ങൾ, അശ്ലീലമായ സെർച്ച് ടേമുകൾ എന്നിവയ്ക്കെതിരെയാണ് നടൻ കോടതിയെ സമീപിച്ചിരിക്കുന്നത്. പല വെബ്സൈറ്റുകളും ട്രാഫിക് വർദ്ധിപ്പിക്കാനായി ചൈതന്യയുടെ പേരിനൊപ്പം മോശമായ സെർച്ച് ടേമുകൾ ഉപയോഗിക്കുന്നതായും കോടതിയെ അറിയിച്ചു.
ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ, വോയ്സ് ക്ലോണിംഗ്, എഐ ടൂളുകൾ എന്നിവ ഉപയോഗിച്ച് വ്യാജമായ ദൃശ്യശ്രവ്യ ഉള്ളടക്കങ്ങൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് സ്വകാര്യതയ്ക്ക് വലിയ ദോഷം വരുത്തുന്നുവെന്ന് ഹർജിയിൽ പറയുന്നു. പരാതിയിൽ പറയുന്ന ചില ലിങ്കുകൾ അതിർവരമ്പുകൾ ലംഘിക്കുന്നവയാണെന്നും കോടതി നിരീക്ഷിച്ചു. ഈ കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 30-ലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ നാഗചൈതന്യയുടെ പിതാവായ നടൻ നാഗാർജുനയും സമാനമായ രീതിയിൽ കോടതിയിൽ നിന്ന് വ്യക്തിത്വ അവകാശ സംരക്ഷണം നേടിയിരുന്നു.
Content Highlights: Telugu actor Naga Chaitanya has filed a complaint before the High Court regarding a fake video allegedly circulating on social media and digital platforms. The actor has sought legal intervention to prevent the spread of misleading content and to safeguard his personal, privacy, and personality rights.