ഇളയരാജയെ കളിയാക്കി കൊണ്ടുള്ള ഡയലോഗ്, മാപ്പുപറഞ്ഞ് ‘കറുപ്പ്’ നിർമാതാക്കൾ, വിവാദരംഗം നീക്കംചെയ്യും

ഇളയരാജയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പരാമര്‍ശം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യുമെന്നും നിര്‍മാണ കമ്പനി അറിയിച്ചു

സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സിനിമ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. എല്ലായിടത്തും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയില്‍ സംഗീത സംവിധായകന്‍ ഇളയരാജയെ കുറിച്ചുള്ള പരാമര്‍ശം വിവാദമായിരിക്കുകയാണ്.

'ഇളയരാജ കോപ്പിറൈറ്റ് വാങ്ങും' എന്ന ചിത്രത്തിലെ സംഭാഷണമാണ് വിവാദമായത്. രംഗം വിവാദമായതോടെ കറുപ്പിന്റെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ക്ഷമാപണം നടത്തി രംഗത്തെത്തിയിയിട്ടുണ്ട്. ഇളയരാജയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പരാമര്‍ശം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യുമെന്നും നിര്‍മാണ കമ്പനി അറിയിച്ചു.

'ഇന്ത്യൻ സിനിമക്കും സംഗീതലോകത്തിനും അനുപമമായ സംഭാവനകൾ നൽകിയ മഹാനായ സംഗീത സംവിധായകൻ ശ്രീ. ഇളയരാജാവിനോടുള്ള ആത്മാർത്ഥമായ ആദരവും ബഹുമാനവും ഡ്രീം വാര്യർ പിക്‌ചേഴ്സ് രേഖപ്പെടുത്തുന്നു. തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ സംഗീതവും കലാപാരമ്പര്യവും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനമാണ് നേടിയിട്ടുള്ളത്.‘കറുപ്പ്’ സിനിമയിലെ ഒരു പ്രത്യേക ഡയലോഗ് അദ്ദേഹത്തെ വേദനിപ്പിക്കുകയും ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തതായി ഞങ്ങൾ മനസ്സിലാക്കുന്നു. ആ ഡയലോഗ് ഇത്തരം വികാരങ്ങൾക്ക് കാരണമായതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു.

ശ്രീ. ഇളയരാജയേയോ, അദ്ദേഹത്തിന്റെ സംഭാവനകളെയോ, അവകാശങ്ങളെയോ ഏതെങ്കിലും രീതിയിൽ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാനുള്ള യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. ആ പരാമർശം സിനിമയിലെ ഒരു വിശാലമായ ആക്ഷേപഹാസ്യ സാഹചര്യത്തിന്റെ ഭാഗമായിരുന്നു; വ്യക്തിപരമായ പരാമർശമായി അതിനെ ഉദ്ദേശിച്ചിരുന്നില്ല. എന്നിരുന്നാലും, അദ്ദേഹത്തിന്റെ വികാരങ്ങളെ ഞങ്ങൾ അതിയായ ബഹുമാനത്തോടെയാണ് കാണുന്നത്. അതിനാൽ, അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഭാവിയിലെ പതിപ്പുകളിലും സിനിമയുടെ തുടർ പ്രദർശനങ്ങളിലും പ്രസ്തുത ഭാഗം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ശ്രീ. ഇളയരാജയോടുള്ള ഞങ്ങളുടെ ഹൃദയംഗമമായ ആദരവും ബഹുമാനവും വീണ്ടും രേഖപ്പെടുത്തുന്നു.'ഡ്രീം വാര്യർ പിക്‌ചേഴ്സ് അറിയിച്ചു.

Content Highlights: The team behind the Tamil film Karuppu has issued an apology after a dialogue in the movie sparked controversy for allegedly mocking legendary composer Ilaiyaraaja. Director RJ Balaji and the producers clarified that there was no intention to disrespect the iconic musician and announced that the disputed dialogue would be removed from the film. The controversy generated major discussion on social media soon after the film’s release.

To advertise here,contact us