അപ്രതീക്ഷിത തിരിച്ചടികളാണ് വിജയ് ചിത്രം ‘ജനനായകന്’ സംഭവിക്കുന്നത്. ദളപതി വിജയ്യുടെ 33 വർഷം നീണ്ട ഐതിഹാസിക സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രമെന്ന നിലയിൽ ആഗോളതലത്തിൽ വലിയ കാത്തിരിപ്പിലായിരുന്നു ‘ജനനായകൻ’. സിനിമയുടെ സുപ്രധാന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. കനത്ത നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്. ഇപ്പോഴിതാ ‘ജനനായകൻ’ ബോക്സ് ഓഫീസിൽ നഷ്ടമുണ്ടാക്കിയാൽ നിർമാതാക്കളെ സാമ്പത്തികമായി സഹായിക്കാൻ വിജയ് ഒരു ചിത്രത്തിൽക്കൂടി അഭിനയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മെയ് പകുതിയോടെ ജനനായകൻ തിയേറ്ററിൽ എത്തിക്കാനാണ് നിറമാതാക്കളുടെ നീക്കം. ചിത്രം നഷ്ടവും ഉണ്ടാക്കിയാൽ ഇതേ നിർമാതാവിന് വിജയ് ഡേറ്റ് നൽകി വീണ്ടും അഭിനയിച്ചേക്കും. പുതിയ സിനിമയ്ക്കുള്ള കഥയെക്കുറിച്ച് ആലോചിക്കാൻ വിജയ്യുടെ ഭാഗത്തുനിന്ന് നിർദേശമുണ്ടായെന്നും ‘ജനനായകൻ’ നിർമാതാക്കൾ അടുത്തിടെ ചില മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമ നേടുന്ന കളക്ഷനെ അടിസ്ഥാനപ്പെടുത്തിയയായിരിക്കും അന്തിമ തീരുമാനം എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
നേരത്തെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സിനിമയുടെ റിലീസ് നടക്കാതിരുന്നത്. ഇതിനിടെ സിനിമ ചോർന്നതും വലിയ പ്രശ്ങ്ങൾക്ക് വഴിവച്ചു. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയുടെ ക്ലൈമാക്സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. വിജയ്യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ.
തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.
Content Highlights: Reports indicate that Vijay may consider acting in one more film if Jananayakaan fails to achieve the expected success. The film is said to play a major role in shaping his future decisions regarding his acting career.