മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ഡയലോഗുകൾ പറഞ്ഞ് മൂന്നാമതൊരാളെ തല്ലുന്ന സ്ഥിരം ശൈലിയിലുള്ള സിനിമയല്ല പേട്രിയറ്റ് എന്ന് മമ്മൂട്ടി പറഞ്ഞു.
'മറ്റ് ഭാഷകളിൽ നിന്ന് വരുന്ന മാസ് സിനിമകളെ നമ്മൾ കൈയടിച്ച് സ്വീകരിക്കാറുണ്ട്. എന്നാൽ ഞങ്ങളെപ്പോലെയുള്ളവർ അത്തരമൊരു സിനിമ ചെയ്താൽ നിങ്ങൾ അത് സ്വീകരിക്കില്ല. കാരണം നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് അതല്ല എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ഈ സിനിമയെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വെല്ലുവിളിച്ച് ഡയലോഗുകൾ പറയുകയും ഇടികൂടുകയും അവസാനം കെട്ടിപ്പിടിച്ച് മൂന്നാമതൊരാളെ തല്ലുകയും ചെയ്യുന്ന സ്ഥിരം ശൈലിയല്ല. ഇതിൽ ഞങ്ങൾ രണ്ടുപേരും രണ്ട് ശക്തമായ കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്. ബാക്കിയുള്ള അഭിനേതാക്കളും നിങ്ങൾ പറയുന്ന സ്റ്റാർഡവും കമേഴ്സ്യൽ വാല്യൂവും ഉള്ളവരാണ്', മമ്മൂട്ടിയുടെ വാക്കുകൾ.
ചിത്രത്തിലെ ചേസിങ് രംഗങ്ങളിലെ അനുഭവങ്ങളും താരം പങ്കുവച്ചു. 'ആ ചേസിങ് രംഗങ്ങളിൽ വണ്ടി ഓടിക്കുന്നത് ചാക്കോച്ചനാണ് (കുഞ്ചാക്കോ ബോബൻ). കൂടെ ലാലും ഞാനുമുണ്ട്. ആ സീനിൽ ഞാൻ അവശനാണ്, ലാലിനാണെങ്കിൽ കാലിന് വയ്യ. അതുകൊണ്ട് തന്നെ ആ രംഗങ്ങളിൽ വലിയ ഹീറോയിസം കാണിക്കുന്നത് മുഴുവൻ ചാക്കോച്ചനാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾ വെറും പാസഞ്ചേഴ്സ് മാത്രമാണ്. അതുകൊണ്ട് അതിന്റെ അനുഭവം ചാക്കോച്ചനോട് തന്നെ ചോദിക്കണം'.
മെയ് ഒന്നിനാണ് സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.
ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന്, ദര്‍ശന രാജേന്ദ്രന്, സെറീന് ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlights: I am helpless in that scene, Lal's legs are weak, all the heroism in the scene goes to Chackochan says Mammootty