മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള യുവനടിയാണ് കയാദു ലോഹർ. മുഗിൽപേട്ടേ എന്ന കന്നട ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന കയാദു പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ശ്രദ്ധേയയാകുന്നത്. സിനിമയിലെ നങ്ങേലി എന്ന കഥാപാത്രം പ്രേക്ഷകമനസ്സിൽ ഇടം നേടിയിരുന്നു.
പിന്നീട് തമിഴിൽ പുറത്തിറങ്ങിയ ഡ്രാഗൺ എന്ന ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രം കരിയറിൽ വഴിത്തിരിവായി. മലയാളത്തിൽ ടൊവിനോ തോമസ്-ഡിജോ ജോസ് ആന്റണി ചിത്രമായ പള്ളിച്ചട്ടമ്പിയിൽ നായികയായി എത്തിയിരിക്കുകയാണ് കയാദു.
പള്ളിച്ചട്ടമ്പിയുടെ പ്രമോഷന്റെ ഭാഗമായി കയാദു നൽകിയ ഒരു അഭിമുഖത്തിലെ ഭാഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വനിത മാസികയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സെലിബ്രിറ്റി ക്രഷ് ഉണ്ടോ എന്ന് കയാദുവിനോട് ചോദിച്ചിരുന്നു. അതിന് മറുപടിയായി നടി ഒരു ഹോളിവുഡ് താരത്തിന്റെ പേരാണ് പറഞ്ഞത്, അൽ പച്ചിനോ. അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും കയാദു സംസാരിച്ചിരുന്നു. ഇതാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത്.
'അടുത്ത കാലത്ത് എനിക്ക് ക്രഷ് തോന്നിയ നടൻ അൽ പച്ചിനോ ആണ്. അദ്ദേഹത്തോട് എനിക്ക് വലിയ അഭിനിവേശമാണ്. അൽ പച്ചിനോയുടെ സിനിമകൾ ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്,' കയാദു ലോഹർ പറഞ്ഞു. ഇന്ത്യൻ സെലിബ്രിറ്റീസിൽ ക്രഷ് ഉള്ളവരുണ്ടോ എന്ന ചോദ്യത്തിന് വിക്കി കൗശലിന്റെ പേരായിരുന്നു കയാദു പറഞ്ഞത്. കത്രീന അറിയണ്ട എന്നായിരുന്നു ഇതിന് മറുപടിയായി തമാശരൂപേണ ആങ്കർ പറഞ്ഞത്. അതൊന്നും കുഴപ്പമില്ലെന്നേ എന്ന് കയാദുവും പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നൽകി.
വിവിധ ഭാഷകളിലായി ഒരുപിടി സിനിമകളാണ് കയാദുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഐ ആം ഗെയിം, താരം എന്നീ സിനിമകളാണ് മലയാളത്തിലുള്ളത്. തെലുങ്കിൽ പാരഡൈസും തമിഴിൽ ഇദയം മുരളി, ഇമ്മോർട്ടൽ, എസ്ടിആർ49 എന്നീ ചിത്രങ്ങളും കയാദുവാണ് നായിക.
Content Highlights: Kayadu Lohar reveals her two celebrity crush actors.