200 കോടിയും അടിച്ചെടുത്ത് വാഴ 2; ഇൻഡസ്ട്രി ഹിറ്റ് നേടാൻ മുന്നിലുള്ളത് നാല് സിനിമകൾ മാത്രം

കോമഡിയും ഇമോഷണൽ സീനുകളുമെല്ലാം ഒരുപോലെ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടു. പാട്ടുകളും വൻ ഹിറ്റായി.

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്‌സായ ഹാഷിറേ ഗ്യാങ്ങിനെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ എസ് എ സംവിധാനം ചെയ്ത വാഴ 2 ബോക്‌സ് ഓഫീസിൽ വൻ നേട്ടം സ്വന്തമാക്കുന്നു. വിപിൻ ദാസ് രചനയും നിർമാണവും നിർവഹിച്ച ചിത്രം 200 കോടിയും കടന്ന് കുതിപ്പ് തുടരുകയാണ്.

ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹാഷിർ, അജിൻ, അലൻ, വിനായകൻ എന്നിവരുടെ പെർഫോമൻസിനൊപ്പം ബിജുക്കുട്ടൻ, സുധീഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റി. കോമഡിയും ഇമോഷണൽ സീനുകളുമെല്ലാം ഒരുപോലെ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ടു. പാട്ടുകളും വൻ ഹിറ്റായി.

നിലവിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് വാഴ. മോഹൻലാലിന്റെ തുടരും, എമ്പുരാൻ എന്നീ ചിത്രങ്ങളും മഞ്ഞുമ്മൽ ബോയ്‌സും ലോകയുമാണ് പട്ടികയിൽ വാഴ2വിന് മുന്നിലുള്ളത്.

തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും 235 കോടി നേടി നാലാം സ്ഥാനത്താണ് ഉള്ളത്. ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്‌സ് 242 കോടിയുമായി മൂന്നാം സ്ഥാനത്തുണ്ട്. L2: എമ്പുരാനാണ് രണ്ടാം സ്ഥാനത്ത്, 268 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമനിക് അരുൺ ഒരുക്കിയ ലോക ചാപ്റ്റർ 1: ചന്ദ്രയാണ് മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. 304 കോടിയാണ് ചിത്രം നേടിയത്.

Content Highlights: Vaazha 2 cross 200 crores in box office. It reaches the 5th position among the highest grossing malayalam films

To advertise here,contact us