പൃഥ്വിരാജിനൊപ്പം ഒരു സിനിമ വരുന്നുണ്ട്, എന്നാൽ അത് മെമ്മറീസ് 2 അല്ല; മനസുതുറന്ന് ജീത്തു ജോസഫ്

'ഫഹദിനൊപ്പമുള്ള സിനിമയുടെ തീരുമാനം ഒന്നും ആയിട്ടില്ല'

ദൃശ്യം 3 യ്ക്ക് ശേഷം അടുത്ത വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് മനസുതുറന്നു സംവിധായകൻ ജീത്തു ജോസഫ്. പൃഥ്വിരാജുമായി ഒരു പ്രൊജക്റ്റ് വരാനുണ്ടെന്നും എന്നാൽ അത് മെമ്മറീസിന്റെ രണ്ടാം ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് മനസുതുറന്നത്‌.

'ഫഹദിനൊപ്പമുള്ള സിനിമയുടെ തീരുമാനം ഒന്നും ആയിട്ടില്ല സ്ക്രിപ്റ്റ് എല്ലാം കഴിഞ്ഞ് ഇരിക്കുവാണ്. അതിന്റെ പരിപടികളിലേക്ക് കടക്കണം. ദൃശ്യം 3 യുടെ റിലീസിന് പിന്നാലെ നടക്കുകയാണ്. ദൃശ്യം 3 യുടെ തെലുങ്ക് പതിപ്പിന്റെ എഴുത്ത് നടക്കുവാണ്. പൃഥ്വിരാജുമായി ഒരു സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അത് മെമ്മറീസിന്റെ രണ്ടാം ഭാഗമല്ല. അത് വളരെ മുൻപ് സംസാരിച്ചിരുന്ന പ്രൊജക്റ്റ് ആണ്', ജീത്തു ജോസഫിന്റെ വാക്കുകൾ.

#JeethuJoseph about his upcoming plans 🎬 pic.twitter.com/R9AhRufSeb

അതേസമയം, ദൃശ്യം 3 മെയ് 21 ന് റിലീസിന് ഒരുങ്ങുകയാണ്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'.ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Content Highlights: Jeethu Joseph about his upcoming movies and a project with Prithviraj

To advertise here,contact us