എമ്പുരാന് കിട്ടിയ വിമർശനം, L 3 ചെയ്യേണ്ട എന്ന് തോന്നിയിട്ടുണ്ടോ?; ചർച്ചയായി പൃഥ്വിരാജിന്റെ മറുപടി

'അതിന്‍റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. എനിക്ക് അതാണ് വലിയൊരു പ്രചോദനം'

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ സിനിമയാണ് ലൂസിഫർ. മൂന്ന് ഭാഗങ്ങളായി പ്ലാൻ ചെയ്ത സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 260 കോടിയോളം നേടിയെങ്കിലും സമ്മിശ്ര പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയുടെ തിരക്കഥയ്ക്ക് നിറയെ വിമർശനങ്ങളും ലഭിച്ചിരുന്നു. മൂന്ന് ഭാഗങ്ങള്‍ ഉള്ള ട്രിലജിയായി തയ്യാറാക്കിയ തിരക്കഥയാണ് ലൂസിഫര്‍ ഫ്രാഞ്ചൈസിയുടേതെന്ന് തിരക്കഥാകൃത്തായ മുരളി ഗോപി പറഞ്ഞിരുന്നു. അസ്രയേല്‍ എന്നാണ് മൂന്നാം ഭാഗത്തിന്‍റെ പേര്. എന്നാല്‍ ഈ ചിത്രം എന്ന് സംഭവിക്കുമെന്നത് അണിയറക്കാര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ അതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ പൃഥ്വിരാജ്.

'എമ്പുരാന്‍ ഇറങ്ങിയ സമയത്ത് കുറേ വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ വന്നിരുന്നു. അത് എല്‍ 3 ല്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടോ? അത് ചെയ്യേണ്ട എന്ന് തോന്നിപ്പിച്ചോ?' എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. 'ഇല്ല. വിമര്‍ശനങ്ങള്‍ കാരണം ഒരു സിനിമ ചെയ്യാനോ ചെയ്യാതിരിക്കാനോ, അങ്ങനെയൊരു തീരുമാനം എടുക്കുന്ന ആളല്ല ഞാന്‍. എമ്പുരാന്‍ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകള്‍ ഉണ്ടാവും. പക്ഷേ എന്നിരുന്നാലും എനിക്ക് തോന്നുന്നു, പൊതുവായി അതിന്‍റെയൊരു അടുത്ത ഭാഗം വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്. അപ്പോള്‍ എനിക്ക് അതാണ് വലിയൊരു പ്രചോദനം. കാരണം ഞാന്‍ ഇപ്പോഴും എവിടെയെങ്കിലും പോയാല്‍ ഒരു ചോദ്യമെങ്കിലും എല്‍ 3 എന്നാണ് എന്ന് ഉണ്ടാവും. ഇന്നുവരെ ഒരു പ്രസ് മീറ്റില്‍ പോയിട്ട് എല്‍ 3 നെക്കുറിച്ച് ചോദിക്കേണ്ടെന്ന് ആരും കരുതിയിട്ടില്ല. അത് ഉള്ളിടത്തോളം കാലം അത് ചെയ്യാന്‍ എനിക്ക് ഒരു പ്രചോദനം ഉണ്ട്.

അതിന്‍റെ ഏറ്റവും വലിയ തടസം എന്ന് പറയുന്നത് എന്‍റെ സമയമാണ്. തീര്‍ച്ചയായും ലാലേട്ടന്‍റെയൊക്കെ സമയം എന്‍റെ സമയത്തേക്കാള്‍ വിലപ്പെട്ടതാണ്. പക്ഷേ ഞാന്‍ അതിനുവേണ്ടി ഒരു സമയം മാറ്റിവെക്കുക എന്നുള്ളതാണ് അതിന്‍റെ ഏറ്റവും വലിയ ചലഞ്ച് എന്ന് പറയുന്നത്. പിന്നെ എനിക്ക് അല്ലാതെ ഒന്നുരണ്ട് കമ്മിറ്റ്മെന്‍റ്സ് ഉണ്ട്, ഡയറക്റ്റ് ചെയ്യാനുള്ളത്. സിനിമ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിട്ടുള്ള ഒന്നു രണ്ട് പ്രൊഡ്യൂസേഴ്സ് ഒക്കെയുണ്ട്. അതിന്‍റെയൊക്കെ കാര്യങ്ങള്‍ നോക്കണം', പൃഥ്വിയുടെ വാക്കുകൾ.

266.45 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷന്‍ എന്നാണ് സാക്‌നിക്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 105.43 കോടി ഇന്ത്യയില്‍ നിന്ന് നെറ്റ് കളക്ഷന്‍ സ്വന്തമാക്കിയ സിനിമയുടെ ഗ്രോസ് കളക്ഷന്‍ 124.40 കോടിയാണ്. ചിത്രം ഓവര്‍സീസില്‍ നിന്ന് 142.05 കോടി വാരികൂട്ടിയെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: Prithviraj Sukumaran talks about Empuraan criticisms and L3 movie

To advertise here,contact us