തിരുവനന്തപുരം: തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ് ഹാഷിറേ ടീം പ്രധാന വേഷങ്ങളിലെത്തിയ വാഴ 2. എന്നാൽ ചിത്രത്തിലെ ഒരു രംഗത്തിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആയുർവേദ മേഖല. ചിത്രത്തിൽ ബിജുക്കുട്ടന്റെ കഥാപാത്രത്തിന് വരുന്ന അസുഖം ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു എന്നാണ് ആയുർവേദ ഡോക്ടർമാർ വിമർശിക്കുന്നത്.
ബിജുക്കുട്ടന്റെ കഥാപാത്രത്തിന് കരൾ രോഗം വരുന്നത് അരിഷ്ടം കഴിച്ചത് കൊണ്ടാണ് എന്ന രീതിയിൽ ചിത്രത്തിൽ കാണിക്കുന്നു എന്നും അത് തെറ്റായ സന്ദേശമാണ് എന്നുമാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(AMAI) പറയുന്നത്. ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എഎംഎഐ അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിലെ ഈ രംഗത്തെ വിമർശിച്ച് ആയുർവേദ ഡോക്ടർമാർ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോൾ നിയമപരമായി തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. വാഴ 2 വിന്റെ അണിയറ പ്രവർത്തകർ ഇതിൽ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഗംഭീര വരവേൽപ്പാണ് വാഴ 2വിന് ലഭിക്കുന്നത്. ഏഴ് ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബിലെത്തിയത്.
ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി വാഴ 2 നേടിയിരിക്കുന്നു എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. തുടരും, ലോക എന്നീ സിനിമകൾക്ക് ശേഷം കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് വാഴ 2 . പുറത്തിറങ്ങി 15 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗത്തിലെത്തിയ മലയാള സിനിമ കൂടിയാണിത്.
ആഗോള ബോക്സ് ഓഫീസിൽ നിന്നും 175 കോടിക്ക് മുകളിൽ ആണ് വാഴ 2 വിന്റെ ഇതുവരെയുള്ള നേട്ടം. ചിത്രം ഉടൻ തന്നെ 200 കോടിയിലേക്ക് എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. സിനിമയിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് സിനിമയെന്നും ഇമോഷണൽ സീനുകൾ മികച്ചുനിൽക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു, സുധീഷ് എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്.
നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന് വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്ക് മൂന്നാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. വാഴ 3 പെൺകുട്ടികളുടെ കഥയാണെന്നാണ് വിപിൻദാസ് കുറിച്ചിരിക്കുന്നത്. 'വാഴ 3 - ഒരു ബില്യൺ പെൺകുട്ടികളുടെ ബയോപിക്കായിരിക്കും. വിശ്വൻ ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അത് ഒരു വലിയ കാത്തിരിപ്പായിരിക്കുമെന്ന് അറിയാം. പക്ഷെ ആ കാത്തിരിപ്പിന് വാല്യു ഉണ്ടാകും', എന്നാണ് വിപിൻ ദാസിന്റെ വാക്കുകൾ.
Content Highlights: The Ayurveda Medical Association has come out against the movie Vaazha 2, claiming it spreads false information about Ayurvedic medicine. Specifically, the association criticizes a scene where Bijukuttan's character develops liver disease due to his daily consumption of Ayurvedic medicines