തിയേറ്ററിൽ മാത്രമല്ല ഒടിടിയിലും ഉണ്ട് കിടിലൻ വിഷു പടങ്ങൾ; ഈ വാരം സ്ട്രീമിങ്ങിന് ഒരുങ്ങി ഹിറ്റ് സിനിമകൾ

കെൻ കരുണാസ് ചിത്രം യൂത്തും ഏപ്രിൽ 16 മുതൽ സ്ട്രീമിങ് ആരംഭിക്കും

തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഈ വാരം ഒടിടിയിൽ എത്തുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. വമ്പൻ വിജയചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഈ വാരം ഒടിടിയിലേക്ക് എത്തുന്നത്.

ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച സംഭവം അധ്യായം ഒന്ന് എന്ന ചിത്രം ഈ വാരം ഒടിടിയിൽ എത്തുന്ന പ്രധാന സിനിമകളിൽ ഒന്നാണ്. മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിൽ അസ്‌കർ അലി ആണ് നായകനായി എത്തിയത്. ഒപ്പം നിഗൂഢതകള്‍ പേറുന്ന ഒരു വനവും. കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ഏപ്രിൽ 15 നാണ് സംഭവം സ്ട്രീമിങ് ആരംഭിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തും. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതന്‍, അസീം ജമാൽ, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ടയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്ന റഷീദുമാണ്. ചായാഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ്വിൻ തോമസ്.

ധ്യാൻ ശ്രീനിവാസൻ, ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ ഒന്നിക്കുന്ന ക്രൈം കോമഡി ചിത്രം ആപ് കൈസെ ഹോ? ഈ വാരം ഒടിടിയിൽ എത്തും. ഒരു ബാച്ചിലർ പാർട്ടിക്കിടയിൽ സുഹൃത്തുക്കൾ പ്ലാൻ ചെയ്യുന്ന സർപ്രൈസ് പാളിപ്പോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മനോരമ മാക്സ്/സൈന പ്ലേ എന്നീ ഒടിടി പ്ലാറ്റ്ഫോമിൽ ഏപ്രിൽ 15 ന് മുതൽ സ്ട്രീമിങ് ആരംഭിക്കും. പവൻ കല്യാൺ ചിത്രം ഉസ്താദ് ഭഗത് സിങ്ങും ഈ വാരം ഒടിടിയിൽ എത്തുന്ന പ്രധാന സിനിമകളിൽ ഒന്നാണ്. ഏപ്രിൽ 16 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് 77.36 കോടിയും ഓവർസീസ് മാർക്കറ്റിൽ നിന്ന് 10.72 കോടിയുമാണ് പവൻ കല്യാൺ സിനിമയുടെ ഇതുവരെയുള്ള സമ്പാദ്യം. മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മോശം തിരക്കഥയും മേക്കിങ്ങുമാണ് സിനിമയുടേതെന്നും പവൻ കല്യാണിന്റെ ഏറ്റവും മോശം സിനിമകളിൽ ഒന്നാണ് ഇതെന്നുമാണ് കമന്റുകൾ. നടന്റെ പ്രകടനത്തിനും വിമർശനങ്ങൾ ഉയരുന്നുണ്ട്.

കെൻ കരുണാസ് ചിത്രം യൂത്തും ഏപ്രിൽ 16 മുതൽ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മാര്‍ച്ച് 19 ന് പ്രദര്‍ശനം ആരംഭിച്ച യൂത്ത് ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സിനിമ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. വലിയ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷകര്‍ കയ്യടികളോടെ സ്വീകരിച്ച ഈ കൊച്ചു ചിത്രം, ബോക്‌സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റര്‍ കളക്ഷന്‍ ആണ് സ്വന്തമാക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന 'യൂത്ത്', ഒരു യുവതാര തമിഴ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് സ്വന്തമാക്കുന്നത്. ഇതുവരെ 68 കോടിയാണ് സിനിമ ആഗോള തലത്തിൽ നേടിയത്.

Content Highlights: Sambhavam, Youth, Usthad Bhagat Singh films releasing on OTT this week

To advertise here,contact us