15 വയസ്സുള്ളപ്പോൾ അശ്ലീല വെബ്‌സൈറ്റിൽ മോർഫ് ചെയ്ത എന്റെ ചിത്രം കണ്ടു: ജാൻവി കപൂർ

എഐ (AI) ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം വ്യാജചിത്രങ്ങൾ തന്നെ ആഴത്തിൽ ബാധിക്കുന്നുണ്ടെന്ന് ജാൻവി പറഞ്ഞു

വെറും 15 വയസ്സുള്ളപ്പോൾ ഒരു അശ്ലീല വെബ്‌സൈറ്റിൽ തന്റെ മോർഫ് ചെയ്ത ചിത്രം കാണാനിടയായ സാഹചര്യത്തെക്കുറിച്ച് മനസുതുറന്ന് നടി ജാൻവി കപൂർ. അന്ന് അത് താൻ വലിയ കാര്യമാക്കി എടുത്തില്ലെന്നും എന്നാൽ ഇന്നും എഐ (AI) ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം വ്യാജചിത്രങ്ങൾ തന്നെ ആഴത്തിൽ ബാധിക്കുന്നുണ്ടെന്ന് ജാൻവി പറഞ്ഞു. സ്കൂളിലെ ഐടി ക്ലാസ്സിനിടെയാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്ന് രാജ് ഷമാനിയുമായുള്ള സംഭാഷണത്തിനിടയിലാണ് ജാൻവി കപൂർ പറഞ്ഞത്.

'അത് ഡീപ്ഫേക്ക് ആണോ എന്ന് എനിക്കറിയില്ല, പക്ഷേ അതുപോലെയെന്തോ ആയിരുന്നു. ഞങ്ങൾക്ക് സ്കൂളിൽ ഐടി ക്ലാസ് ഉണ്ടായിരുന്നു, ആൺകുട്ടികൾ രസത്തിനു വേണ്ടി മോശം ഉള്ളടക്കങ്ങളുള്ള സൈറ്റുകളിൽ പോകുമായിരുന്നു. അത്തരത്തിൽ ഒന്നിലായിരുന്നു എന്റെ ചിത്രങ്ങൾ ഉണ്ടായിരുന്നത്. ഇത് സ്കൂളിൽ വെച്ചായിരുന്നു. അതൊരു വിചിത്രമായ അനുഭവമായിരുന്നു', ജാൻവിയുടെ വാക്കുകൾ. സോഷ്യൽ മീഡിയയിൽ ഇത്തരം കാര്യങ്ങളിൽ ധാർമ്മികതയില്ലെന്നും ഇത് പ്രശസ്തിക്കായി നൽകേണ്ടി വരുന്ന വിലയാണെന്നും അക്കാലത്ത് താൻ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് നടി പറഞ്ഞു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇത്തരം കാര്യങ്ങളോടുള്ള തന്റെ കാഴ്ചപ്പാട് മാറിയെന്നും അവർ വ്യക്തമാക്കി.

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്ത പരം സുന്ദരി ആണ് അവസാനമായി പുറത്തുവന്ന ജാൻവി ചിത്രം. വലിയ ട്രോളുകളാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിൽ മലയാളത്തെയും മലയാളികളെയും ചിത്രീകരിച്ച വിധം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗർ ആണ്.

Content Highlights: I saw my morphed picture on a pornographic website when I was 15 says actor Janhvi Kapoor

To advertise here,contact us