43 -ാം വയസിൽ വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക്, ഭാഗ്യവതിയെന്ന് എല്ലാവരും പറഞ്ഞു, പക്ഷെ സംഭവിച്ചത് മറ്റൊന്ന്: ലെന

'18 വയസ്സ് മുതൽ അമ്മയുടെ പ്രശ്നങ്ങൾക്ക് പിന്നിലെ രഹസ്യം കണ്ടെത്താൻ ഞാൻ ഗവേഷണം നടത്തുകയായിരുന്നുവെങ്കിലും എന്റെ ജീവിതകാലം മുഴുവൻ ഞാൻ അഴിച്ചെടുക്കാൻ ശ്രമിച്ച അതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നുപോകുന്നതെന്ന് എനിക്ക് അന്ന് തോന്നിയില്ല'

'പെരിമെനോപോസ്' എന്ന ശാരീരികഘട്ടത്തെക്കുറിച്ച് മനസുതുറന്ന് നടി ലെന. തന്റെ 18-ാം വയസ്സിൽ അമ്മയിലുണ്ടായ അപ്രതീക്ഷിത സ്വഭാവമാറ്റങ്ങളും അതേ തുടർന്നുണ്ടായ ആശയക്കുഴപ്പങ്ങളെ കുറിച്ചും നടി മനസ്സുതുറന്നു. അമൃത വിശ്വവിദ്യാപീഠത്തിൽ നടന്ന ടെഡെക്സ് ടോക്കിലായിരുന്നു തന്റെ പുതിയ പുസ്തകമായ 'വിമൻ-ഒ-പോസി'ലെ (Women-O-Pause) പ്രസക്തഭാഗങ്ങൾ പങ്കുവെച്ചുകൊണ്ട് താരം മനസ്സ് തുറന്നത്.

'1999-ലായിരുന്നു അത്. എനിക്കന്ന് 18 വയസ്സായിരുന്നു പ്രായം. 12-ാം ക്ലാസിലെ ഒരു സ്കൂൾ ദിനത്തിന് ശേഷം ഞാൻ വീട്ടിലേക്ക് നടന്നു വരുമ്പോൾ എന്റെ അമ്മ ഡൈനിങ് ടേബിളിൽ വളരെ തളർന്ന്, അസ്വസ്ഥയായി, ആശയക്കുഴപ്പത്തിലായി ഇരിക്കുന്നത് ഞാൻ കണ്ടു. എന്താണ് കുഴപ്പമെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ ആ മുറിയിലെ അന്തരീക്ഷം വളരെ ഭാരമുള്ളതായിരുന്നു, എനിക്ക് വലിയ അസ്വസ്ഥത തോന്നി. എന്താണ് സംഭവിച്ചതെന്ന് അമ്മയോട് ചോദിക്കണമെന്ന് എനിക്കുണ്ടായിരുന്നു, ഞാൻ ചോദിക്കുകയും ചെയ്തു എന്ന് തോന്നുന്നു. പക്ഷേ ഞാൻ പറയുന്നത് കേൾക്കാത്തതുപോലെയാണ് അമ്മ പെരുമാറിയത്, അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. ഞാൻ എന്റെ മുറിയിലേക്ക് പോയി. പിന്നീട് ഓരോ ദിവസം കഴിയുന്തോറും അമ്മ മാറുന്നത് ഞാൻ ശ്രദ്ധിച്ചു. എന്തിനും ഏതിനും ഉത്സാഹിച്ചിരുന്ന, പാർട്ടികൾ നടത്താനും ബന്ധുക്കളെ വിളിക്കാനും പാചകം ചെയ്യാനും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന ആ പഴയ സജീവമായ വ്യക്തിയല്ലായിരുന്നു അമ്മ. ഊർജ്ജസ്വലമായിരുന്ന അമ്മയുടെ വ്യക്തിത്വം പെട്ടെന്ന് അടഞ്ഞതായും ഒന്നിനോടും താല്പര്യമില്ലാത്തതായും, പെട്ടെന്ന് ദേഷ്യം വരുന്നതായും എപ്പോഴും കുറ്റപ്പെടുത്തുന്നതായും മാറി.

വർഷങ്ങൾ കടന്നുപോയപ്പോൾ, എനിക്ക് അമ്മയോട് ഒരല്പം വെറുപ്പ് തോന്നിത്തുടങ്ങി. എങ്കിലും, ഒരാളുടെ വ്യക്തിത്വം ഇത്ര പെട്ടെന്ന് എങ്ങനെ ഇത്രയധികം മാറുമെന്നത് എന്നെ കുഴപ്പിച്ചു. എന്തുകൊണ്ടാണ് അമ്മ ഇത്രയധികം ശുണ്ഠി കാണിക്കുന്നത്? ഈ ആശയക്കുഴപ്പമാണ് പന്ത്രണ്ടാം ക്ലാസിന് ശേഷം സൈക്കോളജി ബിരുദ പഠനത്തിന് തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. സൈക്കോളജിയിൽ ലോകത്തിലെ എല്ലാ ഉത്തരങ്ങളും ഉണ്ടാവുമെന്ന് ഞാൻ കരുതി. പക്ഷേ ഉത്തരങ്ങൾ കിട്ടുന്നതിന് പകരം, ഞാൻ എന്റെ മുഴുവൻ ഊർജ്ജവും പഠനത്തിനായി ചിലവഴിച്ചു, പതുക്കെ എന്റെ പ്രശ്നങ്ങളെക്കുറിച്ച് മറന്നു. പരീക്ഷകളും സിനിമയിലെ അഭിനയവുമൊക്കെയായി പുതിയ തിരക്കുകളിലേക്ക് ഞാൻ മാറി. എവിടെയോ എന്തോ തകരാറുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് കൃത്യമായി ചൂണ്ടിക്കാണിക്കാൻ എനിക്ക് കഴിഞ്ഞില്ല.

ഇനി നമുക്ക് 2024-ലേക്ക് വരാം. എനിക്ക് 43 വയസ്സായി. ആത്മീയമായി വളരെ ഉണർവുള്ള ഒരു നല്ല മനുഷ്യനുമായി എന്റെ വിവാഹം കഴിഞ്ഞു. എന്റെ സിനിമാ ജീവിതം ഉപേക്ഷിച്ച് ഞാൻ ഒരു വർഷത്തേക്ക് അമേരിക്കയിലേക്ക് താമസം മാറി. എല്ലാം ഗംഭീരമാകുമെന്ന് ഞാൻ കരുതി, മറ്റുള്ളവരും വിചാരിച്ചു ‘നീ ഭാഗ്യവതിയാണല്ലോ’ എന്ന്. പക്ഷേ ഉള്ളിൽ ഞാൻ അനുഭവിച്ചിരുന്നത് ആശയക്കുഴപ്പവും, ഓർമ്മക്കുറവും, തലച്ചോറിലെ മരവിപ്പും, ഉറക്കമില്ലായ്മയും, പ്രതീക്ഷിക്കാത്ത ശരീരഭാരം കൂടലുമാണ്. എനിക്ക് ഉത്കണ്ഠയും വിഷാദവും ആശയക്കുഴപ്പവും തോന്നിയിരുന്നു. ഞാൻ വളരെയധികം പ്രകോപിതയായിരുന്നു. 18 വയസ്സ് മുതൽ അമ്മയുടെ പ്രശ്നങ്ങൾക്ക് പിന്നിലെ രഹസ്യം കണ്ടെത്താൻ ഞാൻ ഗവേഷണം നടത്തുകയായിരുന്നുവെങ്കിലും എന്റെ ജീവിതകാലം മുഴുവൻ ഞാൻ അഴിച്ചെടുക്കാൻ ശ്രമിച്ച അതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നുപോകുന്നതെന്ന് എനിക്ക് അന്ന് തോന്നിയില്ല.

ഒടുവിൽ ഒരു ദിവസം ഇന്റർനെറ്റിലെ ഒരു പോഡ്കാസ്റ്റ് കണ്ടപ്പോൾ, ഒരു ഡോക്ടർ ഒരു വാക്കിനെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടു. അത് ദൃശ്യങ്ങൾക്കും അപ്പുറമാണ്, നിങ്ങൾക്ക് അത് നേരിട്ട് കാണാൻ കഴിയില്ലെങ്കിലും അനുഭവിക്കാൻ സാധിക്കും. 35-നും 55-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിൽ സംഭവിക്കുന്ന ആ വാക്കാണ് 'പെരിമെനോപോസ്'. ആ വാക്ക് കേട്ട നിമിഷം ഞാൻ പറഞ്ഞു, ‘ഓ, ഇതാണ് എന്റെ ജീവിതകാലം മുഴുവൻ എന്നെ പിടികൊടുക്കാതെ ഓടിയ ആ ഉത്തരം!’ ഇത് നേരിട്ട് അനുഭവിക്കുമ്പോൾ മാത്രമാണ് ഇതൊരു വലിയ മാറ്റമാണെന്ന് എനിക്ക് മനസ്സിലായത്. യുവതലമുറയിലെ വിദ്യാർഥികൾ ഉള്ള ഈ ക്യാംപസിൽ ഞാൻ ഇത് പറയാൻ കാരണമെന്താണ്? ‘കൗമാരം’ എന്ന് പറഞ്ഞാൽ നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകും. നിങ്ങളെല്ലാവരും ആ ഘട്ടം കഴിഞ്ഞവരോ അല്ലെങ്കിൽ അതിലൂടെ കടന്നുപോകുന്നവരോ ആണ്. കുട്ടിക്കാലത്ത് നിന്ന് മുതിർന്നവരിലേക്കുള്ള മാറ്റമാണത്. ഹോർമോൺ വ്യതിയാനങ്ങളിലൂടെയാണ് ആ മാറ്റം സംഭവിക്കുന്നത്.

പക്ഷേ ഈ വാക്കിനെക്കുറിച്ച് ആരും നമ്മളോട് പറയുന്നില്ല. എന്റെ പുതിയ പുസ്തകമായ 'വുമണോപോസ്' ൽ ഞാൻ ഇതിന് 'വുമണസെൻസ്' എന്നൊരു പേര് നൽകിയിട്ടുണ്ട്. ഇതൊരു രണ്ടാം കൗമാരമാണ്. വിശ്വസിക്കാൻ കഴിയുന്നുണ്ടോ? ഒരു കൗമാരക്കാരൻ 13-നും 19-നും ഇടയിൽ അനുഭവിക്കുന്ന അതേ തീവ്രതയോടെ എല്ലാ സ്ത്രീകളും ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നു. ആരും ഇതിനെക്കുറിച്ച് സംസാരിക്കാത്തതുകൊണ്ടും ആരും നമുക്ക് അറിവ് നൽകാത്തതുകൊണ്ടും ഇതിന് പ്രത്യേകിച്ച് ഒരു പേരില്ലായിരുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന കാലഘട്ടമാണിത്', ലെനയുടെ വാക്കുകൾ.

Content Highlights: Actor Lena talks about Perimenopause and changes happened in her life

To advertise here,contact us