48ാമത് മോസ്കോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മലയാള സിനിമ പ്രൈവറ്റ് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ദ്രന്‍സും മീനാക്ഷി അനൂപും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പ്രൈവറ്റ് നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഏപ്രില്‍ 16 മുതല്‍ 23വരെയാണ് ഇത്തവണത്തെ മോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ നടക്കുന്നത്. പ്രൈവറ്റ് 48ാമത് മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട വിവരം ഇന്ദ്രന്‍സ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ പാ രഞ്ജിത്തിന്റെ നിര്‍മ്മാണ കമ്പനിയായ നീലം പ്രൊഡക്ഷന്‍സിന്റെ ഭാഗമായ നീലം കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന പി കെ റോസി ഫിലിം ഫെസ്റ്റിവെല്ലിലേയ്ക്കും പ്രൈവറ്റ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏപ്രില്‍ എട്ട് മുതല്‍ 12 വരെയാണ് പി കെ റോസി ഫിലിം ഫെസ്റ്റിവെല്‍ ചെന്നൈയില്‍ വെച്ച് നടക്കുക. മലയാളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക സിനിമായാണ് പ്രൈവറ്റ്.
സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ പ്രൈവറ്റിന്റെ റിലീസ് ഉള്‍പ്പെടെ വൈകിച്ചത് നേരത്തെ വിവാദമായിരുന്നു. 2025 ആഗസ്റ്റ് ഒന്നിന് നിശ്ചയിച്ചിരുന്ന പ്രെെവറ്റിന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് ഒക്ടോബര്‍ 10 നായിരുന്നു തിയേറ്ററുകളിലെത്തിയത്. നിരവധി വെട്ടലുകള്‍ നിര്‍ദ്ദേശിച്ചായിരുന്നു സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്.
വിചിത്രമായ ന്യായങ്ങള്‍ നിരത്തിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രൈവറ്റിന് കത്രിക വെച്ചത്. പൗരത്വ ബില്‍, ഹിന്ദി സംസാരിക്കുന്നവര്‍, ബിഹാര്‍, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഭാഗങ്ങള്‍ മ്യൂട്ട് ചെയ്താണ് സിനിമ തിയേറ്ററുകളിലെത്തിയത്. ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി അടക്കമുള്ളവര്‍ക്കായി സിനിമയുടെ ടെയ്ല് എന്‍ഡില്‍ ഉണ്ടായിരുന്ന ശ്രദ്ധാഞ്ജലി റീ എഡിറ്റ് ചെയ്യാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.
ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരാണ് പ്രൈവറ്റില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ഡിയോണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സി ഫാക്ടര്‍ ദ എന്റര്ടെയ്ന്മെന്റ് കമ്പനിയുടെ ബാനറില്‍ വി കെ ഷബീറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മമ്മൂട്ടി ചിത്രമായ കളങ്കാവന് അടക്കം നിരവധി ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍. നവാഗതനായ അശ്വിന് സത്യയാണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. എഡിറ്റര്‍-ജയകൃഷ്ണന്, വസ്ത്രാലങ്കാരം-സരിത സുഗീത്, മേക്കപ്പ്-ജയന് പൂങ്കുളം, ആര്‍ട്ട് മുരളി-ബേപ്പൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍-സുരേഷ് ഭാസ്കര്‍, സൗണ്ട് ഡിസൈന്‍-അജയന് അടാട്ട്, സൗണ്ട് മിക്സിംഗ്- പ്രമോദ് തോമസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-നിജില്‍, സ്റ്റില്‍സ്-അജി കൊളോണിയ, പിആര്‍ഒ-എ എസ് ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയില്‍.
Content Highlights: Indran-Meenakshi Anoop movie Private selected for Moscow International Film Festival 2026 . The movie were subjected to unreasonable cuts from Censor Board