നടനും ടിവികെ അധ്യക്ഷനുമായ വിജയിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ അസിസ്റ്റന്റ് സെൽവ രാജ്. വിജയ്യുടെ കൂടെ വർഷങ്ങളായി ഒപ്പം ഉണ്ടായിരുന്നതായും അദ്ദേഹം കാരണം ഇല്ലാതെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്നും സെൽവ പറയുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ വിജയ് കാരണമില്ലാതെ മുഖത്ത് അടിച്ചുവെന്നും നെഞ്ചിൽ ആഞ്ഞ് ചവിട്ടിയെന്നും സെൽവ പറഞ്ഞു. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സെല്വം ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്.
'ആർട്ടിസ്റ്റിന് ആവശ്യമായ ഫുഡ് അടക്കം എല്ലാം ചെയ്ത് കൊടുക്കണം അതാണ് പ്രൊഡക്ഷൻ അസിസ്റ്റന്റിന്റെ ജോലി. വിജയ് സാറിന്റെ അച്ഛന്റെ പ്രൊഡക്ഷൻ കമ്പനിയിൽ ആദ്യം എനിക്ക് ജോലി കിട്ടി. അന്ന് അഞ്ഞൂറ് രൂപയായിരുന്നു കൂലി. അറുപത് പടത്തിൽ എസ്എ ചന്ദ്രശേഖറിനൊപ്പം ഞാൻ ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ഞാൻ വിജയ് സാറിന്റെ സിനിമകളിൽ പ്രവർത്തിച്ച് തുടങ്ങിയത്. പതിനഞ്ച് വയസ് മുതൽ വിജയ് സാറിനെ എനിക്ക് അറിയാം.
വിജയ് സാറിന്റെ അച്ഛനാണ് എന്റെ വിവാഹം നടത്തി തന്നത്. വേലയുധം സിനിമയിൽ പ്രൊഡക്ഷനിൽ ഞാൻ ജോലി ചെയ്തിരുന്നു. വിജയ് സാറിന്റെ ഭക്ഷണ കാര്യമെല്ലാം ഞാൻ തന്നെയാണ് ശ്രദ്ധിച്ചിരുന്നത്. ഞാൻ തന്നെയാണ് ആ ജോലി വിജയ് സാറിനോട് ചോദിച്ച് വാങ്ങിയത്. പേഴ്സണൽ അസിസ്റ്റന്റാക്കും മുമ്പ് ചില കണ്ടീഷൻസൊക്കെ അദ്ദേഹം വെച്ചിരുന്നു. എല്ലാത്തിനും ഞാൻ സമ്മതം പറഞ്ഞു. പക്ഷെ വിജയ് സാറിനൊപ്പമുള്ള മറ്റുള്ളവർക്ക് ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റായത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്നലെ വന്നവൻ വിജയ് സാറിനോട് കൂടുതൽ അടുക്കുന്നുവെന്ന തോന്നൽ അവരിലുണ്ടാക്കി. അതുകൊണ്ട് തന്നെ ആ ജോലി തെറിപ്പിക്കാൻ വേണ്ടതെല്ലാം അവരിൽ ചിലർ ചെയ്ത് തുടങ്ങി. ഒരു ദിവസം അദ്ദേഹത്തോട് ഇതെല്ലാം ഞാൻ തുറന്ന് പറഞ്ഞു. അത് അവരറിയുകയും ടോർച്ചർ വർധിച്ചു. പിന്നീട് വിജയ് സാർ തന്നെ എന്നോട് അതൃപ്തി കാണിച്ച് തുടങ്ങി.
ഒരു ദിവസം സാറിനുള്ള ഫുഡ് എല്ലാം റെഡിയാക്കി ടേബിളിന് മുകളിൽ കൊണ്ട് വെച്ച് ഞാൻ അവിടെ വെയിറ്റ് ചെയ്യുവാണ്. വിജയ് സാർ തൊട്ട് അടുത്തുള്ള ഒരു റൂമിൽ ആരോടോ ദേഷ്യപെട്ട് ഫോണിൽ സംസാരിക്കുന്നത് കേൾക്കാം. പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് മുറിക്ക് പുറത്ത് ഇറങ്ങി വളരെ ദേഷ്യത്തോടെ ഡോർ അടച്ച് ഭക്ഷണം കഴിക്കാൻ വന്ന് ഇരുന്നു. അപ്പോഴും ആരോടോ ഉള്ള ദേഷ്യം സാറിന്റെ മുഖത്ത് കാണാം. ഞാൻ ഒന്നും മിണ്ടാതെ കൈ കെട്ടി കുറച്ച് നീങ്ങി നിന്നു. ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ പുള്ളി അങ്ങ് എണീറ്റ് വന്ന് എന്റെ മുഖം അടക്കി അടിച്ചു. അടിയുടെ ശക്തിയിൽ തൊട്ട് അപ്പുറത്തെ സോഫയിലേക്ക് വീണ എന്റെ നെഞ്ചത്തേക്ക് ഒരു തവണ ആഞ്ഞ് ചവിട്ടി.
ശേഷം പുള്ളി പോയി കൈ കഴുകി. അതിനുശേഷവും ഞാൻ അവിടെ പിടിച്ച് നിന്നത് എനിക്ക് ഒരു മകളുണ്ട് അവളുടെ കല്യാണ പ്രായം എത്തിയിരിക്കുന്നു ഇത്രയും കാലം കൂടെ ഉണ്ടായിരുന്ന ആൾ എന്ന നിലക്ക് മകളുടെ കല്യാണത്തിന് എന്തെങ്കിലും സഹായം ചെയ്യുമെന്ന് കരുതിയാണ്. എന്നാൽ വിജയ് സാർ കല്യാണത്തിന് ഒന്നും വന്നത് പോലും ഇല്ല. ഇന്റർവ്യൂവിന് പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്റെ ഭാര്യ എന്നോട് പറഞ്ഞത് പോകേണ്ടെന്നും ഇതൊന്നും പറയരുത് എന്നുമാണ്.
അത് വിജയ് സാറിന്റെ അച്ഛനോട് ഉള്ള കടപ്പാടാണ്. സാറിന്റെ അച്ഛൻ ഡയറക്ട് ചെയ്ത 60 പടങ്ങളിലും കൂടെ ഉണ്ടായിരുന്ന ആളാണ് ഞാൻ. എനിക്ക് ഇപ്പോഴും വിജയ് സാറിനോട് ഒരു ദേഷ്യവും ഇല്ല പക്ഷെ ആ സംഭവം ഒക്കെ കഴിഞ്ഞ് കുറേ കാലം കഴിഞ്ഞ് യാതൊരു കാരണവും പറയാതെ വിജയ് സാർ എന്നെ പിരിച്ച് വിട്ട് വേറെ അസിസ്റ്റന്റ് ടീമിനെ നിയമിച്ചത് കൊണ്ട് ഞാൻ ഇന്ന് നടുതെരുവിൽ നിൽക്കുകയാണ്. വിജയ് തിരിച്ച് വിളിച്ചാൽ പോലും താൻ ജോലിക്ക് പോകും എന്ന് പറഞ്ഞു കൊണ്ടാണ് സെൽവം അവസാനിപ്പിക്കുന്നത്.
Content Highlights: Former assistant Selvaraj makes a serious allegation involving actor Vijay. Claims he hit the actor in the face without any specific provocation. Statement has sparked debate across Kollywood circles and social media.