മലയാളം കടന്ന് ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് കനി കുസൃതി. നടിയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം അസ്സി തിയേറ്ററിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ന്യൂഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായ പരിമ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.മലയാള സിനിമയിൽ നിന്നും ബോളിവുഡിൽ എത്തിയ ആദ്യ നാളുകളെ കുറിച്ചും, ഹിന്ദി സിനിമ സ്വീകരിക്കാൻ ആദ്യം വിസമ്മതിച്ചതിനെകുറിച്ചും തുറന്ന് പറയുകയാണ് കനി ഇപ്പോൾ. ബോളിവുഡില് നിന്നും കഥകൾ എത്തുമ്പോൾ അവരോട് തന്നെ കാസ്റ്റ് ചെയ്യരുതെന്നാണ് പറയാറുള്ളതായി കനി പറയുന്നു. കാരണം നടി വ്യക്തമാക്കി.സ്ക്രീനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയില്ല. ചിത്രത്തിലെ എല്ലാ ഭാഗങ്ങളും എനിക്ക് ചെയ്യാൻ കഴിയണമെന്നില്ല. ദയവായി എന്നെ കാസ്റ്റ് ചെയ്യരുത് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അനുഭവ് 'അസി'ലെ എന്റെ കഥാപാത്രത്തെ കേരളത്തിൽ നിന്നുള്ള സ്ത്രീയാക്കിമാറ്റുകയായിരുന്നു. അല്ലെങ്കിൽ അത് ഒരുപക്ഷെ വടക്കേ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് നിന്നോ അല്ലെങ്കിൽ ഡൽഹിയിൽ നിന്നോ ആകണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.
എനിക്ക് വരികൾ പോലും പഠിക്കാൻ കഴിയില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അവ മനസ്സിലാക്കാൻ പോലും എനിക്ക് വളരെയധികം സമയമെടുക്കും. സംസ്കാരത്തിലും മറ്റ് പല കാര്യങ്ങളിലും ഞാൻ ഒരു തനി മലയാളിയാണ്. ഞാൻ ഇപ്പോഴും മലയാളത്തിലാണ് ചിന്തിക്കുന്നത്. ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ പോലും ഞാൻ ആദ്യം മലയാളത്തിൽ ചിന്തിച്ചാണ് വിവർത്തനം ചെയ്യുന്നത്' കനി കുസൃതി പറഞ്ഞു.
കേരളത്തിൽ ഒരു മാറ്റം തനിക്ക് കാണാൻ കഴിയുന്നതായും കനി അഭുമുഖത്തിൽ പറഞ്ഞു. 'പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയുടെ സെറ്റിലേക്ക് പോയാൽ വളരെ കുറച്ച് സ്ത്രീ അഭിനേതാക്കളാവും ഉണ്ടാവുക. എന്നാൽ കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ മുംബൈയിൽ സെറ്റിൽ കൂടുതൽ സ്ത്രീകൾ ഉള്ളതായി കാണാറുണ്ട്. കേരളത്തിൽ പലപ്പോഴും ഏതെങ്കിലും ഒരു വനിതാ അസിസ്റ്റന്റ് ഡയറക്ടറെ മാത്രമേ നിങ്ങൾക്ക് സെറ്റിൽ കാണാൻ സാധിക്കുകയുള്ളൂ. അതുപോലും വളരെ അടുത്ത കാലത്താണ് ഉണ്ടായത്. മുമ്പ് അവർക്ക് ശമ്പളം ലഭിക്കുകയോ സെറ്റിൽ വാഷ്റൂം സൗകര്യങ്ങൾ പോലും ലഭിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇന്ന് വുമൺ ഇൻ സിനിമ കലക്ടീവ് ഉള്ളതിനാൽ ആളുകൾ അവരുടെ അവകാശത്തിനായി സംസാരിക്കുന്നു. അത് പലർക്കും അവരുടെ കഴിവുകൾ പുറത്തു കൊണ്ടുവരാനുള്ള സംരക്ഷണവും നൽകുന്നു,' കനി കൂട്ടിച്ചേർത്തു.
Content Highlights: National Award-winning actress Kani Kusruthi reveals she was once told not to be cast in Bollywood films. She speaks about subtle and direct discouragement she faced regarding opportunities in Hindi cinema. The comment highlights larger conversations about industry bias and gatekeeping.