കന്നഡയില്‍ നിന്ന് മലയാളത്തിലേക്ക് എത്തിയ നടിയാണ് മേഘന രാജ്. യക്ഷിയും ഞാനും, ബ്യൂട്ടിഫുൾ എന്നീ സിനിമകളിലൂടെയാണ് മേഘ്ന മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടുന്നത്. ഒട്ടനവധി ചിത്രങ്ങളിലാണ് വിവിധ ഭാഷകളിലായി മേഘ്ന വേഷമിട്ടിട്ടുള്ളത്. അന്തരിച്ച കന്നഡ സൂപ്പര്‍താരം ചിരഞ്ജീവി സര്‍ജ ആയിരുന്നു നടി മേഘ്ന രാജിന്റെ ജീവിതപങ്കാളി. ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണം മേഘ്നയ്ക്ക് വലിയ ആഘാതമായിരുന്നു. മേഘ്ന നാല് മാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജ മരിക്കുന്നത്. അന്ന് താൻ അനുഭവിച്ച വിഷമവും അതിൽ നിന്ന് എങ്ങനെ പുറത്തുവന്നുവെന്നും പറയുകയാണ് നടി. ആ സമയത്ത് പോലും തന്നെ മോശമായി ട്രീറ്റ് ചെയ്തവരുണ്ടെന്നും അവരോട് ജീവിതത്തിൽ ഒരിക്കലും പൊറുക്കില്ലെന്നും നടി കൂട്ടിച്ചേർത്തു. റയാൻ മിഥുനുമായുള്ള പോഡ്കാസ്റ്റിലാണ് നടിയുടെ പ്രതികരണം.
'മാതാപിതാക്കളില്ലായിരുന്നെങ്കിൽ ആ സമയം എനിക്ക് അതിജീവിക്കാൻ പറ്റുമായിരുന്നില്ല. ഒരു ചെറിയ കുട്ടിയെ പോലെ അവരെന്നെ നോക്കി. പക്ഷെ ആ സമയത്ത് എന്നെ വളരെ മോശമായി ട്രീറ്റ് ചെയ്തവരുമുണ്ട്. ഇന്ന് ഞാനവരുടെ പേര് പറയുന്നില്ല. എനിക്കെന്ത് സംഭവിച്ചു എന്നത് അവർ തിരസ്കരിച്ചു. ഞാൻ കടന്ന് പോകുന്നത് എന്തിലൂടെയാണെന്ന് അവർ മനസിലാക്കിയില്ല. അവർ കടന്ന് പോകുന്നതാണ് എനിക്ക് സംഭവിച്ചതിലും മോശമാണെന്ന് അവർ കരുതി. അത്തരം കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. സംഭവിച്ച കാര്യങ്ങൾ മറക്കാനോ പൊറുക്കാനോ കഴിയില്ല.
ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. സുഹൃത്തുക്കളോടും പബ്ലിക്കിനോടും ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതിനെക്കുറിച്ചെല്ലാം ആലോചിച്ചു. പെട്ടെന്ന് തന്നെ ഗർഭകാലം ഒരു സർവെെവൽ ആയി മാറി. കുഞ്ഞിനെ ആരോഗ്യത്തോടെ ജന്മം നൽകാനുള്ള സർവെെവൽ. നമ്മൾ ചിന്തിക്കുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് എല്ലാവരും പറയും. അപ്പോൾ നിർബന്ധിതമായി സന്തോഷിക്കാൻ നോക്കും. ഇന്ന് വരെയും മകൻ ഇല്ലായിരുന്നെങ്കിൽ മേഘ്ന എന്ന വ്യക്തി ഉണ്ടാകില്ലായിരുന്നു.
പൊതു ഇടത്തിൽ ചിരിക്കാന്‍ പോലും എനിക്ക് ഭയമായിരുന്നു. കുഞ്ഞ് ജനിക്കുന്നത് വരെ അവന് ജന്മം നല്‍കണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാന്‍ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം. മനസില്‍ അത് മാത്രമായിരുന്നു. അവന് ജനിച്ചതോടെ എന്റെ ജീവിതം പല തരത്തില്‍ മാറി. സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു. പിന്നീട് എനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കണമെന്ന് തീരുമാനിച്ചു,' മേഘ്ന പറഞ്ഞു.
Content Highlights: Actress Meghana Raj has publicly shared how difficult her pregnancy journey was emotionally and mentally, especially after losing her husband, actor Chiranjeevi Sarja, in June 2020 when she was around five months pregnant. She described feeling at her “lowest” after his death, yet focused on protecting her unborn child as a primary concern.