രജനിയ്ക്കായി എഴുതി, ഇനി നായകൻ സൂര്യ; സിമ്പു ചിത്രത്തിന് മുൻപ് വമ്പൻ സിനിമയുമായി ആ ഹിറ്റ് സംവിധായകൻ

നേരത്തെ സുന്ദർ സി പിന്മാറിയതിന് പിന്നാലെ കമൽ ഹാസൻ നിർമിക്കുന്ന രജനി സിനിമയുടെ സംവിധാന സ്ഥാനത്തേക്ക് അശ്വത് എത്തുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു

ഡ്രാഗൺ, ഓ മൈ കടവുളേ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംവിധായകനാണ് അശ്വത് മാരിമുത്തു. ഡ്രാഗണിന്റെ വമ്പൻ വിജയത്തിന് ശേഷം സിലമ്പരശനെ നായകനാക്കി ഒരു സിനിമ അശ്വത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സിമ്പു വെട്രിമാരൻ ചിത്രം അരസന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആയതിനാൽ ഈ ചിത്രം നീട്ടിവെക്കുകയായിരുന്നു. ഇപ്പോഴിതാ സിമ്പു ചിത്രത്തിന് മുൻപ് സുര്യയുമൊത്ത് കൈകോർക്കാൻ ഒരുങ്ങുകയാണ് അശ്വത്.

നേരത്തെ സുന്ദർ സി പിന്മാറിയതിന് പിന്നാലെ കമൽ ഹാസൻ നിർമിക്കുന്ന രജനി സിനിമയുടെ സംവിധാന സ്ഥാനത്തേക്ക് അശ്വത് എത്തുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. രജനികാന്തിനെ കണ്ട് ഒരു കഥയും അശ്വത് പറഞ്ഞിരുന്നു. ഈ കഥയാണ് സൂര്യ ചിത്രമായി മാറാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. സൂര്യയ്ക്കായി കഥയിൽ ചില മാറ്റങ്ങൾ വരുത്തിയെന്നും തിരക്കഥ നടന് വളരെയധികം ഇഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. സിലമ്പരശൻ ചിത്രത്തിന് മുൻപ് ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, സിലമ്പരശൻ നായകനായി എത്തുന്ന ചിത്രം ഒരു ഫാന്റസി കൊമേർഷ്യൽ എന്റർടൈയ്നർ ആയിട്ടാണ് ഒരുങ്ങുന്നത്. സിലമ്പരശൻ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്.

ചിത്രത്തില്‍ 'ഗോഡ് ഓഫ് ലവ്' എന്ന റോളിലായിരിക്കും എസ്ടിആര്‍ എത്തുക എന്നാണ് വിവരം. എസ്ടിആറിന്റെ 2004-ലെ ഹിറ്റ് ചിത്രമായ 'മൻമഥൻ' എന്ന പേരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സിനിമ എന്നും സൂചനകളുണ്ട്. കറുപ്പ് ആണ് ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. അടുത്തിടെ റീലീസ് ചെയ്ത നടന്റെ കങ്കുവ, റെട്രോ തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററിൽ വിജയമായിരുന്നില്ല. അതിനാൽ തന്നെ കറുപ്പിലൂടെ സൂര്യയുടെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

Content Highlights: Ashwath Marimuthu to direct suriya before silambarasan, a script initially wrote for rajinikanth

To advertise here,contact us