'തമാശ പറഞ്ഞ് ഇരുന്നിട്ട് ലാലേട്ടൻ നേരെ പോയി എടുത്ത ഷോട്ട്'; വില്ലനിലെ ഐകോണിക്ക് സീനിനെക്കുറിച്ച് ഉണ്ണികൃഷ്ണൻ

'അതിന് അദ്ദേഹത്തെ ഒന്ന് അഭിനന്ദിക്കാൻ പോലും അദ്ദേഹം എനിക്ക് അവസരം തന്നില്ല. ഞാൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചപ്പോൾ അദ്ദേഹം എന്റെ ചെവിയിൽ ഒരു തമാശ പറഞ്ഞു'

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ത്രില്ലർ ചിത്രമാണ് വില്ലൻ. സിനിമയിൽ മോഹൻലാൽ കരഞ്ഞുകൊണ്ട് ചിരിക്കുന്ന ഒരു ഐക്കോണിക്ക് ഷോട്ട് ഉണ്ട്. ഇന്നും നിരവധി പേർ എടുത്തുപറയുന്ന ആ ഷോട്ടിന് പിന്നിലെ കഥ പറയുകയാണ് ബി ഉണ്ണികൃഷ്ണൻ. ചിരിച്ച് തമാശ പറഞ്ഞിരുന്നിട്ട് മോഹൻലാൽ പോയി ചെയ്ത സീനാണ് അതെന്ന് പറയുകയാണ് ബി ഉണ്ണികൃഷ്ണൻ. നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന പ്രതിഛായ എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ.

'ഇപ്പോൾ ഐക്കോണിക്ക് ആയി എല്ലാവരും പറയുന്ന ആ ഷോട്ട് ചെയ്യുന്നതിന് മുൻപ് തമാശ പറഞ്ഞിരുന്നിട്ട് അദ്ദേഹം പോയി ചെയ്ത സീൻ ആണത്. അതിന് അദ്ദേഹത്തെ ഒന്ന് അഭിനന്ദിക്കാൻ പോലും അദ്ദേഹം എനിക്ക് അവസരം തന്നില്ല. ഞാൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചപ്പോൾ അദ്ദേഹം എന്റെ ചെവിയിൽ ഒരു തമാശ പറഞ്ഞു. ആ തമാശ എന്താണെന്ന് ഞാൻ ആവർത്തിക്കുന്നില്ല. അങ്ങനെയുള്ള ഒരു മാജിക് മോഹൻലാലിനുണ്ട്. നിവിനും അങ്ങനെ ഒരു കഴിവുണ്ട്. ഞാൻ ധൈര്യപൂർവം പറയുന്നു നിവിൻ ഗംഭീര പ്രകടനമാണ് സിനിമയിൽ നടത്തിയിരിക്കുന്നത് അത് സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും', ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ.

രാശി ഖന്ന, വിശാൽ, ഹൻസിക, സിദ്ധിഖ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന സിനിമയാണ് വില്ലൻ. ഒരു ഇമോഷണൽ ക്രൈം ഡ്രാമയായി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചതെങ്കിലും തിയേറ്ററിൽ തിളങ്ങാനായില്ല. എന്നാൽ സിനിമയുടെ ഡിജിറ്റൽ റിലീസിന് ശേഷം ചിത്രത്തിന് വലിയ ആരാധകരുണ്ടായി.

അതേസമയം, നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. സിനിമയുടെ ടൈറ്റിലും ട്രെയ്‌ലറും മോഹൻലാൽ കഴിഞ്ഞ പുറത്തിറക്കിയിരുന്നു. പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. കേരളം ഏറെ ചർച്ചചെയ്ത പല വിവാദങ്ങളും ട്രെയിലറിൽ കാണാം. പെരുന്നാൾ റിലീസായി ചിത്രം തിയയറ്ററുകളിലെത്തും എന്നാണ് സൂചന.

വില്ലനിലെ ആ ഷോട്ട് എടുക്കുന്നതിന് മുൻപ് തമാശ പറഞ്ഞ് ടേക്ക് എന്ന് പറഞ്ഞപ്പോ ലാലേട്ടൻ പോയി ചെയ്ത ഷോട്ടാണ്... ലാലേട്ടൻ ഓടിച്ചെന്നപ്പോ കെട്ടിപിടിച്ച് എന്റെ ചെവിയിൽ ഒരു തമാശ പറഞ്ഞു... ആ തമാശ ഞാൻ ഇവിടെ പറയുന്നില്ല... ബി ഉണ്ണികൃഷ്ണൻ..#BUnnikrishnan #prathichaya #nivinpauly #Mohanlal pic.twitter.com/h8DlEvsVe1

വൻതാരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: B Unnikrishnan talks about Mohanlal's iconic scene in Villain movie

To advertise here,contact us